സുധാകരന് വേണ്ടി താൻ ഇടനിലക്കാരനായിട്ടില്ലെന്നും കേസ് പിൻവലിക്കാൻ ജോലി വാഗ്ദാനം ചെയ്തിട്ടില്ലെന്നും പരാതിക്കാരുടെ ആരോപണത്തോട് എബിൻ എബ്രഹാം പ്രതികരിച്ചു

കൊച്ചി : മോൻസൻ മാവുങ്കൽ ഉള്‍പ്പെടുന്ന വഞ്ചനാ കേസിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരനെതിരെ മൊഴി നൽകാതിരിക്കാൻ പരാതിക്കാതെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണം തള്ളി എബിൻ എബ്രഹാം. സുധാകരന് വേണ്ടി താൻ ഇടനിലക്കാരനായിട്ടില്ലെന്നും കേസ് പിൻവലിക്കാൻ ജോലി വാഗ്ദാനം ചെയ്തിട്ടില്ലെന്നും പരാതിക്കാരുടെ ആരോപണത്തോട് എബിൻ എബ്രഹാം പ്രതികരിച്ചു. കെ. സുധാകരനെ വേട്ടയാടാനാണ് ഇപ്പോഴത്തെ ശ്രമം. ഇപ്പോൾ പുറത്ത് വിട്ടെന്ന് അവകാശപ്പെടുന്ന വിഡിയോ ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നതാണ്. ഇവരുമായി പല തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പക്ഷേ കൂടിക്കാഴ്ചയുടെ സമയത്തൊന്നും സുധാകരനെതിരെ വഞ്ചനാ കേസോ പരാതിയോ ഇല്ല. പിന്നെയെങ്ങനെ സ്വാധീനിക്കുമെന്ന ചോദ്യമാണ് എബിൻ എബ്രഹാം ഉയർത്തുന്നത്. സുധാകരനൊപ്പം പല തവണ മോൻസന്റെ വീട്ടിൽ പോയിട്ടുണ്ടെന്നും എബിൻ എബ്രഹാം സമ്മതിച്ചു. സുധാകരനെതിരെ 164 മൊഴി നൽകിയ ആളുടെ അക്കൗണ്ടിൽ പരാതിക്കാർ പൈസ ഇട്ടിട്ടുണ്ടെന്നും പരാതിക്കാർ തമ്മിൽ പണത്തെച്ചൊല്ലി കേസുണ്ടെന്നും എബിൻ ആരോപിച്ചു. 

സുധാകരനെതിരെ മൊഴി നൽകാതിരിക്കാൻ ഇടനിലക്കാരൻ വഴി സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് ചർച്ചയുടെ ദൃശ്യങ്ങളടക്കം പുറത്ത് വിട്ടാണ് പരാതിക്കാർ ആരോപിക്കുന്നത്. കൊച്ചി വൈറ്റിലയിലെ ഹോട്ടലിൽ സുധാകരന്റെ അടുപ്പക്കാരൻ എബിൻ എബ്രഹാം ചർച്ച നടത്തിയതിന്റെ ദൃശ്യങ്ങളാണ് പരാതിക്കാർ പുറത്തു വിട്ടത്. സുധാകന്റെ പേര് പറയാതിരിക്കാൻ കരാർ ജോലി വാദ്ഗാനം ചെയ്തുവെന്ന് പരാതിക്കാരിൽ ഒരാളായ ഷെമീർ ആരോപിച്ചു. ലക്ഷദ്വീപ് എം പിയുമായി ബന്ധപ്പെട്ട് കരാർ ജോലി നൽകാമെന്നായിരുന്നു വാഗ്ദാനമെന്നും ഷെമീർ വെളിപ്പെടുത്തി. കേസന്വേഷിച്ച ക്രൈംബ്രാഞ്ചിന് കൈമാറിയ ദൃശ്യങ്ങളാണ് പുറത്തു വിട്ടത്.

സാമ്പത്തിക തട്ടിപ്പ് കേസിൽ മോൻസൻ മാവുങ്കൽ 2021 സെപ്തംബറിലാണ് അറസ്റ്റിലാകുന്നത്. ഇതിന് ശേഷം കെ.സുധാകരനും മോൻസനുമായുള്ള ചിത്രങ്ങള്‍ പുറത്തുവരുകയും വിവാദമുയരുകയും ചെയ്തു. സുധാകരൻ പണം വാങ്ങിയെന്ന ആരോപണം പരാതിക്കാർ ഉന്നയിച്ചതിന് പിന്നിലെയാണ് ഇടനിലക്കാരനായ എബിൻ കൊച്ചിയിലെ ഹോട്ടലിലേക്ക് വിളിപ്പിച്ചതെന്ന് പരാതിക്കാരൻ ഷെമീർ പറയുന്നു. ഒക്ടോബറിലാണ് ഹോട്ടലിൽ ചർച്ച നടന്നത്. മോൻസനെതിരെ പരാതി നൽകിയ ഷെമീർ, യാക്കോബ്, അനുപ് എന്നിവരുമായി എബിൻ സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

'സുധാകരന്‍റെ പേര് പറയാതിരിക്കാൻ ഇടനിലക്കാരൻ കരാ‍ര്‍ ജോലി വാഗ്ദാനം ചെയ്തു'; വീഡിയോ പുറത്തുവിട്ട് പരാതിക്കാ‍‍ർ

സുധാകരൻ പണം വാങ്ങുന്നത് കണ്ടുവെന്ന രഹസ്യമൊഴി നൽകിയ അജിത്തിനെയും ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. അജിത്തും ദൃശ്യങ്ങളിലുണ്ട്. സുധാകരൻ പണം വാങ്ങിയെന്ന് മൊഴി നൽകരുതെന്നായിരുന്നു എബിന്റെ ആവശ്യം. മോൻസനെതിരെ വ്യാജ ചികിത്സക്ക് സുധാകരൻ പരാതി നൽകുമെന്ന് ഉറപ്പു നൽകി പിരിഞ്ഞതാണെന്നും പരാതിക്കാർ പറയുന്നു. സുധാകരനെതിരെ മൊഴി നൽകാതിരുന്നാൽ ലക്ഷദ്വീപിൽ കരാർപണികള്‍ ഉറപ്പിക്കാമെന്ന വാദ്ഗാനം ചെയ്യുന്ന വാട്സ് ആപ്പ് ചാറ്റുകളും പരാതിക്കാർ പുറത്തുവിട്ടു. സുധാകരൻ പരാതി നൽകാത്തിനെ തുടർന്നാണ് വ‍ഞ്ചനാ കേസുമായ മുന്നോട്ടുപോയതെന്നാണ് പരാതിക്കാർ പറയുന്നു. ക്രൈം ബ്രാഞ്ചിന് കൈമാറിയ ദൃശ്യങ്ങളാണ് പരാതിക്കാർ പുറത്തുവിട്ടത്. 

YouTube video player