കേരളത്തിൽ മറുനാടൻ മലയാളിയെന്ന മാധ്യമ സ്ഥാപനത്തിനെതിരായ നടപടികൾ തുടരുകയാണ്. കേട്ടുകേൾവിയില്ലാത്ത ചില നടപടികൾ പൊലീസ് സ്വീകിരക്കുമ്പോൾ ഇരുപക്ഷം ചേർന്നുള്ള വാദപ്രതിവാദങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നടക്കുന്നുണ്ട്
തിരുവനന്തപുരം: കേരളത്തിൽ മറുനാടൻ മലയാളിയെന്ന മാധ്യമ സ്ഥാപനത്തിനെതിരായ നടപടികൾ തുടരുകയാണ്. കേട്ടുകേൾവിയില്ലാത്ത ചില നടപടികൾ പൊലീസ് സ്വീകിരക്കുമ്പോൾ ഇരുപക്ഷം ചേർന്നുള്ള വാദപ്രതിവാദങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നടക്കുന്നുണ്ട്. മറുനാടന്റെ മാധ്യമപ്രവർത്തന രീതിയോട് യോജിപ്പില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുതന്നെ, ഇതേ കേസിൽ മാധ്യമപ്രവർത്തകർക്കെതിരായി പൊലീസ് സ്വീകരിച്ച നടപടികളെ അപലപിക്കുകയാണ് കെയുഡബ്ല്യൂജെ. മറുനാടന്റെ പ്രവർത്തന ശൈലിയും അനുബന്ധ ചർച്ചകളും മാറ്റിവച്ച്, ഈ നടപടികളെ മാധ്യമങ്ങൾക്കെതിരായ ഭീഷണിയായി കണക്കാക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. ആ ചർച്ചകൾ ഇങ്ങനെയൊക്കെയാണ്.
മറുനാടൻ ഓഫീസുകളിൽ റെയ്ഡ് നടത്തുന്നു, കമ്പ്യൂട്ടറും ഹാർഡ് ഡിസ്കും അടക്കമുള്ളവ പിടിച്ചെടുക്കുന്നു. ഒരാൾക്കെതിരായ കേസിൽ ആ ഓഫീസ് പ്രവർത്തനം തന്നെ തടസപ്പെടുത്തുന്നു... അത്തരത്തിൽ കേട്ടുകേൾവിയില്ലാത്ത നടപടികളുമായാണ് പൊലീസ് മുന്നോട്ടുപോകുന്നത്. കേസിനാസ്പദമായ വീഡിയോ തയ്യാറാക്കിയ ഉപകരണം കണ്ടെത്താ നാണ് ഓഫീസിലെ എല്ലാ കമ്പ്യൂട്ടറുകളും പിടിച്ചെടുത്ത നടപടിയെന്ന പൊലീസ് വിശദീകരണവും ചോദ്യം ചെയ്യപ്പെടുന്നു. ഇതൊന്നും അത്ര നിശ്കളങ്കമായി വിലയിരുത്താവുന്നവയല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
റുനാടനെതിരായ കേസിൽ പൊലീസ് എടുക്കുന്ന മറ്റു ചില നടപടികൾ കൂടിയാണ് ഇത് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. ഓഫീസുകളിലെ കമ്പ്യൂട്ടറുകളടക്കമുള്ളവ പിടിച്ചെടുത്തതിന് പുറമെ, ഒളിവിൽ കഴിയുന്ന ഷാജൻ സ്കറിയക്കെതിരായ കേസിൽ സ്ഥാപനത്തിലെ കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള മാധ്യമപ്രവർത്തകരുടെയെല്ലാം വീടുകളിൽ അർധരാത്രി കയറി റെയ്ഡ് നടത്തുന്നു. അവരുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സിപിഎം സർക്കാറിന്റെ വേട്ടയുടെ ലക്ഷ്യം മറുനാടൻ മാത്രമല്ലെന്നല്ലേ?, അല്ലെങ്കിൽ മാധ്യമങ്ങളോടും മാധ്യമപ്രവർത്തകരോടും ഉള്ള സർക്കാറിന്റെ സമീപനം കൂടിയല്ലേ ഇത് എന്നും മാധ്യമ സംഘടനകൾ അടക്കമുള്ളവർ ചോദ്യം ഉന്നയിക്കുന്നു.
സിപിഎം എംഎൽഎ പി വി ശ്രീനിജിനെതിരെ നൽകിയ വാർത്തയുടെ പേരിലാണ് മറുനാടൻ യൂട്യൂബ് ചാനലിന്റെ എഡിറ്ററും പ്രസാധകനുമായ ഷാജൻ സ്കറിയയുടെ പേരിൽ എസ്‌സി/എസ്ടി നിയമപ്രകാരം കേസെടുത്തത്. കേസിൽ മുൻകൂർ ജാമ്യം കേരള ഹൈക്കോടതി അടുത്തിടെ നിരസിച്ചിരുന്നു. ഏതൊരു ഉത്തരവാദിത്തപ്പെട്ട സർക്കാരുകളിൽ നിന്നും പ്രതീക്ഷിക്കാവുന്ന നടപടികളായിരുന്നില്ല, ഇതിന് ശേഷം സിപിഎം സർക്കാരിൽ നിന്ന് ഉണ്ടായത്. കോടതി മുൻകൂർ ജാമ്യാപേക്ഷ നിഷേധിച്ചതിന് പിന്നാലെ കേരളാ പൊലീസിനെ ഉപയോഗിച്ച് മറുനാടനെ പൂട്ടിക്കാനുള്ള ആസൂത്രിത നീക്കമെന്ന് സംശയിപ്പിക്കുന്നതായിരുന്നു ഈ നടപടികളെന്നും ആരോപണം ഉയരുന്നു.
രണ്ട് ദശലക്ഷം ഫോളോവേഴ്‌സുള്ള മറുനാടൻ സിപിഎമ്മിന്റെ കടുത്ത വിമർശകരാണ്, അതുകൊണ്ടുതന്നെ തങ്ങൾക്കെതിരായി നിൽക്കുന്ന ഒരു വേദിയെ നിശബ്ദമാക്കാൻ കൂടി ഈ അവസരം ഉപയോഗിക്കുകയാണ് എന്ന് വ്യക്തമാണ്. സിപിഎം എംഎൽഎയായ പിവി അൻവർ കഴിഞ്ഞ ഒരു മാസമായി ചാനൽ അടച്ചുപൂട്ടുമെന്ന് ഭീഷണി മുഴക്കി നടക്കുന്നതും പിന്നാലെയുള്ള ഈ നടപടികളും പിന്നെ എങ്ങനെ വിലയിരുത്തണം?. നിലവിൽ ഷാജൻ സ്കറിയ മുൻകൂർ ജാമ്യത്തിനായി സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ, ഓഫീസിലെ ഒരാളെ പിടികൂടാനെന്ന പേരിൽ ഓഫീസ് തന്നെ അടച്ചുപൂട്ടുന്ന നിലയിലേക്ക് പൊലീസിനെ ഉപയോഗിച്ചുള്ള നടപടി മാധ്യമങ്ങളെ ഭയപ്പെടുത്താനും ഭീഷണിപ്പെടുത്താനുമുള്ള ഇടതുപക്ഷ സർക്കാറിന്റെ തന്ത്രം മാത്രമാണ്. പല അഴിമതി ആരോപണങ്ങളും സർക്കാറിനെതിരെ ഉയരുമ്പോഴും എല്ലാ മാധ്യമങ്ങളുടെയും വിശ്വാസ്യതയെ ഇല്ലാതാക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾ നടത്തുന്നതുപോലെ ഈ നടപടികളും നിശ്കളങ്കമല്ലെന്നും ആവർത്തിക്കുകയാണ് ഒരു വിഭാഗം. മറുനാടൻ രീതിയോട് ഐക്യപ്പെടാത്തവർക്കും പൊലീസ് നടപടികളിൽ എതിരഭിപ്രായമാണ്. മറുനാടനെതിരായ നിയമപരമായ രീതിയിലുള്ള നടപടികളാണ് തുടരേണ്ടതെന്നും ഒരു വിഭാഗം സോഷ്യൽ മീഡിയയിൽ കുറിക്കുന്നു.
