വീണാ ജോർജിനെ കെ എസ് യു പ്രവർത്തകർ അക്രമിച്ചെന്ന കേസിൽ തെറ്റായി മൊഴി നൽകിയ മുൻഗൺമാനെതിരെ നടപടി വന്നേക്കും. വീണയുടെ മുൻ ഗൺമാനായിരുന്ന അഭിലാഷിനെതിരെ നടപടി ശുപാർശ ചെയ്തുകൊണ്ടുള്ള റിപ്പോർട്ട് എസ്ഐടി ഉടൻ ഡിജിപിക്ക് കൈമാറുമെന്നാണ് വിവരം.
തിരുവനന്തപുരം: മുൻ മന്ത്രി വീണാ ജോർജിനെ കെ എസ് യു പ്രവർത്തകർ അക്രമിച്ചെന്ന കേസിൽ തെറ്റായി മൊഴി നൽകിയ മുൻഗൺമാനെതിരെ നടപടി വന്നേക്കും. വീണയുടെ മുൻ ഗൺമാനായിരുന്ന അഭിലാഷിനെതിരെ നടപടി ശുപാർശ ചെയ്തുകൊണ്ടുള്ള റിപ്പോർട്ട് എസ്ഐടി ഉടൻ ഡിജിപിക്ക് കൈമാറുമെന്നാണ് വിവരം. അതേസമയം കേസിൽ പ്രതികളായിരുന്ന കെ എസ് യു പ്രവർത്തകരുടെ മൊഴി എസ് ഐ ടി രേഖപ്പെടുത്തി.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് വീണാ ജോര്‍ജിനെതിരെയുണ്ടായ പ്രതിഷേധത്തില്‍ ഗണ്‍മാന്‍ അഭിലാഷ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അഞ്ച് കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ആയുധമുപയോഗിച്ച് പ്രതിഷേധക്കാര്‍ മന്ത്രിയെ അക്രമിക്കാന്‍ ശ്രമിച്ചെന്ന മൊഴി അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ തിരുത്തി. വീണയെ അക്രമിക്കാന്‍ ശ്രമിക്കുന്നത് കണ്ടില്ലെന്നായിരുന്നു എസ്ഐടിക്ക് നല്‍കിയ മൊഴി. വീണയുടെ നിര്‍ദേശ പ്രകാരമാണ് തെറ്റായ മൊഴി നല്‍കിയതെന്നും എസ്ഐടിക്കു മുന്നില്‍ വെളിപ്പെടുത്തി. ഇതോടെ വീണാ ജോർജാണ് കുരുക്കിലായത്. ഗണ്‍മാന്‍റെ മൊഴി മാറ്റം എസ്ഐടി ഗൗരവമായാണ് കാണുന്നത്. ഇക്കാര്യം വിശദമാക്കി ഇയാള്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടാകും എസ്ഐടി ഡിജിപിക്ക് നല്‍കുക. ഇതിന്‍റെ അടിസ്ഥാനത്തില്‍ അഭിലാഷിനെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. അതേസമയം സംഭവത്തില്‍ വീണാ ജോര്‍ജ് മാപ്പ് പറയണമെന്ന ആവശ്യവുമായി അബിന്‍ വര്‍ക്കി എംഎല്‍എയും രംഗത്തെത്തി.
കേസില്‍ പ്രതികളായ കെ എസ് യു ജില്ലാ പ്രസിഡന്‍റ് എം സി അതുല്‍ ഉള്‍പ്പെടെ അഞ്ച് പേരുടേയും മൊഴി എസ്ഐടി രേഖപ്പെടുത്തി. എസ് ഐ ടി തലവന്‍ യു പ്രേമന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. പ്രതിഷേധ ദിവസമുണ്ടായ സംഭവങ്ങളെക്കുറിച്ചുള്ള വിശദാംശമാണ് ഇവരില്‍ നിന്നും അന്വേഷണ സംഘം തേടിയത്. അതേസമയം ഗണ്‍മാന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത റെയില്‍വേ പൊലീസ് ഇന്‍സ്പെക്ടറുടെ മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ട അന്വേഷണത്തില്‍ വീഴ്ചയുണ്ടായതായാണ് എസ്ഐടിയുടെ കണ്ടെത്തല്‍.

