കൃത്യവിലോപം കാണിച്ച എറണാകുളം സെഷന്‍സ് കോടതിയിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ.
തിരുവനന്തപുരം: അഭിമന്യുവിന്റെ വധക്കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടലുളവാക്കുന്നതാണെന്ന് എസ്എഫ്‌ഐ. കുറ്റപത്രം ഉള്‍പ്പെടെയുള്ള രേഖകള്‍ കോടതിയില്‍ നിന്ന് നഷ്ടപ്പെട്ടു എന്നാണ് മനസിലാകുന്നത്. അഭിമന്യു വധക്കേസ് അട്ടിമറിക്കുന്നതിന് വേണ്ടി പോപ്പുലര്‍ ഫ്രണ്ട് മതതീവ്രവാദികളുടെ ഏജന്റുമാരായി കോടതിയില്‍ പ്രവര്‍ത്തിച്ചതാര് എന്നതിനെ സംബന്ധിച്ച് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് തന്നെ നേരിട്ട് അന്വേഷിക്കണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടു.
കൃത്യവിലോപം കാണിച്ച എറണാകുളം സെഷന്‍സ് കോടതിയിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഉടന്‍ നടപടി സ്വീകരിക്കണം. കേസിന്റെ നഷ്ടപ്പെട്ട രേഖകളെല്ലാം തിരിച്ചു പിടിച്ച് അഭിമന്യു വധക്കേസിലെ വിചാരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
അഭിമന്യു കൊലക്കേസിലെ സുപ്രധാന രേഖകളാണ് കാണാതായത്. എറണാകുളം പ്രിന്‍സിപല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രവും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഉള്‍പ്പെടെ 11 രേഖകളാണ് കാണാതായത്. കേസില്‍ വര്‍ഷങ്ങള്‍ക്കുശേഷം വിചാരണ തുടങ്ങാനിരിക്കെയാണ് സെഷന്‍സ് കോടതിയില്‍ നിന്ന് രേഖകള്‍ കാണാതായത്. മൂന്ന് മാസം മുന്‍പ് രേഖകള്‍ കാണാതായിട്ടും അന്വേഷണത്തിന് മുതിരാത്ത സെഷന്‍സ് കോടതി ഒടുവില്‍ ഹൈക്കോടതിയെ വിവരം അറിയിക്കുകയായിരുന്നു. സുപ്രധാന കേസിലെ രേഖകള്‍ നഷ്ടമായതിന്റെ ഗൗരവം ചൂണ്ടിക്കാട്ടിയ ഹൈക്കോടതി രേഖഖള്‍ വീണ്ടെടുക്കാന്‍ ജില്ലാ ജഡ്ജിക്ക് നിര്‍ദേശം നല്‍കി.
2018 ജൂലെ രണ്ടിനാണ് എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യു കുത്തേറ്റ് മരിച്ചത്. നവാഗതരെ സ്വാഗതം ചെയ്യുന്ന എസ്എഫ്‌ഐയുടെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയിലായിരുന്നു കൊലപാതകം.

