Asianet News MalayalamAsianet News Malayalam

അവിഹിത ബന്ധവും പണമിടപാടും: ഓർത്തഡോക്സ് സഭയിലെ മൂന്ന് വൈദികർക്കെതിരെ നടപടി

അവിഹിത ബന്ധവും പണമിടപാടും അടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് കോട്ടയം ഭദ്രാസനത്തിലെ ഫാദർ വർഗീസ് മർക്കോസ്, ഫാദർ വർഗീസ് എം വർഗീസ്, ഫാദർ റോണി വർഗീസ് എന്നിവരെ ആത്മീയ ചുമതലകളിൽ പുറത്താക്കിയത്.

action against priests in malankara orthodox church
Author
Kottayam, First Published Feb 5, 2020, 8:17 AM IST

കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയിലെ മൂന്ന് വൈദികരെ ആത്മീയ ചുമതലകളിൽ നിന്ന് പുറത്താക്കി. സഭാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന ആരോപണത്തിലാണ് മലങ്കര ഓർത്തഡോക്സ് സഭയിലെ യുടെ കീഴിലുള്ള പള്ളികളില്‍ ആത്മീയചുമതലകള്‍ നിര്‍വഹിക്കുന്ന മൂന്ന് വൈദികർക്കെതിരെ നടപടി സ്വീകരിച്ചത്. ഓര്‍ത്തഡോക്‌സ് സഭയുടെ കോട്ടയം ഭദ്രാസനത്തില്‍പ്പെട്ട ഫാദർ വർഗീസ് മർക്കോസ്, ഫാദർ വർഗീസ് എം വർഗീസ്, ഫാദർ റോണി വർഗീസ് എന്നിവരെയാണ് ആത്മീയ ചുമതലകളിൽ പുറത്താക്കിയത്.

ഓർത്തഡോക്സ് സഭാ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോക്ടർ യൂഹാനോൻ മാർ ദീയസ്കോറോസ്  മെത്രാപ്പോലീത്തയാണ്  വൈദികര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. മൂന്ന് വൈദികര്‍ക്കെതിരെ നേരത്തെ തന്നെ ഗുരുതര ആരോപണങ്ങള്‍ സഭാ നേതൃത്വത്തിന് ലഭിച്ചിരുന്നു. പുറത്താക്കപ്പെട്ട ഫാ.വര്‍ഗീസ് മര്‍ക്കോസ് ആര്യാട്ടിനെതിരെ അവിഹിതബന്ധവും പണമിടപാടും അടക്കമുള്ള ആരോപണങ്ങളാണ് ഉണ്ടായിരുന്നത്. വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട പരാതിയും ഇദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നു. ഈ സംഭവത്തില്‍ കോട്ടയം ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരികയാണ്.

നടപടിക്ക് വിധേയനായ മറ്റൊരു വൈദികന്‍ ഫാ. വര്‍ഗീസ് എം.വര്‍ഗീസ് ചക്കുംചിറയിലിനെ, കഴിഞ്ഞ ദിവസം വാകത്താനത്ത് വെച്ച് അനാശാസ്യം ആരോപിച്ച് വിശ്വാസികള്‍ ചാപ്പലില്‍ തടഞ്ഞുവച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഈ വൈദികനെതിരെ നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു. ഫാ. റോണി വര്‍ഗീസിനെതിരെയും സമാനമായ രീതിയിലുള്ള പരാതികളാണുള്ളത്.

വൈദികരെ പുറത്താക്കിക്കൊണ്ടുള്ള മെത്രാപ്പൊലീത്തായുടെ കല്പന ഞായറാഴ്ച പള്ളികളില്‍ വായിക്കുമെന്നാണ് വിവരം. പ്രാഥമിക നടപടി മാത്രമാണിപ്പോള്‍ എടുത്തിട്ടുള്ളത്. അടുത്തുചേരുന്ന സഭയുടെ കോട്ടയം ഭദ്രാസന കൗണ്‍സില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. തുടര്‍ന്ന് പരാതിയില്‍ അന്വേഷണ കമ്മീഷനെ നിയമിക്കുകയാണ് നടപടിക്രമം. ഈ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും വൈദികര്‍ക്കെതിരായ തുടര്‍ നടപടികള്‍ സ്വീകരിക്കുക.

Follow Us:
Download App:
  • android
  • ios