Asianet News MalayalamAsianet News Malayalam

പേവിഷബാധയേറ്റ് മരണം; അഭിരാമിയുടെ സംസ്കാരം ഇന്ന്, ചികിത്സാ പിഴവില്‍ പ്രതിഷേധം ശക്തം

റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം രാവിലെ 9 മണിക്ക് വീട്ടിലെത്തിക്കും. 12 മണിക്കാണ് സംസ്കാര ചടങ്ങുകൾ.

abhirami who died of rabies cremation today
Author
First Published Sep 7, 2022, 6:31 AM IST

പത്തനംതിട്ട: പത്തനംതിട്ട പെരുനാട്ടിൽ തെരുവ് നായയുടെ കടിയേറ്റ് മരിച്ച അഭിരാമിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം രാവിലെ 9 മണിക്ക് വീട്ടിലെത്തിക്കും. 12 മണിക്കാണ് സംസ്കാര ചടങ്ങുകൾ. അതേസമയം കുട്ടിയുടെ മരണം ചികിത്സാ പിഴവ് മൂലമാണെന്ന്‌ കുടുംബം കൂടി ആരോപിച്ചതോടെ പ്രതിപക്ഷ സമരം ശക്തമാവുകയാണ്.

അതിനിടെ, പേവിഷ വാക്സിന്‍റെ ഗുണനിലവാരത്തിലെ ആശങ്ക അകറ്റാൻ സുപ്രധാന നീക്കവുമായി രം​ഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. വാക്സിൻ വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോർജ്, കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചു. വാക്സിൻ വീണ്ടും പരിശോധനയ്ക്ക് അയക്കാൻ കെഎംഎസ്‍സിഎലിനും നിർദേശം നൽകി.

വാക്സിൻ ഗുണനിലവാരത്തിലെ പ്രശ്നമാണോ വാക്സിൻ എടുത്തിട്ടും ഉണ്ടാകുന്ന മരണങ്ങൾക്ക് കാരണം എന്താണെന്ന ചോദ്യത്തിന് ഉത്തരം തേടിയുള്ള നടപടിയാണ് സർക്കാരിന്റേത്. കേന്ദ്ര മരുന്ന് ലാബിന്റെ ഗുണനിലവാര പരിശോധന കഴിഞ്ഞാണ് നിലവിൽ സംസ്ഥാനത്തേക്ക് വാക്സിൻ വരുന്നത്. ഇതിൽ സംശയം ഉയർന്നതിനാലാണ് കേന്ദ്ര ആരോഗ്യമന്ത്രിയോട് കത്തയച്ച് വീണ്ടും പരിശോധനയ്ക്ക് ആവശ്യപ്പെടുന്നത്. നിലവിൽ നൽകിയിട്ടുള്ള വാക്സിന്റെ ഗുണനിലാവാര സർട്ടിഫിക്കറ്റ്, ബാച്ച് നമ്പർ വിവരങ്ങളും കൈമാറി. സംസ്ഥാനത്തെ നിലവിൽ നൽകുന്ന വാക്സിൻ സാമ്പിൾ കെഎംഎസ്‍സിഎല്‍ തിരിച്ച് അയച്ച് വീണ്ടും പരിശോധിക്കും. ഇതോടെ ഗുണനിലവാരം ആശങ്കയിൽ ഉത്തരമാകും.

Also Read: 'സോപ്പ് പോലും പുറത്തുനിന്ന് വാങ്ങിപ്പിച്ചു'; പത്തനംതിട്ട ജന. ആശുപത്രിക്കെതിരെ അഭിരാമിയുടെ അമ്മ

വാക്സിൻ ഗുണനിലവാരത്തിന് പുറമെ വാക്സിൻ സൂക്ഷിച്ചതിലെ പാളിച്ച, ശീതീകരണ സംവിധാനത്തിലെ പോരായ്മ എന്നിവയും വാക്സിൻ ഫലപ്രാപ്തി നഷ്ടപ്പെടാൻ ഇടയാക്കും.  ഇക്കാര്യം പരിശോധനയിൽ വരുമോ എന്നത് കാത്തിരുന്നു കാണണം. വാക്സിൻ ഗുണനിലവാരത്തിൽ പ്രശ്നങ്ങൾ ഇല്ലെങ്കിൽ, പേവിഷ  വൈറസിന് ജനിതക വ്യതിയാനം ഉണ്ടായോ എന്നതും പ്രധാനമാണ്. അതേസമയം, കേന്ദ്ര മരുന്ന് ലാബ് സർട്ടിഫിക്കറ്റ് ഇല്ലാതെ വാക്സിൻ എത്തിക്കേണ്ടി വന്നിട്ടുണ്ടെന്നു നേരത്തെ കെഎംഎസ്‍സിഎല്‍ സമ്മതിച്ച രേഖകൾ പുറത്തു വന്നിരുന്നു. അടിയന്തര ആവശ്യം കാരണമായി കാട്ടിയായിരുന്നു ഇത്.  ഇക്കാര്യത്തിൽ എന്ത് നടപടി എന്ന് വ്യക്തമല്ല.

Follow Us:
Download App:
  • android
  • ios