തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിലെ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയ മുൻ മജിസ്ട്രേറ്റിൽ നിന്നും തിരുവനന്തപുരം സിബിഐ കോടതി മൊഴി രേഖപ്പെടുത്തി. എറണാകുളം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിലെ മജിസ്ട്രേറ്റായിരുന്ന ശരത് ചന്ദ്രന്‍റെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഒന്നാം പ്രതിയായ ഫാദർ തോമസ് കോട്ടൂറിനെ പയസ് ടെന്‍ത്ത് കോണ്‍വെന്‍റില്‍ രാത്രി സമയങ്ങളിൽ പല പ്രാവശ്യം കണ്ടുവെന്ന് സാക്ഷികള്‍ രസഹ്യമൊഴി നൽകിയിരുന്നെന്ന് ശരത് ചന്ദ്രൻ മൊഴി നൽകി. ശരത് ചന്ദ്രൻ ഇപ്പോൾ ഇടമലയാർ പ്രത്യേക കോടതിയിലെ ജഡ്ജിയാണ്. പ്രതികളെ കോണ്‍വെന്‍റില്‍ കണ്ടിരുന്നെന്ന് രഹസ്യമൊഴി നൽകിയ സാക്ഷിയായ സഞ്ചു പി മാത്യു കോടതിയിൽ കോടതിയിൽ നേരത്തെ കൂറുമാറിയിരുന്നു. 

അതേസമയം സിസ്റ്റർ അഭയ കേസിലെ തൊണ്ടിമുതലുകള്‍ കോടതിയിൽ നിന്നും വാങ്ങിയ ക്രൈം ബ്രാഞ്ച് സംഘം തിരികെ നൽകിയില്ലെന്ന് സാക്ഷി മൊഴി നല്‍കി. കോട്ടയം ആർഡിഒ കോടതിയിൽ നിന്നും വാങ്ങിയ എട്ടു തൊണ്ടിമുതലുകള്‍ തിരികെ നൽകിയില്ലെന്നാണ് മൊഴി. കോടതിയിലെ മുൻ ജീവനക്കാരൻ മുരളീധീരനാണ് തിരുവനന്തപുരം സിബിഐ കോടതിയിൽ മൊഴി നൽകിയത്. കോടതി തൊണ്ടിമുതലുകൾ നശിപ്പിച്ചിട്ടില്ലെന്നും സാക്ഷി മൊഴി നൽകി. ആദ്യ അന്വേഷണ സംഘമായ ക്രൈം ബ്രാഞ്ച് വാങ്ങിയ തൊണ്ടിമുതലുകൾ തിരികെ നൽകിയിരുന്നില്ലെന്ന് അന്വേഷണ സംഘത്തിലുണ്ടായിരുന്നു പൊലീസുകാരൻ ശങ്കരനും നേരത്തെ കോടതിയിൽ മൊഴി നൽകിയിരുന്നു.

Read More: അഭയ കേസില്‍ എട്ട് തൊണ്ടിമുതലുകള്‍ ക്രൈംബ്രാഞ്ച് തിരികെ നൽകിയില്ല: സാക്ഷിമൊഴി...