സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വേനൽക്കാലത്തിന് സമാനമായി ഉയർന്നതിനാൽ ഇന്നും രാത്രി പവർക്കട്ട് ഉണ്ടാകും. ആവശ്യത്തിന് അധിക വൈദ്യുതി ലഭിക്കാത്തതും അണക്കെട്ടുകളിലെ വെള്ളം കുറഞ്ഞതുമാണ് പ്രതിസന്ധിക്ക് കാരണം

തിരുവനന്തപുരം: അധികമായി വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങള്‍ ഫലിക്കാത്തതിനാൽ സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകും. ഇന്നും വൈകീട്ട് 6.15 നും രാത്രി 12 .45 നും ഇടയിലായിരിക്കും വൈദ്യുതി നിയന്ത്രണമെന്നാണ് അറിയിപ്പ്. ഗ്രിഡ് ഫ്രീക്വന്‍സി കുറയുന്നതിനാലും കട്ടിന് സാധ്യതയുണ്ട്. ഇപ്പോഴത്തെ വര്‍ധിച്ച ഉപയോഗം കണക്കിലെടുത്ത് വേനൽക്കാലത്തേയ്ക്ക് ഉള്‍പ്പടെ വരും മാസങ്ങളിൽ കൂടുതൽ വൈദ്യുതി വാങ്ങാൻ സർക്കാർ ശ്രമം ഊർജ്ജിതമാക്കിയിട്ടുണ്ട്.

അധിക വൈദ്യുതി കിട്ടാതെ രക്ഷയില്ല

ഇന്നലത്തെ പോലെ ഇന്നും. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത കൂടുതൽ. കാറ്റാടി നിലയങ്ങളിലെ ഉത്പാദനം കുറഞ്ഞതിനാൽ ലഭ്യത കുറവ് . തത്സമയ വിപണയിൽ നിന്ന് കൂടുതൽ കിട്ടുമെന്നും ഉറപ്പില്ല. അധികമായുള്ളത് കേന്ദ്രം അനുവദിച്ച 150 മെഗാവാട്ട് മാത്രം. മധ്യപ്രദേശിൽ നിന്ന് കടമായി 200 മെഗാവാട്ട്. ഒഡിഷ്യയിൽ നിന്ന് ഉള്‍പ്പെടെ പ്രതീക്ഷിച്ച വൈദ്യുതി തരപ്പെടുത്താനുമായില്ല. അങ്ങനെ ആകെ മൊത്തം 900 മെഗാവാട്ട് വരെ വൈദ്യുതി കുറവുള്ള അവസ്ഥയാണ്. അതിനാൽ തന്നെ ഇന്നലത്തെ പോലെ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്നാണ് അറിയിപ്പ്. ഗ്രിഡ് ഫ്രീക്വൻസി കുറയുന്നതിൽ ആറ് മണി മുതൽ ഷെഡ്യൂള്‍ ചെയ്തതിനെക്കാള്‍ വൈദ്യുതി എടുക്കരുതെതെന്ന് റീജിയണൽ ലോഡ് ഡെസ്പാച്ച് സെന്‍ററിന്‍റെ മുന്നറിയിപ്പമുണ്ട്. ഇന്നലെ വേനൽക്കാലത്തേത് പോലെ 5496 മെഗാവാട്ടായിരുന്നു പീക്ക് ഡിമാന്‍റ്. 24.76 ദശലക്ഷം യൂണിറ്റ് ജലവൈദ്യുതി കൂടുതലായി ഉത്പാദിപ്പിച്ചെങ്കിലും പ്രശ്ന പരിഹാരത്തിന് ഇത് പര്യാപ്തമല്ല. പ്രതീക്ഷിച്ചതിന്‍റെ പകുതി പോലും നീരൊഴുക്കില്ലത്തിനാൽ അണക്കെട്ടുകളിലെ വെള്ളം സംഭരണ ശേഷിയുടെ 62 ശതമാനമായി കുറഞ്ഞ അവസ്ഥയിലാണ്. വെള്ളത്തിന്‍റെ കരുതൽ കുറയുന്നതിനാലും പ്രതീക്ഷിച്ചതിനെക്കാളും ആവശ്യത ജൂണ്‍ മുതൽ ഉയര്‍ന്നതിനാലും വേനൽക്കാലം ഉള്‍പ്പടെ വരും മാസത്തേയ്ക്ക് വേണ്ട വൈദ്യുതിയുടെ കണക്ക് കെ എസ് ഇ ബി കൂട്ടി. കഴിഞ്ഞ മാസങ്ങളിലെ വര്‍ധനയുടെ ശരാശരി കണക്കാക്കിയാണ് കൂട്ടിയത്. ഇത് അനുസരിച്ചാണ് കൂടുതൽ വൈദ്യുതി വാങ്ങാൻ ശ്രമം തുടങ്ങിയത്. പക്ഷേ ഏപ്രിലിൽ പീക്ക് ഡിമാന്‍റ് ഉയര്‍ത്തിയ കണക്ക് കൂട്ടലിലും ഒതുങ്ങുമോയെന്ന ആശങ്ക കെ എസ് ഇ ബിയിലുണ്ട്.