കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. ഗവർണർ നയപ്രസംഗം മുഴുവൻ വായിച്ചത് മുഖ്യമന്ത്രിയും ആർഎസ്എസും തമ്മിലുള്ള ധാരണപ്രകാരമാണെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനക്കെതിരെയാണ് റഹീം രംഗത്തെത്തിയത്. എന്ത് തെളിവിന്‍റെയും വിവരത്തിന്‍റെയും അടിസ്ഥാനത്തിലാണ് ഇത്തരം ആരോപണം ഉന്നയിക്കാൻ തയാറായതെന്നു മുല്ലപ്പള്ളി വ്യക്തമാക്കണമെന്നും റഹീം ആവശ്യപ്പെട്ടു.

രാജ്യം അസാധാരണമായ സാഹചര്യം നേരിടുമ്പോഴും മുല്ലപ്പള്ളി കമ്മ്യൂണിസ്റ്റു വിരുദ്ധതയിൽ ആത്മരതി ആസ്വദിക്കുകയാണ്. എല്ലാവരും ഒരുമിച്ച് നിന്ന് ഒറ്റക്കെട്ടായി എൻപിആർ ബഹിഷ്കരിക്കുക മാത്രമാണ് പൗരത്വ പട്ടിക എന്ന അപകടത്തെ ചെറുക്കാനുള്ള ഒരേ ഒരു പോംവഴി. രാജ്യത്തെ ജനങ്ങൾ എൻപിആറിനെ കുറിച്ചും പൗരത്വ പട്ടികയെക്കുറിച്ചും ആശങ്കപ്പെടുമ്പോൾ താങ്കൾ കമ്മ്യുണിസ്റ്റ് വിരുദ്ധത ലഹരി പോലെ ആസ്വദിക്കുകയാണ്.

മതേതര ഇന്ത്യയെ രക്ഷിക്കാൻ എല്ലാ ജനാധിപത്യ പാർട്ടികളും ഒരുമിച്ചു നിൽക്കേണ്ട കാലത്തു പിണറായിയുടെ ചോരക്കു ദാഹിച്ചലയുന്ന താങ്കൾക്ക് കാര്യമായ തകരാറുണ്ട്. സോണിയാ ഗാന്ധിയും എ കെ ആന്‍റണിയും മനസ്സിലാക്കിയതും പറഞ്ഞതും മനസ്സിലാക്കാനാകാത്ത മുല്ലപ്പള്ളിയുടെ മാനസികാവസ്ഥ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണെന്നും റഹീം വിമര്‍ശിച്ചു.

എഎ റഹീമിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

രാജ്യം അസാധാരണമായ പ്രതിസന്ധി നേരിടുമ്പോഴും മുല്ലപ്പള്ളി കമ്മ്യൂണിസ്റ്റു വിരുദ്ധതയിൽ ആത്മരതി ആസ്വദിക്കുകയാണ്. ഗവർണർ നയപ്രസംഗം മുഴുവൻ വായിച്ചത് മുഖ്യമന്ത്രിയും ആർഎസ്എസും തമ്മിലുള്ള ധാരണപ്രകാരമാണ് എന്നാണ് അദ്ദേഹത്തിന്‍റെ പുതിയ വെളിപാട്. എന്ത് തെളിവിന്‍റെയും വിവരത്തിന്‍റെയും അടിസ്ഥാനത്തിലാണ് ഇത്തരം ആരോപണം ഉന്നയിക്കാൻ തയാറായതെന്നു മുല്ലപ്പള്ളി വ്യക്തമാക്കണം.

പൗരത്വ രെജിസ്റ്റർ 2024 ൽ രാജ്യത്തു നടപ്പിലാക്കുമെന്നു ബിജെപി പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനു മുന്നോടിയായി എൻപിആർ നടപടികൾ രാജ്യത്ത് കേന്ദ്രസർക്കാർ തുടരുകയാണ്. എൻപിആർ പൂർത്തിയായാൽ സ്വാഭാവികമായും പൗരത്വ പട്ടിക അവർ തയ്യാറാക്കും. എൻപിആർ എന്ന കടമ്പ കടക്കാതെ കേന്ദ്ര സർക്കാരിന് പൗരത്വ പട്ടികയിലേക്ക് കടക്കാനാകില്ല.

എല്ലാവരും ഒരുമിച്ച് നിന്ന് ഒറ്റക്കെട്ടായി എൻപിആർ ബഹിഷ്കരിക്കുക മാത്രമാണ് പൗരത്വ പട്ടിക എന്ന അപകടത്തെ ചെറുക്കാനുള്ള ഒരേ ഒരു പോംവഴി. രാജ്യത്താദ്യമായി എൻപിആർ ബഹിഷ്കരിക്കണം എന്ന് തീരുമാനിച്ച പാർട്ടി സിപിഐ(എം) ആണ്. എൻപിആർ നടപ്പിലാക്കില്ല എന്ന് പിണറായി സർക്കാർ പ്രഖ്യാപിച്ചും കഴിഞ്ഞു. ഏപ്രിൽ ഒന്നു മുതലാണ് എൻപിആർ സർവേ രാജ്യത്ത് ആരംഭിക്കാൻ പോകുന്നത്. സമയം വൈകിക്കഴിഞ്ഞു. കോൺഗ്രസ്സ് ഇതുവരെ ഒരക്ഷരം എൻപിആർ ബഹിഷ്കരണത്തെ കുറിച്ച് മിണ്ടിയിട്ടില്ല മാത്രവുമല്ല, നിയമമായാൽ അത് നടപ്പാക്കേണ്ടി വരും എന്ന സൂചനകൾ ചില മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ നൽകുകയും ചെയ്തു.

രാജ്യത്തെ ജനങ്ങൾ എൻപിആറിനെ കുറിച്ചും പൗരത്വ പട്ടികയെക്കുറിച്ചും ആശങ്കപ്പെടുമ്പോൾ താങ്കൾ കമ്മ്യുണിസ്റ്റ് വിരുദ്ധത ലഹരി പോലെ ആസ്വദിക്കുകയാണ്. ആർഎസ്എസ് കേന്ദ്ര സർക്കാരിലൂടെ നടപ്പിലാക്കുന്നത് അവരുടെ പ്രത്യയ ശാസ്ത്ര പദ്ധതിയാണ്. ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റുകയാണ് അവർ. ആദ്യം മുസ്ലീങ്ങളെയും പിന്നെ, ക്രിസ്ത്യാനികളെയും, തുടർന്ന് കമ്മ്യൂണിസ്റ്റുകളെയും ഇവിടെ നിന്നും തുരത്തുമെന്നത് ആർഎസ്എസ് പണ്ടേ പ്രഖ്യാപിച്ചതാണ്. സംഘപരിവാർ സ്വപ്നമായ മതരാഷ്ട്രത്തിനായാണ് CAA നിയമം.

എൻപിആർ നടപടികൾ പൂർത്തിയാക്കി പൗരത്വ പട്ടികയിലേക്ക് കടക്കാതെ മതേതര ഇന്ത്യയെ രക്ഷിക്കാൻ എല്ലാ ജനാധിപത്യ പാർട്ടികളും ഒരുമിച്ചു നിൽക്കേണ്ട കാലത്തു പിണറായിയുടെ ചോരക്കു ദാഹിച്ചലയുന്ന താങ്കൾക്ക് കാര്യമായ തകരാറുണ്ട്. സോണിയാ ഗാന്ധിയും എ കെ ആന്റണിയും മനസ്സിലാക്കിയതും പറഞ്ഞതും മനസ്സിലാക്കാനാകാത്ത മുല്ലപ്പള്ളിയുടെ മാനസികാവസ്ഥ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.