കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി സംരംഭകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുഖമുണ്ടെന്ന് ആന്തൂര്‍ നഗരസഭാ അധ്യക്ഷ പികെ ശ്യാമള. പ്രവാസിയുടെ ആത്മഹത്യയില്‍ ഭരണസമിതിക്ക് പങ്കില്ല. മെയ് അവസാനവാരത്തിലാണ് ആത്മഹത്യ ചെയ്ത പാറയില്‍ സാജന്‍റെ  ഓഡിറ്റോറിയത്തിന് അനുമതി തേടി കൊണ്ടുള്ള ഫയര്‍ സെക്രട്ടറിക്ക് മുന്നിലെത്തിയത്. ഈ ഫയലില്‍ നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് സാജന്‍ ആത്മഹത്യ ചെയ്തതെന്നും പികെ ശ്യാമള വിശദീകരിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എംവി ഗോവിന്ദന്‍റെ ഭാര്യയാണ് പികെ ശ്യാമള. 

സംഭവിച്ച കാര്യങ്ങളില്‍ ദുഖമുണ്ട്. നഗരസഭയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഓഡിറ്റോറിയത്തിനെതിരെ അനധികൃത നിര്‍മ്മാണം എന്ന പരാതിയുണ്ടായിരുന്നു. എന്നാല്‍ അതുമായി ബന്ധപ്പെട്ട അപേക്ഷ ഭരണസമിതിക്ക് മുന്‍പില്‍ വന്നിട്ടില്ല.

നഗരസഭയ്ക്ക് യാതൊരു വിരോധവും സാജനോട് ഉണ്ടായിട്ടില്ല.  കഴിഞ്ഞ എപ്രില്‍ 12-നാണ് സാജന്‍ കെട്ടിട്ടത്തിന്‍റെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയത്. അപേക്ഷയില്‍ ചില പ്രശ്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അവ പരിഹരിക്കണമെന്ന് സാജനോട് പിന്നീട് ആവശ്യപ്പെടുകയും ചെയ്തു. നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ തന്നെ ഈ ഓഡിറ്റോറിയത്തില്‍ വിവാഹ പരിപാടികള്‍ നടന്നിരുന്നുവെന്നും ഒരു വിവാഹത്തില്‍ താന്‍ നേരിട്ട് പങ്കെടുത്തതാണെന്നും പികെ ശ്യാമള പറഞ്ഞു.