നഴ്സുമാരുടെ ആവശ്യം അംഗീകരിക്കുന്നുവെന്നും ഇപ്പോൾ സമരത്തിൽ നിന്ന് പിൻമാറണമെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരത്തിൽ ഒരാഴ്ചക്കകം നടപടിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. നഴ്സുമാരുടെ ആവശ്യം അംഗീകരിക്കുന്നുവെന്നും ഇപ്പോൾ സമരത്തിൽ നിന്ന് പിൻമാറണമെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു. മിനിമം വേതനം നിയമം നടപ്പിലാക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. ആരോഗ്യവകുപ്പിന് ഹണിമൂൺ കാലം കിട്ടിയില്ലെന്നും കെ മുരളീധരൻ പരിഭവം പറഞ്ഞു. വിവാഹം കഴിഞ്ഞാൽ ആറുമാസം ഹണിമൂൺ കിട്ടാറുണ്ട്. ആരോഗ്യ വകുപ്പിന് അത് കിട്ടിയിട്ടില്ലെന്നായിരുന്നു കെ മുരളീധരൻ്റെ വാക്കുകൾ.
ആശുപത്രികൾക്ക് കെട്ടിടങ്ങൾ ഉണ്ട് സൗകര്യം ഇല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പല കെട്ടിടങ്ങൾക്കും ഫിറ്റ്നസ് പോലും ഇല്ല. ഇത് എല്ലാം പരിഹരിക്കും. തൃശ്ശൂർ അമല, ജൂബിലി ആശുപത്രികളിൽ സമരം ചെയ്യുന്ന നഴ്സുമാർ സമരത്തിൽ നിന്ന് പിന്മാറണം. സമരം ചെയ്യുന്ന നഴ്സുമാരുടെ ആവശ്യം സർക്കാർ പരിഗണിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.
