ത‍ൃശ്ശൂർ: തൃശ്ശൂർ മാപ്രാണത്ത് ലോട്ടറി വ്യാപാരിയെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ ഒരു പ്രതി കീഴടങ്ങി. തിയേറ്റർ നടത്തിപ്പുകാരനായ സഞ്ജയ് രവിയാണ് പൊലീസിന് മുന്നിൽ കീഴടങ്ങിയത്. നേരത്തെ സഞ്ജയ്ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.  കേസിലെ പ്രതികളിൽ ഒരാളായ മാപ്രാണം സ്വദേശി മണികണ്ഠനെ പൊലീസ് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാപ്രാണം സ്വദേശിയും ലോട്ടറി വ്യാപാരിയുമായ രാജൻ കൊല്ലപ്പെട്ടത്. സിനിമ തിയേറ്ററിന്‍റെ മുന്നിലെ പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് രാജന് നേരെ ആക്രമണം നടക്കുകയായിരുന്നു.

വർണ തീയേറ്ററിന് സമീപത്തുള്ള വീടിനു മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെ ചൊല്ലി രാജനും സഞ്ജയും തമ്മിൽ നേരത്തെ തന്നെ അഭിപ്രായ വ്യത്യാസം ഉണ്ടായാരുന്നു. വെള്ളിയാഴ്ച അർദ്ധ രാത്രിയോടെ രാജന്റെ വീട്ടിൽ എത്തിയ സഞ്ജയും കൂടെ എത്തിയ മൂന്ന് പേരുമാണ് രാജനെയും കുടുംബത്തെയും ആക്രമിച്ചത്. കുത്തേറ്റ രാജനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പുലർച്ചയോടെ മരിക്കുകയായിരുന്നു. ആക്രമണം തടയാനെത്തിയ രാജന്റെ മരുമകൻ വിനുവിനും പരിക്കേറ്റിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച വടിവാൾ പ്രദേശത്തെ പറമ്പിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.