അസിസ്റ്റന്റ് രജിസ്ട്രാർ ആസിഫ് മുഹമ്മദിനോട് വിശദീകരണം ചോദിക്കും. ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. സിൻഡിക്കേറ്റ് സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
കോട്ടയം: എം ജി സർവകലാശാലയിൽ (MG University) കൈക്കൂലി കേസില്‍ എംബിഎ സെക്ഷൻ ഓഫീസർ ഐ സാജന് സസ്പെൻഷൻ. അസിസ്റ്റന്റ് രജിസ്ട്രാർ ആസിഫ് മുഹമ്മദിനോട് വിശദീകരണം ചോദിക്കാനും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. സിൻഡിക്കേറ്റിന്റെ അന്വേഷണ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സാജൻ ജാഗ്രതക്കുറവും കൃത്യവിലോപവും കാട്ടിയെന്നായിരുന്നു സിൻഡിക്കേറ്റ് റിപ്പോർട്ട്. എംബിഎ വിഭാഗത്തിൽ ഉണ്ടായ വീഴ്ചകൾ ഗൗരവമായി എടുക്കാതിരുന്നതിനാണ് അസിസറ്റന്റ് റജിസ്ട്രാറോട് വിശദീകരണം ചോദിച്ചത്. കൈക്കൂലി വാങ്ങിയ ജീവനക്കാരി സി ജെ എൽസിയെ സസ്പെൻഡ് ചെയ്ത നടപടിക്ക് യോഗം അംഗീകാരം നൽകി. സമിതി ശുപാർശകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തുടർനടപടി സ്വീകരിക്കാൻ വൈസ് ചാൻസലറെ ചുമതലപ്പെടുത്തി. റിപ്പോർട്ടിന്മേലുള്ള നടപടിയും അന്വേഷണവും തുടരും. എൽസി രണ്ട് മാർക്ക് ലിസ്റ്റുകൾ തിരുത്തിയെന്ന സൂചനയും സിൻഡിക്കേറ്റ് സമിതിയുടെ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. സിൻഡിക്കേറ്റ് അംഗം ഡോ. ടി ഹരികൃഷ്ണൻ അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തിയത്.
കൈക്കൂലിക്കേസിൽ അറസ്റ്റിലായ എൽസി നേരത്തേയും മാർക്ക് തിരുത്തി
എം ജി സർവകലാശാലയിൽ മാർക്ക് ലിസ്റ്റ് തയ്യാറാക്കി നൽകാൻ വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങി അറസ്റ്റിലായ സർവ്വകലാശാല അസിസ്റ്റന്റ് സി ജെ എൽസി മറ്റ് രണ്ട് വിദ്യാർത്ഥികളുടെ കൂടി മാർക്ക് തിരുത്തിയതായി സൂചന. സർവകലാശാല സിൻഡിക്കേറ്റ് ഉപ സമിതിയുടെതാണ് കണ്ടെത്തൽ. വിശദമായ അന്വേഷണത്തിന് ഉപസമിതിയുടെ ശുപാർശ ചെയ്തിട്ടുണ്ട്. അതേസമയം, കൈക്കൂലി വാങ്ങിയത് എൽസി മാത്രമാണെന്നും ഉപസമിതി കണ്ടെത്തി. എം ജി സർവകലാശാലയിയെ എം ബി എ സെക്ഷൻ ഓഫീസർക്ക് ജാഗ്രത കുറവുണ്ടായി എന്നും സിൻഡിക്കേറ്റ് ഉപസമിതി കണ്ടെത്തിയിരുന്നു.
മൂല്യനിർണയ രീതികളിൽ മാറ്റം വരുത്താനും സിൻഡിക്കേറ്റ് ഉപസമിതി ശുപാർശ നൽകിയിട്ടുണ്ട്. 7000 ഡിഗ്രി സർട്ടിഫിക്കറ്റുകൾ ആണ് സർവകലാശാലയിൽ കെട്ടിക്കിടക്കുന്നത് എന്നും സമിതി കണ്ടെത്തി. പരീക്ഷാ ഫലങ്ങളിലെ കാലതാമസം ഒഴിവാക്കാൻ പ്രത്യേക ക്യാംപുകൾ വേണമെന്നും സിൻഡിക്കേറ്റ് ഉപസമിതി സമിതി ശുപാർശ നൽകി. മാർക്ക് ലിസ്റ്റ് തയ്യാറാക്കി നൽകാൻ വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയ എം ജി സർവകലാശാല സെക്ഷൻ അസിസ്റ്റൻ്റ് ആർപ്പൂക്കര സ്വദേശിനി എൽസി സി ജെ ആണ് വിജിലൻസിന്റെ പിടിയിലായത്.
എംബിഎ മാർക്ക് ലിസ്റ്റിനും പ്രൊഫെഷണൽ സർട്ടിഫിക്കറ്റിനുമായി കൈക്കൂലി വാങ്ങിതിനായിരുന്നു അറസ്റ്റ്. പത്തനംതിട്ട സ്വദേശിയിൽ നിന്നാണ് എൽസി ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ബാങ്ക് വഴി ഒന്നേകാൽ ലക്ഷം രൂപ കൈപ്പറ്റി. ബാക്കി തുകയിലെ 15000 രൂപ സർവകലാശാല ഓഫീസിൽ വച്ച് കൈപ്പറ്റിയപ്പോഴാണ് വിജിലൻസ് നാടകീയമായി എൽസിയെ പിടികൂടിയത്. വിജിലൻസ് എസ്പി വി ജി വിനോദ് കുമാറിന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് കെണി ഒരുക്കിയത്.
Also Read: കൈക്കൂലിക്കേസിൽ അറസ്റ്റിലായ എൽസി നേരത്തേയും മാർക്ക് തിരുത്തി; അന്വേഷണത്തിന് സിൻഡിക്കേറ്റ് ശുപാർശ
