തൃശ്ശൂർ: തൃശ്ശൂർ അരിമ്പൂരിൽ കൊയ്ത്തുമെതി യന്ത്രത്തിന്റെ ഡ്രൈവർമാരെ മർദ്ദിച്ച സംഭവത്തിൽ പൊലീസുകാരന് സ്ഥലം മാറ്റം. കൊടുങ്ങല്ലൂർ കൺട്രോൾ റൂമിലെ സിപിഒ മിഥുൻ ലാലിനെയാണ് മലയ്ക്കപ്പാറയിലേക്ക് സ്ഥലം മാറ്റിയത്. 

ഇന്നലെയാണ് അരിമ്പൂരിൽ കൊയ്ത്തുയന്ത്ര തൊഴിലാളികളെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന വാർത്ത പുറത്തുവന്നത്. പാടത്തേക്ക് വരികയായിരുന്ന തൊഴിലാളികളെ പൊലീസ് തടഞ്ഞുനിർത്തി മർദ്ദിച്ചെന്ന പരാതിയിൽ അന്വേഷണമുണ്ടാകുമെന്ന് മന്ത്രി എ സി മൊയ്തീൻ പറഞ്ഞിരുന്നു.. പാടത്തെ കൊയ്ത്ത് മുടങ്ങില്ല. കുറ്റക്കാരായ പൊലീസുകാർക്കെതിരെ അന്വേഷണശേഷം നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കൊയ്ത്ത് യന്ത്രത്തിന്റെ ഡ്രൈവർമാർക്കാണ് പൊലീസിന്റെ മർദ്ദനം ഏറ്റത്. മതിയായ രേഖകൾ കാണിച്ചിട്ടും പൊലീസ് മർദ്ദിക്കുകയായിരുന്നെന്നാണ് തൊഴിലാളികളുടെ പരാതി. തൊഴിലാളികൾ പ്രതിഷേധത്തിലായതോടെ 600 ഏക്കർ പാടത്തെ കൊയ്ത്ത് മുടങ്ങുമെന്ന സ്ഥിതിയായി.

പാടത്തേക്ക് ബൈക്കിൽ വരികയായിരുന്ന തൊഴിലാളികളെ പൊലീസ് തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു.കുമരേശൻ, ശക്തി, വെങ്കിടേഷ് എന്നിവർക്കാണ് പരിക്കേറ്റത്. വലപ്പാട് എസ്‌ഐ വിക്രമന്റെ നേതൃത്വത്തിലാണ് തങ്ങളെ മർദ്ദിച്ചതെന്നാണ് തൊഴിലാളികൾ പറയുന്നത്. പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കാതെ കൊയ്ത്തിനിറങ്ങില്ലെന്നായിരുന്നു തൊഴിലാളികളുടെ നിലപാട്. 

Read Also: നൂറ് രൂപയ്ക്ക് കശുവണ്ടി വാങ്ങും, മത്സ്യമേഖലയിൽ മണ്ണെണ്ണ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കും: മന്ത്രിയുടെ ഉറപ്പ്...