'ബിജെപിയുടെ കൂടെ ചേർന്ന് കെ റെയിൽ സമരം നടത്തുന്നവർക്ക് എതിരെ നടപടിയെടുക്കാത്ത കോൺഗ്രസാണ് പാർട്ടി കോൺഗ്രസിലെ സെമിനാറിന് വന്നതിന്‍റെ പേരിൽ കെ വി തോമസിനെതിരെ നടപടി ശുപാർശ ചെയ്യുന്നത്', എന്ന് കോടിയേരി. 

കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംപിയുമായ കെ വി തോമസിനെ പുറത്താക്കിയാൽ സിപിഎം രാഷ്ട്രീയ അഭയം നൽകുമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെ വി തോമസിനെ പുറത്താക്കിയാൽ അഭയം കിട്ടാൻ ഇടത് പക്ഷത്ത് യാതൊരു പ്രയാസവുമില്ല. കോൺഗ്രസ് പുറത്താക്കുന്നവർക്ക് സിപിഎം അഭയം നൽകുമെന്നും കോടിയേരി കോഴിക്കോട്ട് നടത്തിയ ബഹുജനക്യാംപെയിനിൽ പ്രഖ്യാപിച്ചു. 

'ബിജെപിയുടെ കൂടെ ചേർന്ന് കെ റെയിൽ സമരം നടത്തുന്നവർക്ക് എതിരെ നടപടിയെടുക്കാത്ത കോൺഗ്രസാണ് പാർട്ടി കോൺഗ്രസിലെ സെമിനാറിന് വന്നതിന്‍റെ പേരിൽ കെ വി തോമസിനെതിരെ നടപടി ശുപാർശ ചെയ്യുന്നത്. കോൺഗ്രസും ബിജെപിയും ഒന്നിച്ചാണ് കല്ല് പറിക്കാൻ പോകുന്നത്. കോൺഗ്രസിന് സിപിഎമ്മിനോടാണ് വിരോധം. ആർഎസ്എസ്സിനോടല്ല. കെ വി തോമസിനെ പുറത്താക്കിയാൽ അഭയം കിട്ടാൻ ഇടത് പക്ഷത്ത് യാതൊരു പ്രയാസവുമില്ല. കോൺഗ്രസ് പുറത്താക്കുന്നവർക്ക് സിപിഎം അഭയം നൽകും'', കോടിയേരി വ്യക്തമാക്കി. 

കോൺഗ്രസ്സുകാർ ആർഎസ്എസ് ഉയർത്തുന്ന ഹിന്ദുത്വ മുദ്രാവാക്യത്തിന് പിന്നാലെയാണ് എന്ന് കോടിയേരി ആരോപിക്കുന്നു. പലയിടത്തും കോൺഗ്രസുകാർ ബിജെപിയാണ്. കേരളത്തിലും അതാകാനാണ് ശ്രമിക്കുന്നത്. 35 വർഷം വർഗ്ഗീയ കലാപങ്ങൾ ഇല്ലാത്ത പശ്ചിമ ബംഗാളിൽ ഇന്ന് കലാപങ്ങൾ പതിവായി. ഇടതു പക്ഷം ഇല്ലാതായാൽ പല ശക്തികളും അഴിഞ്ഞാടും, കലാപമുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.

വിലക്ക് ലംഘിച്ച് സിപിഎം പരിപാടിയില്‍ പങ്കെടുത്ത കെ വി തോമസിനെ പദവികളില്‍ നിന്ന് നീക്കാനും താക്കീത് നല്‍കാനും കോൺഗ്രസ് അച്ചടക്ക സമിതി ശുപാർശ ചെയ്തിരുന്നു. ഇക്കാര്യത്തിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ അന്തിമ തീരുമാനം നാളെ വന്നേക്കും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടക്കം മുന്നില്‍ കണ്ടാണ് കടുത്ത നടപടികള്‍ കോണ്‍ഗ്രസ് ഒഴിവാക്കിയത്. 

എഐസിസി അംഗം, കേരളത്തിലെ രാഷ്ട്രീയകാര്യ സമിതി അംഗം എന്നീ പദവികളില്‍ നിന്ന് കെ വി തോമസിനെ ഒഴിവാക്കും. പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണത്തിനൊപ്പം നിലപാട് നേരിട്ട് വ്യക്തമാക്കാനുള്ള അവസരം വേണമെന്ന ആവശ്യവും കെ വി തോമസ് അച്ചടക്ക സമിതിക്ക് മുൻപാകെ വച്ചിരുന്നു. ഇത് രണ്ടും തള്ളിയാണ് പാർട്ടി പദവികളിൽ നിന്ന് ഒഴിവാക്കാന്‍ എ കെ ആന്‍റണി അധ്യക്ഷനായ അച്ചടക്ക സമിതി തീരുമാനിച്ചത്. 

കര്‍ശനമായ നടപടി വേഗത്തില്‍ കൈക്കൊള്ളണമെന്ന് കെപിസിസി ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാർട്ടിയിൽ നിന്ന് പുറത്താക്കുന്ന കടുത്ത നടപടിയുണ്ടായില്ല. ഒരു സെമിനാറിൽ പങ്കെടുത്തതിന് പാർട്ടി പുറത്താക്കിയാൽ കെ വി തോമസ് രാഷ്ട്രീയമായി അത് ഉപയോഗപ്പെടുത്തുമെന്ന് കോണ്‍ഗ്രസില്‍ വിലയിരുത്തൽ ഉണ്ടായി. 

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കെ വി തോമസ് അങ്ങനെയൊരു വീരപരിവേഷത്തോടെ ഇടത്തോട് ചായുമെന്നത് കൂടി മുന്നില്‍ കണ്ടാണ് പാർട്ടി നീക്കം. ഒപ്പം ദേശീയ പ്രാധാന്യമുള്ള ഒരു സെമിനാറിൽ പങ്കെടുത്തതതിലെ കടുത്ത നടപടി പാര്‍ട്ടിക്ക് ദേശീയ തലത്തിൽ മറ്റു പാർട്ടികളുമായുള്ള ബന്ധത്തെ ബാധിക്കുമെന്നതും കണക്കിലെടുത്താണ് കടുത്ത നടപടി ഒഴിവാക്കിയത്. ആദ്യ തവണ വിശദീകരണം നല്‍കിയപ്പോള്‍ മുന്‍പും നേതാക്കള്‍ ഇടതുവേദികളിൽ സഹകരിച്ചത് കെ വി തോമസ് ചൂണ്ടിക്കാട്ടിയിരുന്നു. അടുത്തിടെ രണ്ടാമതും സമിതിക്ക് കത്തയച്ച കെ വി തോമസ് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിയോടൊപ്പം ഇഫ്താര്‍ പാർട്ടിയില്‍ പങ്കെടുത്തതും വിഷ്ണുനാഥ് എഐഎസ്എഫ് വേദിയില്‍ പോയതും ചൂണ്ടിക്കാട്ടിയിരുന്നു.

നേതാക്കള്‍ക്ക് എതിരെ മോശം പരാമ‍ർശം നടത്തിയ പഞ്ചാബ് മുന്‍ പിസിസി അധ്യക്ഷന്‍ സുനില്‍ ജാക്കറിനെ രണ്ട് വര്‍ഷം സസ്പെന്‍റ് ചെയ്യാനും അച്ചടക്ക സമിതി ശുപാർശ ചെയ്തിട്ടുണ്ട്.