കമ്യൂണിസ്റ്റ് സഹയാത്രികനായ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി പാർട്ടി പ്രവർത്തകനായി പല സമര പരിപാടികളിലും പങ്കെടുത്തിരുന്നു. ഒരാൾ മാത്രം, കൈക്കുടന്ന നിലാവ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ശ്രദ്ധ നേടിയ ചിത്രം കല്യാണരാമനിലേതാണ്.
കണ്ണൂർ: ചലച്ചിത്ര നടനും സംഗീതസംവിധായകൻ കൈതപ്രം ദാമോദരന്‍റെ ഭാര്യാപിതാവുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരി (97) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായിരുന്നു. വാർദ്ധക്യസഹജമായ അവശതകൾ അലട്ടിയിരുന്നു. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ വൈകീട്ട് ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്.
1996-ൽ പുറത്തുവന്ന ദേശാടനം ആയിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ആദ്യത്തെ ചിത്രം. ഒരാൾ മാത്രം, കൈക്കുടന്ന നിലാവ്, കളിയാട്ടം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ശ്രദ്ധ നേടിയ ചിത്രം കല്യാണരാമനിലേതാണ്. പിന്നീട് സൂപ്പർതാരമായ രജനീകാന്തിന്‍റെ ചിത്രമായ ചന്ദ്രമുഖിയിലും അദ്ദേഹം വേഷമിട്ടു.
1922 ഒക്ടോബർ 25 ന് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ കോറം പുല്ലേരി വാദ്ധ്യാരില്ലത്ത് നാരായണ വാദ്ധ്യാരുടെയും ദേവകി അന്തർജ്ജനത്തിന്റെയും മകനായാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ജനനം. പയ്യന്നൂർ ബോയ്സ് ഹൈസ്ക്കൂളിലാണ് അദ്ദേഹം പഠിച്ചത്.
കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്നു അദ്ദേഹം. പാർട്ടി പ്രവർത്തനവുമായി ബന്ധപ്പെട്ട് എകെജി ഒളിവിൽ കഴിഞ്ഞത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ വീട്ടിലായിരുന്നുവെന്ന് അദ്ദേഹം ഓർത്തെടുക്കാറുണ്ട്. എകെജി അയച്ച കത്തുകള്‍ ഇന്നും നിധിപോലെ അദ്ദേഹം സൂക്ഷിക്കുന്നുമുണ്ട്.
മുത്തച്ഛൻ വേഷങ്ങളിലൂടെയാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി മലയാളസിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരനായത്. എഴുപത്തിയാറാം വയസ്സിലായിരുന്നു സിനിമയിലരങ്ങേറ്റം കുറിച്ചത്. കൈതപ്രത്തിന്‍റെ വീട്ടിലെത്തിയ സംവിധായകൻ ജയരാജ് തന്‍റെ ദേശാടനം എന്ന പുതിയ ചിത്രത്തിലേക്ക് മുത്തച്ഛൻ കഥാപാത്രമായി കൈതപ്രത്തിന്‍റെ ഭാര്യാപിതാവിനെ അഭിനയിപ്പിക്കാമോ എന്ന് ചോദിക്കുകയായിരുന്നു. അങ്ങനെ, മലയാളത്തിന് മനോഹരമായി കുസൃതിയോടെ ചിരിക്കുന്ന ഒരു മുത്തച്ഛനെ കിട്ടി.
ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ ഭാര്യ പരേതയായ ലീല അന്തർജ്ജനം. നാലു മക്കളാണ് അദ്ദേഹത്തിനുള്ളത്. ദേവി, ഭവദാസ്, യമുന, കുഞ്ഞിക്കൃഷ്ണൻ.
ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വേര്‍പാട് കലാലോകത്തിന് വലിയ നഷ്ടം: മുഖ്യമന്ത്രി
ഭാവാഭിനയ പ്രധാനമായ റോളുകളില്‍ തിളങ്ങിയിരുന്ന നടനായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പ്രായത്തെ കടന്നു നില്‍ക്കുന്ന അഭിനയ താല്പര്യവും ആത്മവിശ്വാസവും അദ്ദേഹത്തെ ചലച്ചിത്രരംഗത്തെ വേറിട്ട വ്യക്തിത്വത്തിന് ഉടമയാക്കി. എന്നും ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം സിപിഐ എമ്മിനോട് ആത്മബന്ധം പുലര്‍ത്തി.
കലാലോകത്തിനു വലിയ നഷ്ടമാണ് ഈ വേര്‍പാട്. തനിക്ക് വ്യക്തിപരമായും ഇതൊരു നഷ്ടമാണ്. സാംസ്കാരിക രംഗത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വിയോഗംമൂലമുണ്ടായ വിടവ് എളുപ്പം നികത്താനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Jan 20, 2021, 7:09 PM IST
Post your Comments