ഭരണം സുരക്ഷിതമായ കരങ്ങളിലേക്ക് എത്തണമെന്നും അഭിപ്രായ സ്വാതന്ത്ര്യം നൽകുന്ന ഒരു സർക്കാർ വേണമെന്നും നടൻ ആസിഫ് അലി. സുഹൃത്തായ രമേഷ് പിഷാരടി പ്രചരണത്തിന് വിളിച്ചാൽ ഉറപ്പായും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് രാഷ്ട്രീയത്തിൽ ഇറങ്ങാൻ താല്പര്യമില്ലെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.

കൊച്ചി: സുരക്ഷിതമായ കരങ്ങളിലേക്ക് ആകണം ഭരണം ഏൽപ്പിക്കേണ്ടതെന്ന് നടൻ ആസിഫ് അലി. അഭിപ്രായ സ്വാതന്ത്ര്യം നൽകുന്ന ഒരു സർക്കാർ വേണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് താൻ. മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ കഴിവിനെ നോക്കിയാണ് വോട്ട് ചെയ്യേണ്ടത്. രമേഷ് പിഷാരടിയുടെ വ്യക്തിപരമായ കഴിവിനെ കുറിച്ച് തനിക്കറിയാം. രാഷ്ട്രീയമായി എത്രമാത്രം കഴിവുണ്ടെന്ന് കാത്തിരുന്ന് കാണാം. തെരഞ്ഞെടുപ്പ് പ്രചരണത്തിന് പിഷാരടി ഇതുവരെ വിളിച്ചിട്ടില്ല.വിളിച്ചാൽ പോകും. ജനങ്ങൾ തെറ്റിദ്ധരിക്കപ്പെടരുത്. സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള പ്രചാരണങ്ങൾ ഉണ്ടാകും. കാര്യങ്ങൾ മനസ്സിലാക്കി വേണം നിലപാടെടുക്കാൻ. തന്നെ സ്ഥാനാർത്ഥിയാക്കാൻ ആരും സമീപിച്ചിട്ടില്ല. തനിക്ക് അങ്ങനെ സ്ഥാനാർത്ഥിയാകാൻ താല്പര്യമില്ലെന്നും ആസിഫ് അലി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

"ഇടത് വലത് എന്നതിനേക്കാൾ വ്യക്തികളോടാണ് ഞാൻ താത്പര്യം കാണിച്ചിട്ടുള്ളത്. സെലിബ്രിറ്റി ആയതുകൊണ്ട് പിഷാരടിക്ക് വോട്ട് ചെയ്യണം എന്ന് ഒരിക്കലും പറയില്ല. കഴിവു നോക്കി എന്തുചെയ്യും എന്ന് മനസ്സിലാക്കിയാണ് ഞാൻ ഇലക്ഷൻ ക്യാംപെയിന് പോകാറുള്ളതും ഒഴിവാക്കാറുളളതും.പിഷാരടിയുടെ വ്യക്തിപരമായ കഴിവിനെകുറിച്ചറിയാം. രാഷ്ട്രീയപരമായി അദ്ദേഹം എത്രത്തോളം കഴിവുള്ളയാളാണെന്ന് ഇലക്ഷനിലൂടെ അറിയാൻ പറ്റും. പിഷാരടി പ്രചാരണത്തിന് എന്നെ ഒഫീഷ്യലി വിളിച്ചിട്ടില്ല. വിളിച്ചാൽ ഉറപ്പായും പോകും"- ആസിഫ് അലി പറഞ്ഞു. പിതാവ് സജീവമായി രാഷ്ട്രീയത്തിൽ നിൽക്കുന്ന ആളാണെന്നും തന്‍റെ ആഗ്രഹം സിനിമ തന്നെയാണെന്നും ആസിഫ് അലി വ്യക്തമാക്കി.