കാസര്‍കോട്: കാസർകോട് കെസിഎ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മാണത്തിനായി ഭൂമി കയ്യേറ്റത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. ഒരു ഏക്കര്‍ സർക്കാർ ഭൂമി കയ്യേറിയാണ് കെസിഎ മാന്യയില്‍ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിച്ചതെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നു. സിപിഎം കാസർകോട് ഏരിയാക്കമ്മിറ്റിയും മധൂർ ലോക്കൽ കമ്മിറ്റിയും നൽകിയ പരാതിയിലാണ് നടപടി. 

ഭൂമി വിൽപ്പനയിലും പോക്കുവരവ് നടത്തിയതിലും ഉദ്യോഗസ്ഥർ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നാണ് കണ്ടെത്തൽ. സ്ഥലത്തുണ്ടായിരുന്ന നീർച്ചാൽ തടസ്സപ്പടുത്തി ഗതിമാറ്റി വിട്ടതായും കണ്ടെത്തി. ഇതേ തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാൻ ഉത്തരവിട്ടത്. ഭൂസംബന്ധമായ നിയമങ്ങൾ ലംഘിച്ചതിന് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ കേരള ഭൂസംരക്ഷണ നിയമമനുസരിച്ച് നടപടി സ്വീകരിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.