എല്ലാം കോടതി നോക്കിക്കോളുമെന്നും തനിക്കൊന്നും അറിയില്ലെന്നും തോമസ് കോട്ടൂർ. കർത്താവിന്‍റെ ഇടയനാണ് താന്‍. എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്നും തോമസ് കോട്ടൂർ പറഞ്ഞു.

കൊച്ചി: അഭയ കേസില്‍ ജാമ്യം കിട്ടിയത് ദൈവം തന്ന അവസരമായി കണക്കാക്കുന്നുവെന്ന് ജയിൽ മോചിതനായ ഫാദർ തോമസ് കോട്ടൂർ. എല്ലാം കോടതി നോക്കിക്കോളുമെന്നും തനിക്കൊന്നും അറിയില്ലെന്നും തോമസ് കോട്ടൂർ പറഞ്ഞു. കർത്താവിന്‍റെ ഇടയനാണ് താന്‍. എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്നും തോമസ് കോട്ടൂർ കൂട്ടിച്ചേര്‍ത്തു. കൊച്ചി സിബിഐ ഓഫീസിൽ ഒപ്പിടാനെത്തിയപ്പോണ് പ്രതികരണം. ജാമ്യവ്യവസ്ഥയുടെ ഭാഗമായിട്ടാണ് സിബിഐ ഓഫീസിലെത്തി ഒപ്പിടുന്നത്. സിസ്റ്റർ സെഫിയും സിബിഐ ഓഫീസിലെത്തി ഒപ്പിട്ടു.

Add Asianetnews as a Preferred SourcegooglePreferred

അഭയ കേസിൽ ഫാ.തോമസ് കോട്ടൂരിന്റെയും സിസ്റ്റർ സെഫിയുടെയും ശിക്ഷ നടപ്പിലാക്കുന്നത് നിർത്തിവെച്ച് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ ഇന്നലെയാണ് ഫാദർ തോമസ് കോട്ടൂർ ജയിൽ മോചിതനായത്. കേസിൽ വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ചാണ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വിചാരണ കോടതിയുടെ ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ ഹർജിയിൽ തീർപ്പാകും വരെ ഇരുവർക്കും ജാമ്യത്തിൽ തുടരാം. ജാമ്യാപേക്ഷയിൽ പ്രതികളുടെ ഉയർത്തിയ വാദങ്ങൾ പ്രതിരോധിക്കാൻ പ്രോസിക്യൂഷന് ആയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ച് ഇരുവർക്കും ജാമ്യം നൽകിയത്. അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, ജാമ്യ കാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കാളികളാകരുത് എന്നിവയായിരുന്നു ജാമ്യവ്യവസ്ഥകൾ. പ്രതികൾക്ക് ജാമ്യം കിട്ടുന്നതിന് സിബിഐയുടെ ഭാഗത്ത് നിന്ന് അനുകൂല നടപടി ഉണ്ടായെന്ന് കേസിലെ പ്രധാന കക്ഷിയായ ജോമോൻ പുത്തൻപുരയ്ക്കൽ കുറ്റപ്പെടുത്തി.

2021 ഡിസംബർ 23-നായിരുന്നു അഭയ കേസിൽ പ്രതികളെ ഇരട്ട ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. 28 വർഷം നീണ്ട നിയമ നടപടികൾക്ക് ശേഷമാണ് അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സ്റ്റെഫിയും കൊലക്കുറ്റമടക്കം വകുപ്പുകൾ പ്രകാരം കുറ്റക്കാരണെന്ന് കണ്ടെത്തി ശിക്ഷിക്കുന്നത്. എന്നാൽ രണ്ട് സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തിൽ കൊലക്കുറ്റം ചുമത്തിയ നടപടിയെ അപ്പീൽ ഹർജിയിൽ പ്രതികൾ ചോദ്യം ചെയ്യുകയായിരുന്നു. മാത്രമല്ല കേസിലെ സാക്ഷിയായ അടയ്ക്കാ രാജു എന്നറിയപ്പെടുന്ന രാജു വർഷങ്ങൾക്ക് ശേഷം നടത്തിയ വെളിപ്പെടുത്തലിന്‍റെ ആധികാരികതയും ഹർ‍ജിയിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.