പൊലീസിനൊപ്പമുള്ള ഒരു ദിവസത്തെ 'കറക്കം' അവസാനിച്ചു. ഒടുവില്‍ റിമാന്‍ഡ് പ്രതികളെ ആലുവ സബ്ജയിലില്‍ പ്രവേശിപ്പിക്കാൻ തീരുമാനമായി. കൊവിഡ് പരിശോധനാഫലം ഇല്ലാതെ റിമാൻഡ് പ്രതികളെ ജയിലിൽ പ്രവേശിപ്പിക്കില്ലെന്ന് ജയിൽ മേധാവിയുടെ നിലപാട് കോടതി തടയുകയും റിമാന്റ് ചെയ്ത പ്രതികളെ പ്രവേശിപ്പിക്കാത്തത് കോടതി അലക്ഷ്യമാണെന്നാണ് മജിസ്ട്രേറ്റ് ഉത്തരവിടുകയും ചെയ്തതോടെയാണ് പ്രതികള്‍ക്കൊപ്പമുള്ള മാരാരിക്കുളം പൊലീസിന്‍റെ ഒരു ദിവസത്തെ കറക്കം അവസാനിച്ചത്. പ്രതികളെ ജയിലില്‍ പ്രവേശിപ്പിക്കാന്‍ മാരാരിക്കുളം പൊലീസ് ആലപ്പുഴ മജിസ്‌ട്രേറ്റിന്റെ പ്രത്യേക ഉത്തരവും വാങ്ങി. ഇതോടെ പ്രതികളെ ആലുവ സബ്ജയിലില്‍ പ്രവേശിപ്പിക്കാൻ ജയിൽ വകുപ്പും അനുമതി നൽകുകയായിരുന്നു

റിമാൻഡ് പ്രതികളുമായി മാരാരിക്കുളം സിഐ ഉൾപ്പെടെ പത്ത് പൊലീസുകാർ ഒരു ദിവസം മുഴുവൻ  വട്ടം കറങ്ങിയതിന് ശേഷമാണ് കോടതിയുടെ ഉത്തരവ്. കള്ളവാറ്റ് കേസിൽ അറസ്റ്റിലായ നാല് പ്രതികളെ കൊണ്ടായിരുന്നു മാരാരിക്കളും പൊലീസിന്‍റെ കറക്കം. ഇന്നലെ ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ വൈകീട്ട് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലാ ജയിലിൽ സ്ഥലം ഇല്ലാത്തതിനാൽ ആലുവ സബ് ജയിലിലേക്ക് കൊണ്ടുപോയി. എന്നാൽ കൊവിഡ് പരിശോധനാ ഫലം ഇല്ലെന്ന കാരണത്തിൽ പ്രതികളെ ജയിലിൽ പ്രവേശിപ്പിച്ചില്ല. ഇന്ന് രാവിലെ വീണ്ടും മജിസ്ട്രേറ്റിനു മുന്നിൽ പ്രതികളെ എത്തിച്ചെങ്കിലും ഒരിക്കൽ റിമാൻഡ് ചെയ്ത പ്രതികളെ ജയിലിൽ അടയ്ക്കുക അല്ലാതെ മറ്റ് മാർഗമില്ലെന്ന് കോടതിയും നിലപാടെടുത്തു. ഒടുവിലാണ് കോടതിയുടെ ഉത്തരവ്.