തിരുവനന്തപുരം: അഞ്ച് മാസം മുമ്പ് പ്രധാനമന്ത്രി നേരിട്ടെത്തി ഉദ്ഘാടനം ചെയ്ത റോഡാണ് കൊല്ലം ബൈപ്പാസ്. ഉദ്ഘാടനത്തെ ചൊല്ലി രാഷ്ട്രീയ വിവാദങ്ങളും കേരളം കണ്ടു. 47 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് കൊല്ലത്തിന്‍റെ ബൈപ്പാസ് സ്വപ്നം യാഥാര്‍ത്ഥ്യമായത്. ബൈപ്പാസ് തുറന്നതിന്‍റെ ആഹ്ലാദത്തിലായിരുന്നു അന്ന് കൊല്ലം. പക്ഷേ ഇന്നത് ആധിയിലേക്ക് വഴിമാറിയിരിക്കുകയാണ്. അഞ്ച് മാസത്തിനിടെ 59 അപകടങ്ങളിലായി 10 ജീവനുകളാണ് പൊലിഞ്ഞത്. 53 പേർക്ക് ഗുരുതരമായി പരിക്കേറ്റു.  ജീവൻ തിരിച്ചുകിട്ടിയിട്ടും ജീവിതം വഴിമാറിയവർ നിരവധി. അത്താണി നഷ്ടപ്പെട്ട കുടുംബങ്ങളും അനവധിയാണ്.

13 കിലോമീറ്റർ നീളമുള്ള കൊല്ലം ബൈപ്പാസിൽ അപകടങ്ങളൊഴിഞ്ഞ ഒരു ദിവസമില്ല. പ്രധാനമന്ത്രി ബൈപ്പാസ് നാടിന് സമർപ്പിച്ച ദിവസം തന്നെ അപകടമുണ്ടായി. പിന്നീടിങ്ങോട്ട് അമ്പതിലേറെ അപകടങ്ങളാണ് ബൈപ്പാസിലുണ്ടായത്. ഈ മാസം മാത്രം 16 അപകടങ്ങൾ നടന്നു. കാൽനടയാത്രക്കാർ ഉൾപ്പെടെ 4 പേർക്ക് ജീവൻ നഷ്ടമായി. 14 പേർക്ക് പരിക്കേറ്റു. ഫെബ്രുവരി മുതൽ മെയ് വരെ 5 പേരാണ് കൊല്ലം ബൈപ്പാസിൽ നടന്ന വിവിധ വാഹനാപകടങ്ങളിലായി കൊല്ലപ്പെട്ടത്. 39 പേർക്ക് ഗുരുതരമായി പരിക്കേറ്റു. 

എന്ത് കൊണ്ട് കൊല്ലം ബൈപാസ്, "കൊല്ലും" ബൈപ്പാസായി?

കാലാനുസൃതമായി മാറ്റങ്ങൾ വരുത്താതെ നാൽപ്പത് വ‌‌ർഷം മുമ്പത്തെ അതേ രൂപരേഖയിൽ റോഡ് നിർമ്മിച്ചതും വേഗ നിയന്ത്രണത്തിനും ഗതാഗത നിയമലംഘനങ്ങൾ തടയാനും സംവിധാനങ്ങളില്ലാത്തതുമാണ് ബൈപ്പാസിനെ അപകടമേഖലയാക്കി മാറ്റിയത്. സര്‍വീസ് റോഡോ നടപ്പാതയോ അമിതവേഗം നിയന്ത്രിക്കാൻ സംവിധാനങ്ങളോ ബൈപാസിലില്ല. എന്തിനേറെ ട്രാഫിക് സിഗ്നൽ ബോര്‍ഡുകള്‍ പോലും കൊല്ലം ബൈപ്പാസിലില്ല. 

അമിതവേഗത്തിൽ വാഹനങ്ങള്‍ ചീറിപ്പാഞ്ഞ് അപകടമുണ്ടാക്കുമ്പോൾ ക്യാമറ വാങ്ങുന്നതിനെക്കുറിച്ചുള്ള സര്‍ക്കാര്‍ ഫയൽ ഇഴഞ്ഞു നീങ്ങുകയാണ്. വേഗതാ മുന്നറിയിപ്പ് ബോര്‍ഡുകൾ പോലും ബൈപ്പാസിലില്ല. 10 മീറ്റര്‍ വീതിയിലാണ് ബൈപ്പാസ് നിർമ്മിച്ചിരിക്കുന്നത്. ബൈപ്പാസില്‍ രണ്ട് വരി പാത മാത്രം. ഇടയ്ക്ക് മീഡിയനും ഇല്ല. അപകടസൂചന ബോര്‍ഡുകളും ഇതുവരെ സ്ഥാപിച്ചിട്ടില്ല. കാലം മാറിയതിന് അനുസരിച്ചും വാഹനപ്പെരുപ്പം കണക്കിലെടുത്തും രൂപരേഖ മാറ്റാതെയാണ് ബൈപ്പാസ് നിർമ്മിച്ചത്. നാല്‍പത് വര്‍ഷം മുമ്പുണ്ടാക്കിയ അതേ രൂപരേഖയിൽ 350 കോടി ചിലവിട്ടായിരുന്നു നിർമ്മാണം പൂർത്തിയാക്കിയത്. 

അതേസമയം അമിതവേഗം മാത്രമാണ് ഇവിടെ വില്ലനെന്നാണ് ദേശീയ പാത അതോറിറ്റിയുടെയും പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ചെറിയാൻ വര്‍ക്കി കമ്പനിയുടെയും നിലപാട്. ചോര വീഴും വഴിയാകരുത് ഇനിയെങ്കിലും കൊല്ലം ബൈപ്പാസ്. അതിനുള്ള പോംവഴി തേടുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ഈ പ്രത്യേക ചര്‍ച്ചയിലൂടെ.....

ലൈവ് ടിവി കാണാം...