Asianet News MalayalamAsianet News Malayalam

പുതിയ 'സെമികേഡർ പാർട്ടി'യിൽ ആരുമില്ലേ മുരളീധരനെ നിലയ്ക്ക് നിര്‍ത്താന്‍: എഎ റഹീം

ആര്യ രാജേന്ദ്രനെ കാണാൻ ഭംഗിയുണ്ടെങ്കിലും വായിൽ നിന്ന് വരുന്നത് ഭരണപ്പാട്ടിനേക്കാൾ ഭീകരമായ വാക്കുകള്‍ ആണെന്നായിരുന്നു മുരളീധരന്‍റെ ആക്ഷേപം.

aa rahim slam k muraleedharan on remarks against mayor arya rajendran
Author
Thiruvananthapuram, First Published Oct 26, 2021, 6:08 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: തലസ്ഥാനത്തെ മേയര്‍ ആര്യ രാജേന്ദ്രനെതിരെ (Mayor Arya Rajendran) കെ മുരളീധരന്‍ എംപി നടത്തിയ പദപ്രയോഗങ്ങള്‍ ഏറെ വിവാദമാണ് സൃഷ്ടിച്ചത്. സംഭവത്തില്‍ അധിക്ഷേപ പരാമ‍ർശം നടത്തിയ കെ മുരളീധരൻ എംപിക്ക് (k muraleedharan) എതിരെ കേസെടുത്തു. ആര്യ രാജേന്ദ്രൻ നൽകിയ പരാതിയിലാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചുള്ള പരമർശം നടത്തിയതിന് മ്യൂസിയം പൊലീസാണ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. നികുതിവെട്ടിപ്പിൽ പ്രതിഷേധിച്ച് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ കോണ്‍ഗ്രസ്  നടത്തിയ പ്രതിഷേധത്തിനിടെയാണ് കെ മുരളീധരൻ എംപി മേയർക്കെതിരെ പരാമർശം നടത്തിയത്. ആര്യ രാജേന്ദ്രനെ കാണാൻ ഭംഗിയുണ്ടെങ്കിലും വായിൽ നിന്ന് വരുന്നത് ഭരണപ്പാട്ടിനേക്കാൾ ഭീകരമായ വാക്കുകള്‍ ആണെന്നായിരുന്നു മുരളീധരന്‍റെ ആക്ഷേപം.

അതേ സമയം  കെ മുരളീധരൻ എംപിക്കെതിരെ രൂക്ഷമായ പ്രതികരണം നടത്തി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം രംഗത്ത് എത്തി. മുരളീധരന്റെ കാഴ്ചയിൽ, കാണാൻ സൗന്ദര്യമില്ലാത്ത,കറുത്ത ഉടലുള്ള എല്ലാ പെണ്ണിനോടുമുള്ള വെറുപ്പാണ് അദ്ദേഹം പ്രഖ്യാപിച്ചത്. വെളുപ്പും കറുപ്പുമാണ് സൗന്ദര്യത്തിന്റെ,മനുഷ്യ ബന്ധങ്ങളുടെ അടിസ്ഥാന ഘടകം എന്നാണ് കോൺഗ്രസ്സ് നേതാവ് വിളിച്ചു പറഞ്ഞത്, എന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ഫേസ്ബുക്ക് പോസ്റ്റില്‍. കുറ്റപ്പെടുത്തുന്നു

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ശുദ്ധ അസംബന്ധമാണ് ഇന്നലെ  ശ്രീ കെ മുരളീധരൻ വിളമ്പിയത്.
നിങ്ങളുടെ മകളാകാൻ മാത്രം പ്രായമുള്ള ആര്യയെ നോക്കി ഇങ്ങനെപറയാൻ തോന്നിയ താങ്കളുടെ മാനസികാവസ്ഥ അപാരം തന്നെ.
ഇങ്ങനെ തരം താഴരുത് .

കോൺഗ്രസ്സിന്റെ അധ്യക്ഷ ഇപ്പോഴും സോണിയ തന്നെയല്ലേ(ആണെന്നാണ് അവർ അവകാശപ്പെടുന്നത്).സൗന്ദര്യം അളക്കുന്ന മാപിനി ഘടിപ്പിച്ച മനസ്സുമായാണോ സോണിയയും പ്രിയങ്കയും മുതൽ നാട്ടിലുള്ള സകലരേയും ഇദ്ദേഹം കാണുന്നതും മാർക്കിടുന്നതും?
മുരളീധരന്റെ കാഴ്ചയിൽ,

കാണാൻ സൗന്ദര്യമില്ലാത്ത,കറുത്ത ഉടലുള്ള എല്ലാ പെണ്ണിനോടുമുള്ള വെറുപ്പാണ് അദ്ദേഹം പ്രഖ്യാപിച്ചത്.
വെളുപ്പും കറുപ്പുമാണ് സൗന്ദര്യത്തിന്റെ,മനുഷ്യ ബന്ധങ്ങളുടെ അടിസ്ഥാന ഘടകം എന്നാണ് കോൺഗ്രസ്സ് നേതാവ് വിളിച്ചു പറഞ്ഞത്.
'കാണാൻ കൊള്ളാത്തവർ' അതായത്,

കറുത്ത നിറമുള്ളവർ സാധാരണ തെറി പറയുന്നവർ എന്ന് കൂടിയാണ്  മുരളീധരൻ പറഞ്ഞു വയ്ക്കുന്നത്. 
മലിനമായ ഇത്തരം മനസ്സുമായി നടക്കുന്നവരാണ് ഇന്നത്തെ കോൺഗ്രസ്സ് നേതൃത്വം. ശ്രീ രാജ്‌മോഹൻ ഉണ്ണിത്താന് നല്ല നമസ്കാരം പറയാൻ തോന്നിപ്പോയി.ഉണ്ണിത്താൻ അന്ന് പറഞ്ഞപ്പോൾ വാക്കുകളിൽ സ്ത്രീവിരുദ്ധത കടന്നു കൂടിയിരുന്നു എന്നത് ശരിയാണ് .ആർക്കെതിരെ അങ്ങനെപറഞ്ഞാലും അതൊന്നും അംഗീകരിക്കാനും ആകില്ല.പക്ഷേ,ശീലിച്ചുപോയ വാക്കും ശൈലിയും ആയിരുന്നെകിലും 

ശ്രീ ഉണ്ണിത്താൻ,  താനറിഞ്ഞ മുരളീധരൻ,അറുവഷളനാണ് എന്ന് പറയുകയായിരുന്നു. ആര്യ കടന്നുവന്നത് സമരങ്ങളിലൂടെയും,
സംഘടനാ പ്രവർത്തനങ്ങളിലൂടെയുമാണ്. സ്വന്തമായി ഇപ്പോഴും ഒരു വീടുപോലുമില്ലാത്ത,ബുദ്ധിമുട്ടുകൾ നിറഞ്ഞ  ജീവിത വഴികളിലൂടെയാണ് ആര്യയുടെ യാത്ര. ശ്രീ കെ മുരളീധരനെപ്പോലെ,വായിൽ സ്വർണ്ണക്കരണ്ടിയുമായി ജനിച്ചതല്ല. കമ്മിറ്റിക്കിടെ അച്ഛൻ മൂത്രമൊഴിക്കാൻ 
പോയപ്പോൾ നേതാവായി വന്നതുമല്ല. അതു കൊണ്ട് ഇങ്ങനെ ആക്രമിച്ചാൽ ആര്യ  തകർന്നും പോകില്ല. അവൾ തലയുയർത്തിതന്നെ നിൽക്കും.
ശ്രീ മുരളീധരനെ നിലയ്ക്ക് നിർത്താൻ   പുതിയ 'സെമികേഡർ പാർട്ടി'യിൽ ആരുമില്ലേ??

അതേ സമയം പരാമർശത്തിൽ മുരളീധരൻ ഖേദം പ്രകടിപ്പിച്ചു. പല പ്രഗല്‍ഭരും ഇരുന്ന കസേരിയില്‍ ഇരിക്കുന്ന ഇപ്പോഴത്തെ മേയര്‍ അതനുസരിച്ച് പക്വത കാണിച്ചില്ലെന്നാണ് താന്‍ സൂചിപ്പിച്ചത്. താന്‍ പറഞ്ഞതില്‍ അവര്‍ക്ക് പ്രയാസമുണ്ടായെങ്കില്‍ ഖേദിക്കുന്നു. താന്‍ കാരണം ആര്‍ക്കും മാനസിക പ്രയാസമുണ്ടാകരുതെന്നാണ് ആഗ്രഹം. കേസുമായി മേയര്‍ മുന്നോട്ട് പോകുന്നതില്‍ യാതൊരു ബുദ്ധിമുട്ടുമില്ല. എന്‍റെ സംസ്ക്കാരത്തിന് മാര്‍ക്കിടാന്‍ തക്കവണ്ണം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ആരുമില്ലെന്നും ആയിരുന്നു ഖേദം പ്രകടിപ്പിച്ച് മുരളീധരന്‍ പറഞ്ഞത്. 

Follow Us:
Download App:
  • android
  • ios