പത്തനംതിട്ട: റാന്നി പഞ്ചായത്തിൽ എൽഡിഎഫ്‌ പ്രസിഡന്‍റ് സ്ഥാനാർഥിക്ക്  വോട്ട് ചെയ്ത ബിജെപി അംഗങ്ങളെ പാർട്ടി സസ്‌പെന്‍റ് ചെയ്തു. കെ പി രവീന്ദ്രൻ, വിനോദ് എ എസ് എന്നിവർക്കെതിരെയാണ് നടപടി. പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയ കേരള കോൺഗ്രസ് അംഗം ശോഭ ചാർളിക്ക് ബിജെപിയുടെ  രണ്ട് അംഗങ്ങളും വോട്ട് ചെയ്തത് വലിയ വിവാദം ആയിരുന്നു. ഇക്കാര്യത്തിൽ ബിജെപി മൗനം തുടരുന്നതിനിടെയാണ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ബിജെപിയുമായി ഒപ്പിട്ട കരാർ പുറത്തു വന്നത്.

എൽഡിഎഫിന്‍റെ പരിപാടികളിൽ നിന്ന് വിട്ട് നിൽക്കും. കേരള കോണ്‍ഗ്രസ് പരിപാടികളിൽ മാത്രമേ പങ്കെടുക്കു എന്നാണ് ശോഭ ചാർലി 100 രൂപ മുദ്ര പത്രത്തിൽ ബിജെപി റാന്നി നിയോജക മണ്ഡലം പ്രസിഡന്‍റ് ഷൈൻ ജി കുറുപ്പിന് ഒപ്പിട്ട് നൽകിയിരിക്കുന്നത്. കരാർ പുറത്ത് വന്നതിന് പിന്നാലെയാണ് രണ്ട് ബിജെപി അംഗങ്ങളെയും ജില്ലാ കമ്മിറ്റി സസ്പെൻഡ് ചെയ്തത്. പഞ്ചായത്ത് മെമ്പർ സ്ഥാനം രാജി വെക്കണോ എന്ന കാര്യത്തിൽ നേതൃത്വം നിലപാട്‌ വ്യക്തമാക്കിയിട്ടില്ല.  നേരത്തെ ശോഭ ചാർലിയെ എൽഡിഎഫ് പുറത്താക്കിയിരുന്നു. മുന്നണി ആവശ്യപ്പെട്ടിട്ടും രാജി വയ്ക്കാൻ ശോഭ ചാർലി തയ്യാറാകാത്തിനെ തുടർന്നായിരുന്നു നടപടി. 

എന്നാൽ കേരള കോൺഗ്രസ് ഇതു വരെ ശോഭയോട് രാജി ആവശ്യപ്പെട്ടില്ല. പതിമൂന്ന് അംഗ പഞ്ചായത്തിൽ എല്‍ഡിഎഫിനും യുഡിഎഫിനും അഞ്ച് അംഗങ്ങളും ബിജെപിക്ക് രണ്ടും ഒരു സ്വതന്ത്രനുമാണ് വിജയിച്ചത്. സ്വതന്ത്രന്‍റെ പിന്തുണയിൽ യുഡിഎഫ് വിജയം ഉറപ്പിച്ചിരിക്കെ ആയിരുന്നു ബിജെപി പിന്തുണയിൽ അപ്രതീക്ഷിത അട്ടിമറി ഉണ്ടായത്. സംസ്ഥാന വ്യാപകമായി വിഷയം ചർച്ച ആയതോടെ സിപിഎം മണിക്കൂറുകൾക്കകം പ്രസിഡന്‍റ് സ്ഥാനം രാജിവെക്കുമെന്ന് അറിയിക്കുകയായിരുന്നു.