സംസ്ഥാനത്ത് അപകട പരമ്പര. പാലക്കാട് കുളപ്പുള്ളിയിൽ ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ഷൊർണൂർ കല്ലിപ്പാടം മേലേക്കാട്ടിൽ ചന്ദ്രനാണ് മരിച്ചത്. പാലക്കാട് കുളപ്പുള്ളിയിൽ മറ്റൊരു അപകടത്തിൽ സ്കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു. ചെങ്ങന്നൂരിൽ നിയന്ത്രണം വിട്ട കാർ രണ്ട് ബസുകളിലിടിച്ചു.കണ്ണൂർ ഇരിട്ടി പഴയ പാലത്തിലെ ഉയര നിയന്ത്രണ സംവിധാനം വാഹനമിടിച്ചു തകർന്നു

പാലക്കാട്/ആലപ്പുഴ/കണ്ണൂര്‍: സംസ്ഥാനത്ത് അപകട പരമ്പര. പാലക്കാട് കുളപ്പുള്ളിയിൽ ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ഷൊർണൂർ കല്ലിപ്പാടം മേലേക്കാട്ടിൽ ചന്ദ്രനാണ് മരിച്ചത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പാലക്കാട് കുളപ്പുള്ളിയിൽ മറ്റൊരു അപകടത്തിൽ സ്കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു. സ്വകാര്യബസിൽ സ്‌കൂട്ടർ ഇടിച്ചുകയറുകയായിരുന്നു. സ്കൂട്ടര്‍ യാത്രക്കാരനായ വാണിയംകുളം സ്വദേശിക്ക് പരിക്കേറ്റു. കണ്ണൂർ ഇരിട്ടി പഴയ പാലത്തിലെ ഉയര നിയന്ത്രണ സംവിധാനം വാഹനമിടിച്ചു തകർന്നു. ഇന്നലെ രാത്രിയാണ് സംഭവം. ഹിറ്റാച്ചി കയറ്റിവന്ന മിനി ലോറിയിടിച്ചാണ് അപകടമുണ്ടായത്. ഹിറ്റാച്ചിക്കും കേടുപാടുകൾ സംഭവിച്ചു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. 

ആലപ്പുഴ ചെങ്ങന്നൂരിൽ നിയന്ത്രണം വിട്ട കാർ രണ്ട് ബസുകളിലിടിച്ചു. കെഎസ്ആർടിസി ബസിലും സ്വകാര്യ ബസിലുമാണ് ഇടിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. ബസുകളുടെ ഡ്രൈവർമാക്കും പരിക്കേറ്റു. ചെങ്ങന്നൂർ കല്ലിശേരി ജംഗ്ഷന് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. റോഡിലൂടെ പോവുകയായിരുന്ന കാര്‍ പെട്ടെന്ന് വലത്തോട്ട് തിരിഞ്ഞ് എതിര്‍ഭാഗത്ത് നിന്ന് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലിടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഇതോടെ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസും കാറും എതിര്‍ദിശയിൽ നിന്ന് വന്ന സ്വകാര്യ ബസിലിടിക്കുകയുമായിരുന്നു.