തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ നടൻ മമ്മൂട്ടിക്ക് ഇത്തവണ വോട്ട് ചെയ്യാനായില്ല. അതേസമയം സുരേഷ് ഗോപി, ആസിഫ് അലി, ചിപ്പി തുടങ്ങിയ താരങ്ങൾ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി
കൊച്ചി: നടൻ മമ്മൂട്ടി ഇത്തവണയും തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ല. വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടില്ല. പനമ്പിള്ളി നഗറിൽ നിന്നും എളംകുളത്തേക്ക് മമ്മൂട്ടിയും കുടുംബവും താമസം മാറിയിരുന്നു. ഭാര്യ സുൽഫത്തിൻ്റെ വോട്ട് പനമ്പിള്ളി നഗറിലെ വോട്ടർ പട്ടികയിൽ ഉണ്ട്. എന്നാൽ മമ്മൂട്ടിയുടെ പേര് ഇല്ല. സാധാരണ മിക്കവാറും എല്ലാ തെരഞ്ഞെടുപ്പുകളിലും തിരക്കുകൾ മാറ്റിവച്ച് വോട്ട് ചെയ്യാൻ മമ്മൂട്ടി എത്താറുണ്ട്.
''തിലകം തിരുവനന്തപുര'മെന്ന് സുരേഷ് ഗോപി
നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി തിരുവനന്തപുരത്തെ ശാസ്തമംഗലം എൻഎസ്എസ് സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. തിരുവനന്തപുരം കോർപറേഷനിൽ ബിജെപി തിലകം അണിയുമെന്ന് സുരേഷ് ഗോപി അവകാശപ്പെട്ടു. വികസനം ഉയർത്തിയുള്ള ബിജെപിയുടെ പ്രചാരണത്തിൽ ജനങ്ങളിൽ നിന്ന് അനുകൂല പ്രതികരണം ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് കേവല ഭൂരിപക്ഷമാണോ മികച്ച ഭൂരിപക്ഷമാണോയെന്ന് ജനങ്ങൾ തീരുമാനിക്കും. അടിസ്ഥാന വികസനത്തിന് വേണ്ട ഡിസൈൻ ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തിന്‍റെ ഭരണത്തിലൂടെ മാത്രമാണ് സാധ്യമാവുകയെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ശബരിമല വിശ്വാസികൾ ഈ തെരഞ്ഞെടുപ്പിലും പ്രതികാരം വീട്ടുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
വോട്ട് ചെയ്ത് ആസിഫ് അലി
നടൻ ആസിഫലി രാവിലെ തന്നെ തൊടുപുഴയിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തി. തൊടുപുഴ നഗരസഭയിലെ പതിനേഴാം വാർഡിലെ വോട്ടറാണ് ആസിഫ് അലി. നടി ചിപ്പിയും ഭർത്താവ് രഞ്ജിത്തും ജവഹർ നഗർ എൽ പി സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തി.


