ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും ജില്ലാ കൗൺസിലിൽ നിന്നും ഒഴിവാക്കി. ഇന്ന് ചേർന്ന സിപിഐ ജില്ലാ നേതൃയോഗമാണ് തീരുമാനിച്ചത്.

തിരുവനന്തപുരം: സിപിഐ നേതാവ് ഭാസുരാം​ഗനെതിരെ ഒടുവിൽ നടപടി. ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും ജില്ലാ കൗൺസിലിൽ നിന്നും ഒഴിവാക്കി. ഇന്ന് ചേർന്ന സിപിഐ ജില്ലാ നേതൃയോഗമാണ് തീരുമാനിച്ചത്. കണ്ട്ല സർവ്വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ ആക്ഷേപമാണ് സിപിഐയുടെ ജില്ലാ എക്സിക്യൂട്ടീവ് അം​ഗം കൂടിയായ ഭാസുരാം​ഗനെതിരെ ഉയർന്നത്. ക്ഷീരസഹകരണ സൊസൈറ്റിയുമായി ബന്ധപ്പെട്ടും പണാപഹരണ ക്രമക്കേടുകൾ ഉയർന്നിരുന്നു. പക്ഷേ അന്നെല്ലാം പാർട്ടി ഭാസുരാം​ഗനെ സംരക്ഷിക്കുകയാണ് ഉണ്ടായത്. എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പാർട്ടി അം​ഗം കൂടി ആയിട്ടുള്ള സജികുമാർ മറ്റൊരു പാർട്ടി അം​ഗത്തിന്റെ ശരീരത്തിൽ ആസിഡ് ആക്രമണം നടത്തുകയും തുടർന്ന് ഇയാൾ ആത്മഹത്യ ചെയ്യുകയും ചെയ്തത്. 

ഇയാളുടെ ആത്മഹത്യക്കുറിപ്പിലും ഡയറിക്കുറിപ്പിലും ഭാസുരാം​ഗൻ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപണമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ന് ചേർന്ന സിപിഐ ജില്ലാ എക്സിക്യൂട്ടീവ് യോ​ഗം ഇക്കാര്യം ചർച്ച ചെയ്യുകയും ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും ജില്ലാ കൗൺസിലിൽ നിന്നും ഭാസുരാം​ഗനെ മാറ്റാനും തീരുമാനിച്ചത്. എന്നാൽ നിലവിൽ മിൽമയുടെ അഡ്മിനിസ്ട്രേറ്റീവ് ബോർഡിൽ കൺവീനറാണ് ഭാസുരാം​ഗൻ. അത്തരം സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടാനായി പാർട്ടി തീരുമാനിച്ചിട്ടില്ല. പാർട്ടിയുടെ ഈ രണ്ട് സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കാനാണ് നിലവിൽ തീരുമാനമെടുത്തിട്ടുള്ളത്.

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിലും മാറനല്ലൂർ ക്ഷീര സഹകരണസംഘത്തിലും ക്രമക്കേടിലും ഭാസുരാംഗന്റെ പങ്കിനെകുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ വാർത്താ പരമ്പര ചെയ്തിരുന്നു. അന്ന് ഗുരുതര ക്രമക്കേട് കണ്ടെത്തിയിട്ടും സിപിഐ ഭാസുരാംഗനെ സംരക്ഷിക്കുകയായിരുന്നു. ഒടുവിൽ സഹകരണ തട്ടിപ്പ് ആസിഡ് ആക്രമണത്തിലേക്കും ആത്മഹത്യയിലേക്കും നീണ്ടതോടെയാണ് പാർട്ടി ഗത്യന്തരമില്ലാതെ നടപടി എടുത്ത് മുഖം രക്ഷിക്കാനൊരുങ്ങുന്നത്. 

സാമ്പത്തിക തർക്കത്തെ തുടർന്ന് സിപിഐ മാറനല്ലൂർ ലോക്കൽ സെക്രട്ടറി സുധീർഖാൻെറ മുഖത്ത് മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സജികുമാർ ആസിഡ് ഒഴിച്ചു. ഒളിവിൽ പോയ സജികുമാറിനെ പിന്നീട് ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്. സജികുമാറിന്റെ ആത്മഹത്യാ കുറിപ്പിലും ഡയറിയിലും ഭാസുരാംഗനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. ഇതേ തുടർന്ന് പാർട്ടി അന്വേണ കമ്മീഷനെ വെച്ചു. കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. ഇന്ന് ചേർന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗമാണ് തീരുമാനമെടുത്തത്. സിപിഐ ജില്ലാ നേതാക്കള്‍ക്കും പണം കൈമാറിയിട്ടുണ്ടെന്ന് കുറിപ്പിലുണ്ട്. ഭാസുരാംഗനെതിരെ ആരോപണത്തിൽ പക്ഷെ പൊലിസ് അന്വേഷണം കാര്യക്ഷമായി നീങ്ങുന്നില്ല. കണ്ടല സഹകരണ സംഘം തട്ടിപ്പിൽ 15 കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എല്ലാം പാർട്ടി നടപടിയിലൊതുക്കി നീങ്ങുകയാണ് സിപിഐ.

മാറനല്ലൂരിൽ സിപിഐ നേതാവിൻ്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവം; പ്രതി ആത്മഹത്യ ചെയ്തു

മാറനല്ലൂരിലെ ആസിഡ് ആക്രമണം; പ്രതി സജികുമാറിന്‍റെ ആത്മഹത്യ സിപിഐ ജില്ലാ നേതൃത്വം അന്വേഷിക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്