നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ട കോടതി വിധിയിൽ തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ കൂട്ടായ്മ പ്രതിഷേധം സംഘടിപ്പിച്ചു
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ട കോടതി വിധിയിൽ തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ കൂട്ടായ്മ പ്രതിഷേധം സംഘടിപ്പിച്ചു. അവൾക്കൊപ്പം എന്ന പേരിലായിരുന്നു കൂട്ടായ്മ. തിരുവനന്തപുരത്ത് മാനവീയം വീഥിയിലാണ് പരിപാടി നടന്നത്. പെൺ സൗഹൃദ വേദിയാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ സംഘമം നടത്തിയത്. കോടതി വിധി നിരാശ ഉണ്ടാക്കുന്നതെന്നും, പൊതു സമൂഹത്തിനു മുന്നിൽ ദിലീപ് കുറ്റക്കാരൻ ആണെന്നും പരിപാടിയിൽ സംസാരിച്ച അജിത പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചനയിൽ നടൻ ദിലീപിനെ കോടതി വെറുതെ വിട്ടതോടെ അതിജീവിത നീതിനിഷേധത്തിന്റെ ഷോക്കില്‍ ആണെന്ന് സുഹൃത്തുക്കൾ പ്രതികരിച്ചിരുന്നു. അവൾക്കൊപ്പം ക്യാംപെയ്ൻ വീണ്ടും സജീവമാക്കിയ പെൺകൂട്ടായ്മ വിധിയിൽ കടുത്ത വിമർശനമാണ് ഉയർത്തുന്നത്. വിധി പകർപ്പ് പരിശോധിച്ച് ഹൈക്കോടതിയിൽ അപ്പീലിനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സർക്കാരെങ്കിലും കടുത്ത നിരാശയിൽ തുടരുന്ന അതിജീവിത അക്കാര്യം തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം.
അവൾക്കൊപ്പമുള്ള നീതിക്കായുള്ള കാത്തിരിപ്പിന് ഫലം കാണുമെന്ന് പ്രതീക്ഷിച്ച എല്ലാവരും നിരാശയിലാണ്. ക്രൂരകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മുഴുവൻ പ്രതികൾക്കെതിരെയും എല്ലാ വകുപ്പുകളും തെളിഞ്ഞെങ്കിലും അതിന് കാരണക്കാരനായ വ്യക്തി ആരെന്നതിന് ഉത്തരമായിട്ടില്ല. നടിയും പ്രോസിക്യൂഷനും ആരോപിച്ചതും വിശ്വസിച്ചതുമായ വ്യക്തി കേസിൽ കുറ്റവിമുക്തനായി. അതിജീവിതയുടെ വർഷങ്ങളുടെ പോരാട്ടത്തിന്റെ കയ്പേറിയ അനുഭവങ്ങൾ ഓർത്തെടുത്തവർ കടുത്ത നിരാശയിലാണ്. ദിലീപിനെ കുറ്റവിമുക്തനാക്കിയ വധിയിൽ അപ്പീലിനെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അവൾക്കൊപ്പം ഉറച്ചു നിൽക്കുമെന്ന് റിമ കല്ലിങ്കൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. എന്ത് നീതിയെന്നും വിദഗ്ധമായ തിരക്കഥയെന്നും വിധിയെ വിമർശിച്ച് പാർവ്വതി തിരുവോത്ത് പ്രതികരിച്ചു. നിയമം നീതിയുടെ വഴിക്ക് പോകട്ടെയെന്ന അമ്മ പോസ്റ്റിന് പിന്നാലെയായിരുന്നു ഡബ്ല്യൂസിസിയുടെ നേതൃനിരയിലുള്ളവർ നിലപാട് അറിയിച്ചത്.



