ഇന്നത്തെ ലീഗിൽ ആത്മാഭിമാനമുള്ള യുവതികൾക്കും പെൺകുട്ടികൾക്കും തുടരാനാകില്ല. ലീഗിൻ്റേത് താലിബാനെ അനുസ്മരിപ്പിക്കുന്ന സമീപനം.

തിരുവനന്തപുരം: ലീഗിൽ ആണുങ്ങളുടെ ആൾക്കൂട്ട ആക്രമണമാണ് നടക്കുന്നതെന്ന് ഡിവൈഎഫ്ഐ നേതാവ് എ എ റഹീം. പെണ്ണ് പറയാറായോ എന്ന ഭാവമാണ് ലീഗ് നേതൃത്വത്തിനെന്നും സംഭവത്തിൽ യൂത്ത് കോൺഗ്രസ് അഭിപ്രായം പറയണമെന്നും റഹീം ആവശ്യപ്പെട്ടു. സ്ത്രീ വിരുദ്ധതയുടെ ബ്രാൻ്റ് അംബാസിഡറായി ലീഗ് നേതൃത്വം മാറിയെന്നും എ എ റഹീം പറഞ്ഞു. 

ഇന്നത്തെ ലീഗിൽ ആത്മാഭിമാനമുള്ള യുവതികൾക്കും പെൺകുട്ടികൾക്കും തുടരാനാകില്ല. ലീഗിൻ്റേത് താലിബാനെ അനുസ്മരിപ്പിക്കുന്ന സമീപനം. ലീഗിൻ്റെ ഭാഗമായി ഇപ്പോഴും നിൽക്കുന്നവരെ ഡിവൈഎഫ്ഐയിലേക്ക് സ്വാഗതം ചെയ്യേണ്ട കാര്യമില്ല. നർക്കോട്ടിക്ക് ജിഹാദ് സംഘപരിവാർ സൃഷ്ടിയാണ്. യൂത്ത് കോൺഗ്രസും കോൺഗ്രസിനൊപ്പം തകർച്ചയുടെ പടുകുഴിയിൽ വീഴുമെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ റഹീം പറഞ്ഞു.

ലീഗ് നേതൃത്വത്തിന് എതിരെ രൂക്ഷവിമര്‍ശനവുമായി ഹരിത മുന്‍ ഭാരവാഹികള്‍ രംഗത്തെത്തിയിരുന്നു. രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുകയാണ് തങ്ങളെന്നും ലീഗ് നേതൃത്വം അപമാനത്തിന് മറുപടി പറയണമെന്നും നേതാക്കള്‍ ആവശ്യപ്പെടുകയും ചെയ്തു. എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ നവാസിന്‍റെ പരാമര്‍ശം ലൈംഗികാധിക്ഷേപം തന്നെയാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ ആവര്‍ത്തിച്ചു. നവാസിന് എതിരായ പരാതി പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് ലീഗ്, ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുകയും പുതിയ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു.