കൊച്ചി: തീവ്രവാദ ബന്ധം സംശയിച്ച് കസ്റ്റഡിയിലെടുത്ത തൃശ്ശൂർ കൊടുങ്ങല്ലൂർ മതിലകം സ്വദേശി അബ്ദുൽ ഖാദർ റഹീമിനെതിരായ അന്വേഷണം തത്കാലം  അവസാനിപ്പിക്കാൻ പൊലീസ് തീരുമാനിച്ചു. ഇതു സംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ അന്വേഷണം സംഘം സമർപ്പിച്ചു.

ഞായറാഴ്ച എറണാകുളം സിജെഎം കോടതിയിൽ ഹാജരാകാനെത്തിയപ്പോൾ റഹീമിനെ കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് 24 മണിക്കൂർ ചോദ്യം ചെയ്തിട്ടും തീവ്രവാദ ബന്ധം തെളിയിക്കാനുള്ള വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് റഹീമിനെ വിട്ടയച്ചു. പൊലീസും എൻഐഎയും തമിഴ്‌നാട് ക്യു ബ്രാഞ്ചും മിലിട്ടറി ഇന്റലിജൻസും സംയുക്തമായാണ് റഹീമിനെ ചോദ്യം ചെയ്തത്. എന്നാൽ, അന്ന് രാത്രി റഹീമിനെ പൊലീസ് കസ്റ്റഡിയിൽ കൊച്ചിയിലെ സ്വകാര്യ ലോഡ്ജിൽ താമസിപ്പിച്ചു.

തുടർന്ന് തിങ്കളാഴ്ച റഹീമിനെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിച്ച് വീണ്ടും ചോദ്യം ചെയ്തു. ഞായറാഴ്ച തീവ്രവാദ ബന്ധം സംശയിച്ച് തമിഴ്നാട് പൊലീസ് പിടികൂടിയ മതിലകം സ്വദേശി സിദ്ദിഖുമായുള്ള റഹീമിന്‍റെ ബന്ധമാണ് വീണ്ടും ചോദ്യം ചെയ്യാൻ കാരണമെന്നാണ് സൂചന. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ രണ്ടിന് റഹീം സിദ്ദീഖുമായി സംസാരിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. സിദ്ദിഖിനെ ബഹ്റിനിൽ വച്ച് അറിയാമെന്നും മറ്റൊരു ബന്ധവുമില്ലെന്നായിരുന്നു റഹീം പൊലീസിനോട് പറഞ്ഞിരുന്നത്.

‌വിദേശത്തെ ഭീകരസംഘടനകളുമായി റഹീം അടുപ്പം പുലർത്തുന്നതായുള്ള വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ രഹസ്യവിവരത്തിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണവും സമാന്തരമായി നടക്കുന്നുണ്ട്. എന്നാൽ, ചോദ്യം ചെയ്യലിൽ ഇതുസംബന്ധിച്ച തെളിവുകൾ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണു റഹീമിനെതിരായ അന്വേഷണം തത്കാലം അവസാനിപ്പിക്കാൻ പൊലീസ് തീരുമാനിച്ചത്.