പാർലമെൻ്റംഗമായി ഇന്നസെൻ്റ് ഡൽഹിയിലേക്ക് എത്തിയത് ഇന്നലെയെന്ന പോലെ ഓർമ്മയിലുണ്ടെന്ന് മന്ത്രി പി രാജീവ്
കൊച്ചി: നടനും എംപിയുമായിരുന്ന ഇന്നസെൻ്റിൻ്റെ ഒന്നാം ചരമ വാർഷികത്തിൽ ഓർമ്മക്കുറിപ്പുമായി മന്ത്രി പി രാജീവ്. പാർലമെൻ്റംഗമായി ഇന്നസെൻ്റ് ഡൽഹിയിലേക്ക് എത്തിയത് ഇന്നലെയെന്ന പോലെ ഓർമ്മയിലുണ്ടെന്ന് പി രാജീവ് പറയുന്നു. സഭാനടപടികളെക്കുറിച്ച് ചോദിച്ചറിയാനും ഡൽഹിയിലെ ഇടപെടലുകൾ സംബന്ധിച്ച് തുടർച്ചയായ അന്വേഷണങ്ങൾ നടത്താനും ഏറെ താൽപര്യത്തോടെ അദ്ദേഹം ശ്രമിച്ചു. എംപി എന്ന നിലയിൽ ഇന്നസെന്‍റ് നടത്തിയ ഇടപെടലുകള്‍ പി രാജീവ് ഓർത്തെടുത്തു. അനുഭവങ്ങൾ രൂപപ്പെടുത്തിയ വലിയ കലാകാരൻ്റേയും വലിയ മനുഷ്യൻ്റേയും ഓർമ്മകൾ മരിക്കുന്നില്ലെന്ന് പറഞ്ഞാണ് പി രാജീവ് കുറിപ്പ് അവസാനിപ്പിച്ചത്.
കുറിപ്പിന്‍റെ പൂർണരൂപം
പ്രിയപ്പെട്ട ഇന്നസെൻ്റിൻ്റെ ഒന്നാം ചരമ വാർഷികമാണിന്ന്. ഒരു വർഷം മുൻപ് ലേക്‌ഷോർ ആശുപത്രിയിലെ അദ്ദേഹത്തിൻ്റെ അവസാന ദിവസങ്ങളിൽ ഒപ്പം നിന്നതിൻ്റെ ഓർമ്മകൾ മനസിലേക്ക് എത്തുകയാണ്.
പാർലമെൻ്റംഗമായി ഇന്നസെൻ്റ് ഡൽഹിയിലേക്ക് എത്തുന്ന സന്ദർഭം ഇന്നലെയെന്ന പോലെ ഓർമ്മയിലുണ്ട്. പുതിയ അംഗമായിട്ടും പലർക്കും അദ്ദേഹം ചിരപരിചിതനെപ്പോലെയായിരുന്നു. ചലച്ചിത്ര താരമെന്ന നിലയിലും ശ്രദ്ധേയമായ തെരഞ്ഞെടുപ്പ് വിജയം നേടിയ ആൾ എന്ന നിലയിലും പാർലമെൻ്റിലെ മുതിർന്ന അംഗങ്ങൾക്കും അദ്ദേഹം പരിചിതനായിരുന്നു. സഭാനടപടികളെക്കുറിച്ച് ചോദിച്ചറിയാനും ഡൽഹിയിലെ ഇടപെടലുകൾ സംബന്ധിച്ച് തുടർച്ചയായ അന്വേഷണങ്ങൾ നടത്താനും ഏറെ താൽപര്യത്തോടെ അദ്ദേഹം ശ്രമിച്ചു.
മലയാള ചലച്ചിത്ര ലോകത്ത് നിറഞ്ഞ് നിൽക്കുമ്പോൾ തന്നെയാണ് ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹം മികവുറ്റ പ്രവർത്തനം കാഴ്ചവെച്ചത്. എം.പി. ഫണ്ട് ഭാവനാപൂർണമായി വിനിയോഗിച്ച് മണ്ഡലത്തിലെ എല്ലാ താലൂക്ക് ആശുപത്രികളിലും മാമോഗ്രാം യൂണിറ്റും രണ്ട് വലിയ ഡയാലിസിസ് സെൻ്ററുകളും ഒട്ടേറെ ആശുപത്രികൾക്ക് പുതിയ കെട്ടിട, ഉപകരണ സൗകര്യങ്ങളും അദ്ദേഹം ലഭ്യമാക്കി. ടൂറിസം, കൃഷി, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിലെല്ലാം ദീർഘവീക്ഷണത്തോടെ പദ്ധതികൾ തയ്യാറാക്കി.
അനുഭവങ്ങൾ രൂപപ്പെടുത്തിയ വലിയ കലാകാരൻ്റേയും വലിയ മനുഷ്യൻ്റേയും ഓർമ്മകൾ മരിക്കുന്നില്ല.
