ഇടുക്കി: പീരുമേട് സബ്ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തില്‍ കൂടുതൽ പൊലീസുകാർക്കെതിരെ നടപടി ഉണ്ടാകും. നിരവധി പൊലീസുകാർക്ക് വീഴ്ച പറ്റിയെന്നാണ് വിലയിരുത്തല്‍. സംഭവം റിപ്പോർട്ട്‌ ചെയ്യാത്ത എല്ലാ പൊലീസുകർക്കുമെതിരെ നടപടിയെടുക്കുമെന്ന് ഇടുക്കി എസ്പി പറഞ്ഞു. ഡിവൈഎസ്പിയുടെ റിപ്പോർട്ട്‌ കിട്ടിയാൽ ഉടൻ നടപടി എടുക്കുമെന്ന് എസ്പി പറഞ്ഞു. പ്രതി രാജ്കുമാറിന്‍റെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പൊലീസിനെ പ്രതികൂട്ടില്‍ നിര്‍ത്തുന്നതാണ്. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കെന്ന് എസ്പി വ്യക്തമാക്കിയത്.

രാജ്കുമാറിന്‍റെ മരണകാരണം ക്രൂരമർദ്ദനത്തെ തുടർന്നുള്ള ആന്തരിക മുറിവുകളെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. കൃത്യസമയത്ത് ചികിത്സ നൽകാത്തത് മൂലം മുറിവുകൾ പഴുത്ത് ന്യുമോണിയ ബാധിച്ചാണ് രാജ്കുമാർ മരിച്ചത്. മർദ്ദനത്തിൽ വാരിയെല്ലുകൾ പൊട്ടിയിയുണ്ട്. ഇരുകാലുകൾക്കും സാരമായി പരിക്കുണ്ടെന്നും തൊലി അടർന്ന നിലയായിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നു. 

ഇതിനിടെ രാജ്കുമാറിനെ ഓടിച്ചിട്ട് പിടിച്ചതാണെന്ന പൊലീസ് വാദം പൊളിഞ്ഞിരുന്നു. സാമ്പത്തിക തട്ടിപ്പിനിരയായ നാട്ടുകാർ ഇയാളെ തടഞ്ഞുവെക്കുകയും പൊലീസിനെ വിളിച്ചുവരുത്തി കൈമാറുകയുമാണ് ഉണ്ടായതെന്നും ദൃക്സാക്ഷി വെളിപ്പെടുത്തിയിരുന്നു. പൊലീസിന് കൈമാറുമ്പോൾ രാജ്കുമാറിന് കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ദൃക്സാക്ഷിയായ ആലിസ് പറഞ്ഞു.

ഇതിനിടെ പതിനാറാം തിയ്യതി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിക്കുമ്പോൾ രാജ്കുമാറിന്‍റെ അവസ്ഥ തീരെ മോശമായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടർമാർ വെളിപ്പെടുത്തി. ജയിലിലേക്ക് മാറ്റാൻ പറ്റിയ അവസ്ഥയല്ലെന്ന് പറഞ്ഞെങ്കിലും അത് കേൾക്കാതെ പ്രതിയെ പൊലീസ് കൊണ്ടുപോയെന്നും ഡോക്ടർമാറും വ്യക്തമാക്കിയിരുന്നു. ജയിലിൽ എത്തിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു പ്രതിയുടേതെന്ന് പീരുമേട് സബ് ജയിൽ സൂപ്രണ്ട് ജി അനിൽ കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.