കഴിഞ്ഞ നവംബർ ഒന്നാംതീയതി റോയിയുടെ സഹോദരിയുടെ ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് 300 കുപ്പി വിദേശമദ്യം പിടികൂടിയിരുന്നു.

പത്തനംതിട്ട: വീട്ടിൽ നിന്ന് വൻതോതിൽ വിദേശമദ്യം പിടികൂടിയതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കൊല്ലമുള സ്വദേശി റോയി മാത്യുവാണ് പിടിയിലായത്. കഴിഞ്ഞ നവംബറിൽ എക്സൈസ് സംഘം വീടുവളഞ്ഞപ്പോൾ റോയി ഓടി രക്ഷപ്പെടുകയായിരുന്നു. കൈവിലങ്ങ് അണിയിച്ച് എക്സൈസ് സംഘം ഈ കൊണ്ടുപോകുന്നത് വെച്ചൂച്ചിറ കൊല്ലമുള സ്വദേശി റോയി മാത്യുവിനെയാണ്. കഴിഞ്ഞ നവംബർ ഒന്നാംതീയതി റോയിയുടെ സഹോദരിയുടെ ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് 300 കുപ്പി വിദേശമദ്യം പിടികൂടിയിരുന്നു.

YouTube video player

എക്സൈസ് സംഘം വീടുവളഞ്ഞപ്പോൾ റോയി ഇറങ്ങി ഓടി. അന്ന് മുതൽ പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ സ്വന്തം വീട്ടിലേക്ക് വരുംവഴി റോയിയെ എക്സൈസ് പിടികൂടി. റോയിയുടെ അമ്മ അന്നമ്മ ഈ കേസിൽ രണ്ടാംപ്രതിയായിരുന്നു. ജയിൽവാസം കഴിഞ്ഞ് ഇപ്പോൾ ജാമ്യത്തിലാണ്. അന്നമ്മയും റോയിയും ചേർന്നായിരുന്നു അനധികൃത മദ്യവില്പന എന്ന് എക്സൈസ് കണ്ടെത്തി.