Asianet News MalayalamAsianet News Malayalam

എപിപി അനീഷ്യ ജീവനൊടുക്കിയ സംഭവം: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണം, മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ്

അനീഷ്യ സുഹൃത്തുക്കള്‍ക്ക് അയച്ച ശബ്ദസന്ദേശങ്ങളില്‍ ജോലിയില്‍ നേരിട്ടിരുന്ന സമ്മര്‍ദങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. അവധിയെടുത്ത് കേസുകളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചെന്ന ഗുരുതര ആരോപണവും ഉന്നയിച്ചിട്ടുണ്ടെന്ന് വി ഡി സതീശന്‍

aap aneeshya death case special team must investigate opposition leader v d satheesan to cm pinarayi vijayan SSM
Author
First Published Jan 24, 2024, 12:26 PM IST

തിരുവനന്തപുരം: മേലുദ്യോഗസ്ഥരുടെ മാനസിക സമ്മർദവും പരസ്യമായ അവഹേളനവും സഹിക്കാനാകാതെ കൊല്ലം പരവൂര്‍ മുന്‍സിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ജീവനൊടുക്കിയ സംഭവം സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ കാണണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആത്മഹത്യയ്ക്ക് മുന്‍പ് അനീഷ്യ സുഹൃത്തുക്കള്‍ക്ക് അയച്ച ശബ്ദസന്ദേശങ്ങളില്‍ ജോലിയില്‍ നേരിട്ടിരുന്ന സമ്മര്‍ദങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. അവധിയെടുത്ത് കേസുകളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചെന്ന ഗുരുതര ആരോപണവും ഉന്നയിച്ചിട്ടുണ്ടെന്ന് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

നിയമവിരുദ്ധമായി എന്തും ചെയ്യാന്‍ തയ്യാറുള്ള ഒരു സംഘം പ്രോസിക്യൂഷന്‍ രംഗത്തുണ്ടെന്ന് അടിവരയിടുന്നതാണ് അനീഷ്യയുടെ വെളിപ്പെടുത്തലുകളില്‍ പലതും. അനീഷ്യയോട് അവധിയില്‍ പോകാന്‍ നിർദേശിച്ചതും കേസുകള്‍ അട്ടിമറിക്കുന്നതിന്റെ ഭാഗമായാണോയെന്ന് സംശയിക്കണമെന്നും ഇതും പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.  ഈ നാട്ടിലെ ജനങ്ങള്‍ നീതി തേടി എത്തുന്ന ഭരണഘടനാപരമായ സംവിധാനമാണ് കോടതികള്‍. എന്നാല്‍ നീതിക്കും ന്യായത്തിനും ഒരു പ്രസക്തയും ഇല്ലാത്ത തരത്തില്‍ നീതിന്യായ സംവിധാനത്തിന്റെയും കോടതികളുടെയും സത്യസന്ധമായ പ്രവര്‍ത്തനം രാഷ്ട്രീയ പിന്‍ബലത്തിന്റെയും അധികാര പിന്തുണയുടെയും ഹുങ്കില്‍ ചിലര്‍ അട്ടിമറിക്കുന്നെന്ന തുറന്നു പറച്ചിലാണ് അനീഷ്യയുടെ ശബ്ദരേഖയിലുള്ളതെന്ന് വി ഡി സതീശന്‍ പറഞ്ഞു. 

ഞങ്ങളുടെ പാര്‍ട്ടിയാണ് ഭരിക്കുന്നതെന്നും സ്ഥലം മാറ്റുമെന്നും ജോലി ചെയ്യാന്‍ സമ്മതിക്കില്ലെന്നും ഭീഷണി ഉണ്ടായെന്ന് അനീഷ്യ ഡയറിയില്‍ എഴുതിയിരുന്നത് സംബന്ധിച്ച വാര്‍ത്തകളും പുറത്ത് വന്നിട്ടുണ്ട്. പിന്‍വാതില്‍ നിയമനങ്ങളും സര്‍വകലാശാലകളിലെയും പി.എസ്.സിയിലെയും പരീക്ഷാ തട്ടിപ്പുകള്‍ക്കും പിന്നാലെ ജുഡീഷ്യറിയെ അട്ടിമറിക്കുന്ന സംഘങ്ങള്‍ സംസ്ഥാനത്തെ കോടതികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത് ജനാധിപത്യത്തെ അട്ടിമറിക്കുന്നതും ദുര്‍ബലപ്പെടുത്തുന്നതും സംസ്ഥാനത്തിനാകെ നാണക്കേടുമാണെന്നത് വി ഡി സതീശന്‍ പറഞ്ഞു.

നിയമത്തിന്റെ പിന്‍ബലത്തില്‍ നീതിയും ന്യായവും മാത്രം പരിഗണിച്ച് സത്യസന്ധതയോടെ ജോലി ചെയ്യാന്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് സാധിക്കുന്നില്ലെന്ന സ്ഥിതി സാധാരണക്കാരുടെ നീതി നിഷേധിക്കല്‍  കൂടിയാണ്. സത്യസന്ധരായ പ്രോസിക്യൂട്ടര്‍മാര്‍ക്ക് തല ഉയര്‍ത്തി നിര്‍ഭയരായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കേണ്ടതുണ്ടെന്ന മുന്നറിയിപ്പാണ് സ്വന്തം മരണത്തിലൂടെ അനീഷ്യ മുന്നോട്ടുവയ്ക്കുന്നത്. 
അനീഷ്യയുടെ സുഹൃത്തുക്കള്‍ പൊലീസിന് രഹസ്യമായി കൈമാറിയ ശബ്ദസന്ദേശങ്ങള്‍ ഗൗരവത്തിലെടുത്ത് തെളിവുകള്‍ നശിപ്പിക്കപ്പെടാതിരിക്കാന്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നവരെ അടിയന്തരമായി ചുമതലകളില്‍ നിന്നും ഒഴിവാക്കണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം നീതിയുക്തമാകില്ലെന്ന ആശങ്ക അഭിഭാഷകരും ഉന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സംഭവത്തെ കുറിച്ച് പഴുതടച്ചുള്ള അന്വേഷണം നടത്തുന്നതിന് പ്രത്യേക സംഘത്തെ നിയമിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios