Asianet News MalayalamAsianet News Malayalam

കാൻസര്‍ രോഗിയെന്ന് കോട്ടൂര്‍; കണ്ണടച്ചിരുന്ന് വാദം കേട്ട് സിസ്റ്റര്‍ സെഫി , കോടതിയിൽ നടന്നത്

ജഡ്ജിയുടെ അടുത്തെത്തിയ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും നിരപരാധികളാണെന്ന് ആവര്‍ത്തിച്ചു. ആരോഗ്യ പ്രശ്നങ്ങൾ വിശദീകരിച്ചു 

abhaya case verdict court proceedings
Author
Trivandrum, First Published Dec 23, 2020, 12:13 PM IST

തിരുവനന്തപുരം: അഭയാകേസിൽ നിര്‍ണ്ണായക വിധി വരുന്നതിന്‍റെ തൊട്ടു മുൻപും നിരപരാധികളാണെന്ന് ജഡ്ജിയോട് ആവര്‍ത്തിച്ച് ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും. അര്‍ബുദ രോഗമടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ കോട്ടൂര്‍ ജഡ്ജിയുടെ ചേംബറിന് അടുത്തെത്തി അറിയിച്ചപ്പോൾ പ്രായാധിക്യമുള്ള മാതാപിതാക്കളുടെ സംരക്ഷണം അടക്കുള്ള കാര്യങ്ങൾ സിസ്റ്റര്‍ സെഫിയും വിശദീകരിച്ചു. 

വിധിപറയും മുൻപേ കോടതിയിൽ നടന്നത്: 

പതിനൊന്ന് മണിക്ക് ശിക്ഷാ വിധി വരുന്ന പശ്ചാത്തലത്തിൽ പത്തരയോടെ തന്നെ പ്രതികളെ പ്രത്യേക സിബിഐ കോടതിയിലെത്തിച്ചിരുന്നു. കൊലക്കുറ്റം തെളിഞ്ഞതിനാൽ പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. വാദങ്ങൾ കണ്ണടച്ച് കേട്ട് സിസ്റ്റർ സെഫി കേട്ടിരുന്നു. 

ആസൂത്രിത കൊലപാതമാണേയെന്ന് കോടതിയുടെ ചോദ്യത്തിന് അല്ലെന്നായിരുന്നു പ്രോസിക്യൂഷൻ മറുപടി. അതേ സമയം തോമസ് കോട്ടൂർ കോൺവെന്‍റിൽ അതിക്രമിച്ച് കയറി കുറ്റകൃത്യം നടത്തി എന്നത് ഗൗരവ തരമാണ്. അതുകൊണ്ട് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിക്കണമെന്ന് പ്രോസിക്യൂട്ടർ എം നവാസ് ആവശ്യപ്പെട്ടു. 

ഒന്നാം പ്രതി കാൻസര്‍ രോഗിയാണെന്ന് പ്രതിഭാഗം വാദിച്ചു . പ്രായാധിക്യം അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ച് ശിക്ഷ വിധിക്കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. അതിന് ശേഷം ജഡ്ജിക്ക് അടുത്തെത്തിയ  തോമസ് കോട്ടൂർ താൻ നിരപരാധിയെന്ന് അറിയിച്ചു. രോഗ വിവരങ്ങളും പങ്കുവച്ചു. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ മരുന്നുകളും കഴിക്കുന്നുണ്ട്. മറ്റുള്ളവരുടെ ജീവന് വേണ്ടി പ്രാർത്ഥിക്കുന്നവനാണ് താനെന്നും കോട്ടൂർ അറിയിച്ചു. 

കോട്ടൂരിന് പിന്നാലെ സിസ്റ്റര്‍ സെഫിയും ജഡ്ജിക്ക് അടുത്തെത്തിയാണ് സംസാരിച്ചത്. എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് നിരപരാധിയെന്നായിരുന്നു സിസ്റ്റര്‍ സെഫിയുടേയും മറുപടി. പ്രായമായ മാതാപിതാക്കളുണ്ട്. അവരുടെ സംരക്ഷണം ചുമതലാണ്. കാനൻ നിയമം അനുസരിച്ച് പുരോഹിതർ അച്ഛൻമാരെ പോലെയാണെന്നും സെഫി കോടതിയിൽ പറഞ്ഞു. അതിനാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നായിരുന്നു വാദം

സിസ്റ്റര്‍ അഭയ കൊലപാതക കേസിലെ ജീവപര്യന്തം ശിക്ഷാ വിധികേട്ട് ഭാവഭേദങ്ങളൊന്നും ഇല്ലാതെയാണ് തോമസ് കോട്ടൂര്‍ കോടതി മുറിയിൽ നിന്നത്. സിസ്റ്റര്‍ സെഫി ഒപ്പമുണ്ടായിരുന്ന ബന്ധുക്കളെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു

Follow Us:
Download App:
  • android
  • ios