അസ്വസ്ഥനായ ഇടതു സഹയാത്രികനെ പഴയ വഴിയിൽ തിരിച്ചെത്തിക്കാൻ കോണ്‍ഗ്രസ് ശ്രമം. പക്ഷേ സംസാരിച്ച നേതാക്കളോട് യെസ് എന്നോ നോയെന്നോ നടൻ പറഞ്ഞിട്ടില്ല

തിരുവനന്തപുരം : ചലച്ചിത്ര അക്കാദമി ചെയര്‍മാൻ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ സിപിഎമ്മിനോട് ഇടഞ്ഞ നടൻ പ്രേംകുമാറിനെ കോണ്‍ഗ്രസിലെത്തിക്കാൻ നീക്കം. നേതാക്കള്‍ പ്രേംകുമാറിനെ പാര്‍ട്ടിയിലേയ്ക്ക് വിളിച്ചു. ഉച്ചയ്ക്ക് പൊതു പരിപാടിക്കിടെ പ്രേം കുമാര്‍ മാധ്യമങ്ങളെ കാണും

Add Asianetnews as a Preferred SourcegooglePreferred

സഹപ്രവര്‍ത്തകരോട് യാത്ര പറയാൻ പോലും അവസരം നൽകാതെ ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്ന് മാറ്റിയതിൽ സര്‍ക്കാരിനോടും സിപിഎമ്മിനോടും പ്രേം കുമാറിന് കടുത്ത അമര്‍ഷമുണ്ട്. ഇത് പറയുമ്പോള്‍ കോളജ് പഠനകാലത്ത് കെഎസ് യു സ്ഥാനാര്‍ഥിയായിരുന്നതും ഓര്‍ത്തെടുക്കുന്നു. തുടർഭരണം പാടില്ലെന്ന് പറഞ്ഞ് സർക്കാറിനെ വിമർശിക്കുന്ന സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷസ്ഥാനത്ത് നിന്ന് പുറത്താക്കത്തതിലെ കുഴപ്പം പറഞ്ഞാണ് പ്രേം കുമാര്‍ അമര്‍ഷം പരസ്യമാക്കിയത്. 

ആശ സമരത്തെ അനുകൂലിച്ചതിന്‍റെ പേരിൽ ചലച്ചിത്ര അക്കാദമിയിൽ നിന്ന് അപമാനിച്ച് ഇറക്കി വിട്ടെന്ന് പ്രേംകുമാറിന്‍റെ പരാതിക്ക് സ്വാഭാവിക നടപടി മാത്രമെന്നാണ് സാംസ്കാരിക മന്ത്രിയുടെ മറുപടി. അസ്വസ്ഥനായ ഇടതു സഹയാത്രികനെ പഴയ വഴിയിൽ തിരിച്ചെത്തിക്കാൻ കോണ്‍ഗ്രസ് ശ്രമം. പക്ഷേ സംസാരിച്ച നേതാക്കളോട് നടൻ തീരുമാനം പറഞ്ഞിട്ടില്ല. പ്രേം കുമാര്‍ വന്നാൽ സ്വീകരിക്കുമെന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റ് എൻ ശക്തൻ പ്രതികരിച്ചു. പ്രേം കുമാര്‍ വരുമെന്ന പ്രതീക്ഷയിൽ നീക്കം തുടരുകയാണ് പാര്‍ട്ടി നേതാക്കള്‍.