തിരുവനന്തപുരം: ആസിഡ് ആക്രമണത്തിന്‍റെ മുറിവുണങ്ങും മുമ്പേ ഭീഷണിയുടെയും ഭയത്തിന്‍റെയും നടുവിൽ ജീവിക്കുകയാണ് തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ ശശികല. ജാമ്യം കിട്ടി പുറത്തിറങ്ങിയ പ്രതി, തന്നെ കൊല്ലുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നാണ് ശശികലയുടെ പരാതി. നിരവധി തവണ പൊലീസിനെ സമീപിച്ചിട്ടും സുരക്ഷ ഒരുക്കുന്നില്ലെന്നും ആരോപണമുണ്ട്. 

അന്നേ വരെ ആർജ്ജിച്ചെടുത്ത കരുത്തും നെയ്തുകൂട്ടിയ സ്വപ്നങ്ങളുമെല്ലാം വെന്തുനീറി ഒരു നിമിഷം കൊണ്ട് അടർന്നു വീണു. കഴക്കൂട്ടം സ്വദേശിയായ വിനീഷുമായി നാല് വർഷം മുമ്പാണ് ഒന്നിച്ച് ജീവിക്കാനാരംഭിച്ചത്. കടുത്ത മദ്യപാനിയായ ഇയാൾ വീട്ടിൽ ബഹളമുണ്ടാക്കുന്നതും ഉപദ്രവിക്കുന്നതും പതിവായിരുന്നു. പലതവണ പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയൊന്നുമുണ്ടായില്ല. 

ഒടുവിൽ ഏപ്രിൽ 18 ന് പുലര്‍ച്ചെ ഉറങ്ങിക്കിടക്കുകയായിരുന്ന ശശികലയുടെ നേരെ ഇയാള്‍ ആസിഡ് ഒഴിച്ചു. മൂന്ന് മാസം നീണ്ട ആശുപത്രിവാസത്തിനൊടുവിൽ ഇപ്പോഴും വലത് കണ്ണടയ്ക്കാനാവില്ല. മുഖത്തെയും നെഞ്ചിലെയും വയറിലെയും പൊള്ളലുകൾ ഉണങ്ങിയിട്ടില്ല. ഈ വേദനകൾക്കിടയിൽ ഇപ്പോഴും, ഭീഷണികളുടെ നടുവിലാണ് ശശികലയും കുടുംബവും.

ആക്രമണത്തിന് പിന്നാലെ മംഗലപുരം പൊലീസ് വിനീഷിനെ പിടികൂടിയിരുന്നു. എന്നാൽ മൂന്ന് മാസം തികയും മുമ്പേ ജാമ്യത്തിലിറങ്ങിയ ഇയാൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന് ശശികല പറയുന്നു. രാസപരിശോധനാ ഫലം കിട്ടാത്തത് കാരണമാണ് കുറ്റപത്രം സമ‍ർപ്പിക്കാൻ വൈകുന്നതെന്നാണ് മംഗലപുരം പൊലീസിന്‍റെ വിശദീകരണം. ഭീഷണിയുണ്ടെങ്കിൽ സുരക്ഷ ഉറപ്പാക്കാമെന്നും മംഗലപുരം പൊലീസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. നീതിക്കായുള്ള കാത്തിരിപ്പിലാണ് ശശികല. പക്ഷേ, പ്രതീക്ഷയെക്കാൾ ഉപരി ഭയമാണ് ഇവർക്ക് ചുറ്റും.