തിരുവന്തപുരം: നഗരത്തിൽ ഇന്നലെ രാത്രി വീണ്ടും വാഹനാപകടം. തിരുവനന്തപുരം ശ്രീചിത്രയിലെ ഡോക്ടർ ദേവ് പ്രകാശ് ശർമയാണ് മദ്യ ലഹരിയിൽ വാഹനം ഡിവൈഡറിൽ ഇടിച്ചത്. ഇയാളുടെ ഹരിയാന രജിസ്ട്രേഷൻ വാഹനമാണ് അപകടത്തിൽപെട്ടത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

അപകടത്തിൽ നിസാരമായി പരിക്കേറ്റ ഡോക്ടറെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് വാഹനത്തിന്റെ ഡീസൽ ടാങ്ക് പൊട്ടിയൊഴുകി. ഇത് അഗ്നി ശമന സേനയുടെ നേതൃത്വത്തിൽ വൃത്തിയാക്കിയ ശേഷമാണ് വാഹനങ്ങൾ കടത്തിവിട്ടത്.

കഴിഞ്ഞ ദിവസം സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെഎം ബഷീർ കൊല്ലപ്പെട്ടിരുന്നു. മദ്യപിച്ച ശ്രീറാം അമിതവേ​ഗതയിലാണ് കാറൊടിച്ചിരുന്നത്. ഇന്നലെ പുലർച്ചെ ഒന്നരമണിയോടെ മ്യൂസിയം ജം​ഗ്ഷനിൽ വച്ചായിരുന്നു അപകടമുണ്ടായത്. കേസിൽ ശ്രീറാമിനെയും സുഹൃത്ത് വഫാ ഫിറോസിനെയും പൊലീസ് അറസ്റ്റ് ചെയ്തു.