തൻ്റെ വീട്ടിലെ സഹായിയായിരുന്ന ദാസൻ്റെ മൊഴി വാസ്തവിരുദ്ധമായിരുന്നുവെന്ന് ദിലീപിൻ്റെ ഹർജിയിൽ പറയുന്നു.
കൊച്ചി: ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണം തെറ്റാണെന്ന് നടൻ ദിലീപ്. ഫോണില്‍ നിന്ന് കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങള്‍ മാത്രമാണെന്നും കേസുമായി ബന്ധമില്ലാത്ത സന്ദേശങ്ങളാണ് കളഞ്ഞിട്ടുള്ളതെന്നും ദിലീപ് കോടതിയെ അറിയിച്ചു. എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹരജിയിൽ ഹൈക്കോടതിയിലാണ് ദിലീപിന്‍റെ വിശദീകരണം. ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ഒന്നും കണ്ടെത്തിയിട്ടില്ല. ഫോറന്‍സിക് റിപോര്‍ട്ടും അന്വോഷണ ഉദ്യോഗസ്ഥന്‍റെ വിശദീകരണവും തമ്മില്‍ വൈരുദ്ധ്യങ്ങളും ഉണ്ട്. ലാബില്‍ നിന്ന് പിടിച്ചെടുത്ത മിറര്‍ ഇമേജും ഫോറന്‍സിക് റിപ്പോർട്ടും തമ്മില്‍ വ്യത്യാസമില്ലെന്നും ദിലീപ് ഹൈക്കോടതിയെ ബോധിപ്പിച്ചു.
തൻ്റെ വീട്ടിലെ സഹായിയായിരുന്ന ദാസൻ്റെ മൊഴി വാസ്തവിരുദ്ധമായിരുന്നുവെന്ന് ദിലീപിൻ്റെ ഹർജിയിൽ പറയുന്നു. ദാസന്‍ ഓഫിസിലെത്തിയെന്ന് പറയുന്ന ദിവസം അഭിഭാഷകന് കോവിഡായിരുന്നു. ഈ വാദം സാധൂകരിക്കാൻ അഭിഭാഷകൻ്റെ കൊവിഡ് സർട്ടിഫിക്കറ്റും ദിലീപ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. 2020 ഡിസംബർ 26ന് തൻ്റെ വീട്ടിലെ ജോലി ദാസൻ ഉപേക്ഷിച്ചിരുന്നു. എന്നാൽ ഇയാൾ 2021 ഓക്ടോബര്‍ 26 ന് ദീലിപിൻ്റെ വീട്ടിൽ നടന്ന സംസാരം കേട്ടുവെന്നാണ് ബാലചന്ദ്രകുമാറിന്‍റെ മൊഴിയെന്നും ഹർജിയിൽ ദിലീപ് ചൂണ്ടിക്കാട്ടുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഫോൺ രേഖകൾ മായ്ച്ചത് അഭിഭാഷകന്റെ ഓഫിസിൽ വച്ചാണെന്ന് ഫോറൻസിക് പരിശോധൻയിൽ കണ്ടെത്തി. കൊച്ചിയിലെ അഭിഭാഷകൻ ഓഫീസിലെ വൈ ഫൈ ഉപയോഗിച്ചാണ് തെളിവുകൾ നീക്കം ചെയ്തതെന്നാണ് ഫോറൻസിക് പരിശോധയിലെ കണ്ടെത്തൽ. സ്വകാര്യ ഫോറൻസിക് വിദഗ്ധൻ സായിശങ്കർ ഈ ഓഫിസിൽ വെച്ചാണ് രേഖകൾ മായ്ച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ സായിശങ്കർ കേസിൽ പ്രതിയാകും. ഇയാളെ ഉടനെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണസംഘം.
അതിനിടെ കേസിലെ അതിജീവിത പരാതിയുമായി ബാർ കൗൺസിലിനെ സമീപിച്ചു. ദിലീപും അഭിഭാഷകനായ രാമൻപിള്ളയും സംഘവും ചേർന്ന് കേസ് അട്ടിമറിക്കാനും തെളിവുകൾ നശിപ്പിക്കാനും ശ്രമിക്കുന്നുവെന്ന് കൗൺസിലിന് നൽകിയ കത്തിൽ അതിജീവിത ആരോപിച്ചു. സീനിയർ അഭിഭാഷകനായ രാമൻപിള്ള സാക്ഷികളെ നേരിട്ട് വിളിച്ചു സ്വാധീനിക്കുകയാണെന്നും രാമൻപിള്ളയുടെ ഓഫിസിൽ വെച്ച് ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിച്ചെന്നും അതിജീവിത പറയുന്നു. കോടതി ഉത്തരവ് നിലനിൽക്കേ ആണ് ഈ നടപടി ഉണ്ടായതെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച അഭിഭാഷകർക്കെതിരെ അന്വേഷണം നടത്തി നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു. കേസിൻ്റെ വിചാരണയ്ക്കിടെ ഇരുപത് സാക്ഷികൾ കൂറുമാറിയതിന് പിന്നിൽ അഭിഭാഷകസംഘത്തിൻ്റെ ഇടപെടലുണ്ടെന്നും അതിജീവിത ആരോപിക്കുന്നു. ദിലീപിൻ്റെ അഭിഭാഷകരായ ബി രാമൻപിള്ള, ടി ഫിലിപ്പ് വർഗീസ്, സുജേഷ് മേനോൻ അടക്കമുള്ളവർക്കെതിരെ ആണ് അതിജീവിതയുടെ പരാതി.
