തൃശൂർ: നിയമങ്ങള്‍ പാലിക്കാതെ അന്തർ സംസ്ഥാന സര്‍വ്വീസ് നടത്തുന്ന 50 ബസുകള്‍ക്കെതിരെകൂടി നടപടി. എല്ലാ ബസുകളില്‍നിന്നും അയ്യായിരം രൂപ വീതം പിഴ ഈടാക്കി. മോട്ടോര്‍ വാഹന വകുപ്പിന്‍റെ 'സേഫ് കേരള'യുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് നടപടി. അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന 18 ടിക്കറ്റ് ബുക്കിംഗ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും നിർദ്ദേശം നൽകി.

കഴിഞ്ഞ ദിവസം നിയമങ്ങള്‍ പാലിക്കാതെ സര്‍വ്വീസ് നടത്തിയ 117 അന്തർസംസ്ഥാന ബസുകള്‍ക്കെതിരെ നടപടിയെടുക്കുകയും 2.47 ലക്ഷം രൂപ പിഴയീടാക്കുകയും ചെയ്തിരുന്നു. അമിത ഭാരം കയറ്റിവന്ന വാഹനങ്ങള്‍ക്കെതിരെയും നടപടിയെടുത്തു. ഹോണുകളുടെ പരിശോധനയില്‍ അറുപത്തിയഞ്ചോളം വാഹനങ്ങളില്‍നിന്നും നിയമവിരുദ്ധ ഹോണുകള്‍ നീക്കം ചെയ്ത് പിഴ ഈടാക്കി. 

തൃശ്ശൂര്‍ എന്‍ഫോഴ്‌സ്‌മെന്‍റ്  ആര്‍ടിഒഎം സുരേഷിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. സേഫ് കേരള എംവിഐമാരായ വിഎ അബ്ദുള്‍ ജലീല്‍,പിജെ റെജി, എഎംവിഐമാരായ കെഎ വിപിന്‍, വിഎ റിയാസ്, വിബി സനീഷ്, വിഎസ് പ്രവീണ്‍കുമാര്‍, സിസി വിനേഷ്, കെആര്‍ രഞ്ജന്‍ എന്നിവരായിരുന്നു പരിശോധക സംഘത്തിലുണ്ടായിരുന്നത്.