പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.

കൊച്ചി: കൊച്ചി നഗരത്തെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. ശത്രുതയിലായിരുന്ന രണ്ട് സംഘങ്ങൾ തമ്മിൽ നടന്ന അടിപിടിയാണ് കൊലപാതകത്തിലെത്തിയത്. പുലർച്ചെ ഒന്നരമണിക്കാണ് സംഭവം. തമ്മനം സ്വദേശി സജുനാണ് കൊലപ്പെട്ടത്. പ്രതി കിരണിനെ പൊലീസ് പിടികൂടി. നഗരമധ്യത്തിലുള്ള കലൂർ ചമ്മണി റോഡിലാണ് സംഭവം. 

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്ന രണ്ട് സംഘങ്ങളിൽ പെട്ടവരാണ് കിരണും സജുനും. എന്നാൽ ഇന്നലെ കിരണിന്‍റെ സഹോദരൻ കെവിൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം. ഇത് ചോദ്യം ചെയ്യാനായി സജുനും സുഹൃത്തുക്കളും എത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. കൊലപാതകത്തിനിടെ പരിക്കേറ്റ കിരണും ആശുപത്രിയിൽ ചികിത്സയിലാണ്. 

സുഹൃത്തുക്കൾ തമ്മിലെ പണമിടപാടുമായി ബന്ധപ്പെട്ട ഇരുവരും തമ്മിൽ രണ്ട് വർഷത്തിലധികമായി പ്രശ്നങ്ങളുണ്ട്. ചേരാനെല്ലൂർ പൊലീസ് സ്റ്റേഷനിൽ ഇതിനെ സംബന്ധിച്ച കേസ് നിലനിൽക്കെയാണ് കൊലപാതകം. പ്രതികളുടെ ലഹരി ഉപയോഗം സംബന്ധിച്ച് സൂചനകളില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഓഗസ്റ്റ് പത്ത് മുതൽ ഇന്നേക്ക് അഞ്ച് കൊലപാതകങ്ങളാണ് നഗരപരിധിയിൽ നടന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് ക്രിമിനൽ സംഘങ്ങൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് വ്യക്തമാക്കി.

YouTube video player

ഓട്ടോയും ലോറിയും കൂട്ടിയിടിച്ചു, ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടെ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

ദേശീയപാതയിൽ അങ്കമാലിയിൽ വെച്ച് നടന്ന വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ഓട്ടോയും ടാങ്കറും കൂട്ടിയിടിച്ചാണ് ജോലിസ്ഥലത്തേക്കുള്ള യാത്രക്കിടെ പെരുമ്പാവൂർ സ്വദേശികളായ ത്രേസ്യാമ , ഡീന എന്നിവർ മരിച്ചത്. ജോലിയെടുക്കുന്ന തുണിക്കടയുടെ കാന്‍റിനിലേക്ക് ഓട്ടോയിൽ വന്നിറങ്ങുമ്പോഴാണ് നിയന്ത്രണം വിട്ട ലോറി ഓട്ടോയുടെ പിന്നിൽ വന്നിടിച്ചത്. പരിസരത്ത് നിന്ന കെ എസ് ആർ ടി സി ജീവനക്കാരനും,ഓട്ടോ ഡ്രൈവർക്കും,വഴിയാത്രക്കാരിക്കും പരിക്കേറ്റു.