കോഴിക്കോട്: കോഴിക്കോട് ഷോപ്പിംഗ് കോംപ്ലക്സ് നടപ്പാതയിലെ കുഴിയിൽ വീണ് വ്യാപാരി മരിച്ച സംഭവത്തിൽ നടപടികളുമായി നഗരസഭ. സെഞ്ച്വറി കെട്ടിടത്തിന്റെ ഉടമയ്ക്ക് നഗരസഭ നോട്ടീസ് നൽകി. നോട്ടീസ് അനധികൃത നിർമ്മാണം ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. വടകര സ്വദേശിക്ക് തപാൽ മാർഗ്ഗമാണ് നോട്ടീസയച്ചത്.

കോഴിക്കോട് മൊഫ്യൂസല്‍ സ്റ്റാന്‍റിന് പരിസരത്തെ വസ്ത്ര മൊത്തവ്യാപാര കേന്ദ്രത്തില്‍ ശനിയാഴ്ച രാവിലെയായിരുന്നു അപകടം ഉണ്ടായത്. കയറ്റിറക്കിനുളള സൗകര്യത്തിനായി കെട്ടിടമുടമ ഒന്നാം നിലയിലെ നടവഴിയില്‍ നിര്‍മിച്ച ദ്വാരത്തിലൂടെ ഹൈദ്രോസ് ഹാജി വീഴുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടം പറ്റാതിരിക്കാനായി ഇരുമ്പ് ഷീറ്റും പ്ലൈവുഡും കൊണ്ട് കുഴിക്ക് അടപ്പുണ്ടാക്കിയിരുന്നെങ്കിലും ആരോ ഇത് തുറന്നു വച്ചതാണ് ദുരന്തത്തിന് കാരണമായത്.

ഹൈദ്രോസ് ഹാജിയുടെ മരണത്തിന് പിന്നാലെ സംഭവം ഒതുക്കിതീര്‍ക്കാനുളള നീക്കങ്ങളും നടന്നിരുന്നു. ഈ നിര്‍മാണത്തിനായി കോര്‍പറേഷന്‍റെ അനുമതി വാങ്ങിയിരുന്നില്ലെന്നും ചട്ടങ്ങള്‍ ലംഘിച്ചായിരുന്നു നിര്‍മാണമെന്ന് കോഴിക്കോട് കോര്‍പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ് പിന്നീട് അറിയിച്ചു. കൈവരി പൊളിച്ചുനീക്കിയാണ് ഉടമ നിര്‍മാണം നടത്തിയതെന്ന് സ്ഥലത്ത് പരിശോധന നടത്തിയ കോര്‍പറേഷന്‍ എഞ്ചിനീയറിംഗ് വിഭാഗവും അറിയിച്ചു.