18 വർഷം ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. ഇക്കഴിഞ്ഞ രണ്ടു വർഷം ആണ് പ്രതീക്ഷ വന്നത്. വലിയ മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോയതെന്ന് അബ്ദുൽ റഹീം പറഞ്ഞു.
കോഴിക്കോട്: നാട്ടിൽ എത്തുമെന്ന് കരുതിയില്ലെന്ന് സൗദി അറേബ്യയിൽ 20 വർഷത്തെ ജയിൽവാസത്തിന് ശേഷം തിരിച്ചത്തിയ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീം. 18 വർഷം ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. ഇക്കഴിഞ്ഞ രണ്ടു വർഷം ആണ് പ്രതീക്ഷ വന്നത്. വലിയ മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോയത്. നിയമ പോരാട്ടവും ഫണ്ട് ശേഖരണവും നടക്കുന്നത് അറിഞ്ഞിരുന്നു. നിയമ സംവിധാനങ്ങൾക്ക് നന്ദിയെന്ന് അബ്ദുൽ റഹീം പ്രതികരിച്ചു.
നിസ്സഹായരായ നിരവധി പേർ ജയിലിൽ ഉണ്ടെന്ന് അബ്ദുൽ റഹീം പ്രതികരിച്ചു. ഒരു വർഷം മുമ്പ് പാലക്കാട് സ്വദേശിയുടെ വധശിക്ഷ നടപ്പിലാക്കി. പുറംലോകം കാര്യമായി ഇതേക്കുറിച്ച് അറിഞ്ഞില്ല. മലയാളി എന്ന നിലയിൽ പ്രത്യേക പരിഗണന ലഭിച്ചു. 60 പേർ ആണ് സെല്ലിൽ ഉണ്ടായിരുന്നത്. തന്നേക്കാൾ കൂടുതൽ കാലം ജയിലിൽ കഴിയുന്നവർ ഉണ്ട്. വധശിക്ഷക്ക് വിധിക്കപ്പെട്ട പത്തനംതിട്ട സ്വദേശി ഉണ്ട്. ജയിലിൽ തന്നെ ഒരുപാട് ആളുകൾ സഹായിച്ചു. നാട്ടിൽ എത്താൻ സഹായിച്ച എല്ലാവർക്കും നന്ദിയെന്നും അബ്ദുൽ റഹീം പറഞ്ഞു.
മലയാളിയുടെ പ്രവാസ ചരിത്രത്തിലെ സമാനതകളില്ലാത്ത നിയമ പോരാട്ടത്തിന്റെയും ചേർത്തുപിടിക്കലിന്റെയും നാൾവഴികളും അനിശ്ചിതത്വങ്ങളുടെ തീക്കടലുകളും പിന്നിട്ടാണ് അബ്ദുൽ റഹീം ഒടുവിൽ ജനിച്ച മണ്ണിൽ തിരിച്ചെത്തിയത്. ഇന്ന് രാവിലെ 8.30 യോടെ നിറകണ്ണുകളുമായി കരിപ്പൂർ വിമാനത്താവളത്തിന് പുറത്തെത്തിയ റഹീമിനെ നിയമ സഹായ സമിതിയും നാട്ടുകാരും ചേർന്ന് സ്വീകരിച്ചു. ബന്ധുക്കളും നാട്ടുകാരും സൂചികുത്താനിടയില്ലാത്ത വിധം നിറഞ്ഞു കവിഞ്ഞ തറവാട് മുറ്റത്തേക്കാണ് രണ്ടു പതിറ്റാണ്ടിന് ശേഷം റഹീം എത്തിയത്. ഇരുപത് വർഷക്കാലം നിറകണ്ണുകളും പ്രാർത്ഥനകളുമായി മകനെ കാത്തിരുന്ന ഉമ്മയ്ക്ക് സ്വപ്ന സാഫല്യം.
ഇനി ഒരിക്കലും കാണില്ലെന്ന് കരുതിയ വീടിന്റെ തണലിൽ ഉമ്മയും മകനും കണ്ടുമുട്ടി. ഒട്ടേറെ വൈകാരിക മുഹൂർത്തങ്ങൾക്കാണ് ഫറോക്ക് കോടമ്പുഴയിലെ സീനത്തു മൻസിൽ എന്ന വീട് സാക്ഷിയായത്. 2006 ൽ സ്പോൺസറുടെ മകന്റെ മരണവുമായി ബന്ധപ്പെട്ടാണ് റഹീം ജയിലിലാകുന്നതും വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നതും. ദീർഘകാലത്തെ നിയമ പോരാട്ടത്തിനൊടുവിൽ 35 കോടിയോളം രൂപ ദിയാധനം സ്വീകരിച്ച് മാപ്പ് നൽകാൻ സൗദി കുടുംബം സമ്മതിക്കുകയായിരുന്നു.

