രണ്ട് കേസുകളിൽ ജാമ്യത്തിലിറങ്ങി ഒളിവിൽകഴിയുന്ന പ്രതിയായ കൂനംമൂച്ചി പായൂർ സ്വദേശിയായ അബു (30) വിനെ കുന്നംകുളം പൊലീസ് പിടികൂടി
തൃശൂർ: രണ്ട് കേസുകളിൽ ജാമ്യത്തിലിറങ്ങി ഒളിവിൽകഴിയുന്ന പ്രതിയായ കൂനംമൂച്ചി പായൂർ സ്വദേശിയായ അബു (30) വിനെ കുന്നംകുളം പൊലീസ് പിടികൂടി. കുന്നംകുളം പൊലീസ് നൽകിയ അപേക്ഷയിൽ കോടതി ജാമ്യം റദ്ദുചെയ്ത് പുറപ്പെടുവിച്ച വാറന്‍റിലാണ് അബുവിനെ കുന്നംകുളം പൊലീസ് പിടികൂടിയത്. 2021 ഡിസംബർ 31 നാണ് ആദ്യകേസിനാസ്പദമായ സംഭവം. പ്രതിഉൾപ്പെടെയുള്ള മൂന്നംഗസംഘത്തെ ചെമ്മണ്ണൂർ സെന്‍ററിൽ കാറിൽ വില്പനയ്ക്കായി കൊണ്ടുവന്ന 3.67 ഗ്രാം എ ഡിഎംഎ, 0.500 കിലോഗ്രാം കഞ്ചാവ്, 1.149 കിലോഗ്രാം കഞ്ചാവ് അടങ്ങിയ ലേഹ്യം എന്നിവയുമായി കുന്നംകുളം പൊലീസ് പിടികൂടിയ പ്രതികളെ റിമാന്‍റ് ചെയ്തിരുന്നു. ഈ കേസിലെ പ്രതികളിലൊരാളായ അബുവിന് സമാനസ്വഭാവത്തിലുള്ള ഇത്തരം കേസുകളിൽ ഉൾപെടരുത് എന്ന വ്യവസ്ഥയിൽ കോടതി ജാമ്യം നൽകുകയും ചെയ്തിരുന്നു.
എന്നാൽ 2024 ജനുവരിയിൽ പ്രതി 65 ഗ്രാം മെത്താഫിറ്റമിൻ വില്പനയ്ക്കായി കൊണ്ടുവന്ന് ചൂണ്ടൽ പ്രദേശത്തെ ഒരു വീട്ടിൽ സൂക്ഷിക്കുകയും പ്രതിയെ കുന്നംകുളം പോലീസ് കണ്ടെത്തി പിടികൂടി റിമാന്‍റ് ചെയ്യുകയുണ്ടായി. ഈ കേസിലും പ്രതിക്ക് കോടതി ജാമ്യം നൽകിയിരുന്നു. എന്നാൽ ആദ്യകേസിലെ ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനാൽ ജാമ്യം റദ്ദുചെയ്യണമെന്ന് ആവശ്യപെട്ട് കുന്നംകുളം പൊലീസ് നൽകിയ അപേക്ഷ സ്വീകരിച്ച കോടതി പ്രതിക്കെതിരെയുള്ള ജാമ്യം റദ്ദുചെയ്യുകയും പ്രതിക്കെതിരെ വാറന്‍റ് പുറപ്പെടുവിക്കുകയും ചെയ്തു. തുടർന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശത്തിൽ കുന്നംകുളം അസിസ്റ്റൻറ് കമ്മീഷണർ എൻ മുരളീധരന്‍റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിക്കുകയും അന്വേഷണത്തിൽ കൂനംമൂച്ചിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അന്വേഷണ സംഘം പിടികൂടുകയുമായായിരുന്നു.



