Asianet News MalayalamAsianet News Malayalam

ഇരട്ടപ്രഹരമായി ബിനീഷും ശിവശങ്കറും; മുഖ്യമന്ത്രിയുടെ രാജി വേണ്ടെന്ന് സിപിഎം, പ്രതിസന്ധിയില്ലെന്ന് യെച്ചൂരി

ബിനീഷ് കോടിയേരിക്ക് എതിരായ കേസ്  വിശദീകരിക്കേണ്ട കാര്യം സിപിഎമ്മിന് ഇല്ലെന്ന് സീതാറാം യെച്ചൂരി. 

action taken against Bineesh Kodiyeri by ed no crisis for cpm says Sitaram Yechury
Author
Delhi, First Published Oct 29, 2020, 3:06 PM IST

ദില്ലി: എം ശിവശങ്കറിന്‍റെയും ബിനീഷ് കോടിയേരിയുടെയും അറസ്റ്റുകൾ ഇരട്ടപ്രഹരമാകുമ്പോഴും മുഖ്യമന്ത്രിയുടെ രാജി വേണ്ടെന്ന നിലപാടിൽ സിപിഎം കേന്ദ്രനേതൃത്വം ഉറച്ചു നില്‍ക്കുകയാണ്. അന്വേഷണത്തിലൂടെ വസ്തുതകൾ വരട്ടെയന്നും പാർട്ടിക്ക് പ്രതിസന്ധിയില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. സ്വർണ്ണക്കടത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടക്കട്ടെ എന്ന നിലപാട് യെച്ചൂരി ആവർത്തിച്ചു.

ബംഗലൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകനെതിരെ എൻഫോഴ്സ്മെന്‍റ് കേസും തുടര്‍ നടപടികളും സംബന്ധിച്ച് പാര്‍ട്ടി വിശദീകരിക്കേണ്ട സാഹചര്യം ഇല്ലെന്ന് യെച്ചൂരി വിശദീകരിച്ചു. കേസിനെ കുറിച്ച് കോടിയേരി ബാലകൃഷ്ണൻ തന്നെ ഇതിനകം വിശദീകരിച്ചിട്ടുണ്ട്. നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ കേന്ദ്രം അസ്ഥിരപ്പെടുത്തുന്നു എന്ന് നേരത്തെ സിപിഎം വിലയിരുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീങ്ങാൻ തെളിവില്ലെന്നായിരുന്നു പാർട്ടി വിലയിരുത്തൽ. എം ശിവശങ്കറിനെ അറസ്ററ് ചെയ്തെങ്കിലും തെളിവുകളിൽ സംശയമുണ്ടെന്ന നിലപാടിലാണ് ഇപ്പോഴും പാർട്ടി നേതാക്കൾ. 

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു ഉദ്യോഗസ്ഥനൊപ്പം പാർട്ടി സെക്രട്ടറിയുടെ മകൻ കൂടി കസ്റ്റഡിയിലാകുമ്പോൾ പാർട്ടിയിൽ എന്നാൽ ആശങ്ക പ്രകടമാണ്. ഇതിനിടെ ബിജെപി കേന്ദ്രനേതൃത്വം നിലപാട് കടുപ്പിക്കുകയാണ്. ഇടതുപക്ഷത്തെ കേരളത്തിൽ മാത്രമല്ല പശ്ചിമബംഗാളിലും നേരിടാനുള്ള ആയുധമായാണ് ബിജെപി സംഭവവികാസങ്ങളെ കാണുന്നത്.

Follow Us:
Download App:
  • android
  • ios