Asianet News MalayalamAsianet News Malayalam

'മഞ്ജു വാര്യരുമായുള്ള സംഭാഷണം ആ ഫോണിലുണ്ട്, തരാനാകില്ല', ദിലീപ് ഹൈക്കോടതിയിൽ

ബാലചന്ദ്രകുമാറുമായിട്ടുള്ള സംഭാഷണം താനും റെക്കോഡ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് അത് ശേഖരിക്കാനായി താനാ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് കൊടുത്തിരിക്കുകയാണ്. തന്‍റെ ഡിഫൻസിന് ഈ ഫോൺ അനിവാര്യമാണ്. അതിനാൽ അന്വേഷണസംഘത്തിന് കൈമാറാനാകില്ല എന്ന് ദിലീപ് ഹൈക്കോടതിയിൽ.

Actress Attack Case Dileep Anticipatory Bail Plea In High Court Live Updates
Author
Kochi, First Published Jan 28, 2022, 2:38 PM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് തന്‍റെ ഫോൺ അന്വേഷണസംഘത്തിന് കൈമാറാനാകില്ലെന്ന് നടൻ ദിലീപ് ഹൈക്കോടതിയിൽ വ്യക്തമാക്കി. തന്‍റെ മുൻഭാര്യ മഞ്ജുവാര്യരുമായും കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായിട്ടുള്ള സ്വകാര്യസംഭാഷണങ്ങൾ ആ ഫോണിലുണ്ടെന്നും അത് അന്വേഷണസംഘം ദുരുപയോഗം ചെയ്താൽ അത് തന്‍റെ സ്വകാര്യതയെ ബാധിക്കുമെന്നുമാണ് ദിലീപ് വാദിച്ചത്. എന്നാൽ അന്വേഷണസംഘത്തെയും പ്രോസിക്യൂഷനെയും വിശ്വാസമില്ലെങ്കിൽ ഈ ഫോൺ കോടതിയിൽ ഹാജരാക്കിക്കൂടേ എന്ന് ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസ് പി ഗോപിനാഥിന്‍റെ സിംഗിൾ ബഞ്ചാണ് കേസ് പരിഗണിച്ചത്. 

സംസ്ഥാനസർക്കാർ നൽകിയ ഉപഹർജി പരിഗണിക്കവേയാണ് ദിലീപ് ഇത്തരത്തിലുള്ള വാദമുഖങ്ങൾ ഹൈക്കോടതിയിൽ ഉന്നയിച്ചത്. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, ദിലീപ് ഉപയോഗിച്ച ഫോണുകൾ അന്വേഷണസംഘത്തിന് നൽകാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് സർക്കാർ ഉപഹർജി നൽകിയത്. 

ദിലീപിന്‍റെ വസതിയിൽ നിന്ന് അന്വേഷണസംഘം പിടിച്ചെടുത്ത ഫോണുകൾ പുതിയ ഫോണുകളാണ്. 2022 ജനുവരിയിൽ മാത്രമാണ് ആ ഫോണുകൾ ദിലീപും സഹോദരൻ അനൂപും ഉപയോഗിച്ച് തുടങ്ങിയത്. എന്നാൽ അതിന് മുമ്പ് ദിലീപ് ഉപയോഗിച്ച ഫോണുകൾ കേസിൽ നിർണായകമാണ് എന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്. 

ദിലീപ് ഉപയോഗിച്ചിരുന്ന രണ്ട് ആപ്പിൾ ഫോൺ, ഒരു വിവോ ഫോൺ, ദിലീപിന്‍റെ സഹോദരൻ അനൂപ് ഉപയോഗിച്ചിരുന്ന രണ്ട് ഹുവായ് ഫോൺ എന്നിവ അന്വേഷണം തുടങ്ങിയപ്പോൾ മാറ്റിയെന്നും അന്വേഷണസംഘത്തിന് മുൻപിൽ ഹാജരാക്കിയത് പുതിയ ഫോണുകളാണെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ പറയുന്നു. എന്നാൽ ഈ ഫോണുകൾ മാറ്റിയെന്ന കാര്യത്തിൽ ദിലീപ് തർക്കിക്കുന്നില്ല. പക്ഷേ, ഫോൺ കൈമാറുന്നത് തന്‍റെ സ്വകാര്യതയെ ബാധിക്കുന്നതാണ് എന്നാണ് ദിലീപ് പറയുന്നത്.  

'സ്വകാര്യത പ്രധാനം'

തന്‍റെ മുൻ ഭാര്യ മഞ്ജു വാര്യരുമായി സംസാരിച്ച സംഭാഷണങ്ങൾ ആ ഫോണിലുണ്ട്. അത് അന്വേഷണസംഘത്തിന് കിട്ടിയാൽ, അത് അവർ ദുരുപയോഗം ചെയ്യും. അവരത് പുറത്തുവിട്ടാൽ തനിക്ക് അത് ദോഷം ചെയ്യും. തന്‍റെ കയ്യിൽ ആ ഫോണില്ലെന്ന് തനിക്ക് വേണമെങ്കിൽ വാദിക്കാമായിരുന്നു. അത് ചെയ്തിട്ടില്ല. തനിക്ക് ഒളിക്കാൻ ഒന്നുമില്ല. കോടതിയെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമമാണ് പ്രോസിക്യൂഷൻ നടത്തുന്നതെന്നും ദിലീപ് കോടതിയിൽ ആരോപിക്കുന്നു. 

ഇപ്പോൾ തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച സംവിധായകൻ ബാലചന്ദ്രകുമാറുമായിട്ടുള്ള സംഭാഷണം താനും റെക്കോഡ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് അത് ശേഖരിക്കാനായി താൻ ആ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് കൊടുത്തിരിക്കുകയാണ്. തന്‍റെ ഡിഫൻസിന് ഈ ഫോൺ അനിവാര്യമാണ്. അതിനാൽ അന്വേഷണസംഘത്തിന് കൈമാറാനാകില്ല എന്ന് ദിലീപ് ഹൈക്കോടതിയിൽ പറയുന്നു. 

എന്നാൽ നിങ്ങൾക്ക് കോടതിയിൽ വിശ്വാസമില്ലേ എന്നാണ് ഹൈക്കോടതി ചോദിക്കുന്നത്. ആർക്കാണ് ഈ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് നൽകേണ്ടത് എന്ന കാര്യം തീരുമാനിക്കേണ്ടത് ദിലീപാണോ എന്നും കോടതി ചോദിക്കുന്നു. ഹൈക്കോടതി റജിസ്ട്രിയിൽ ഈ ഫോൺ എന്തുകൊണ്ട് നൽകുന്നില്ല? മറ്റൊരാൾക്ക് ഫോൺ പരിശോധനയ്ക്ക് കൊടുത്തത് വഴി നിങ്ങൾ എടുത്തത് വലിയ റിസ്കല്ലേ എന്നും കോടതി ചോദിക്കുന്നു. 

അതേസമയം, കേസിലെ ഗൂഢാലോചന സംബന്ധിച്ചുള്ള വാദങ്ങൾ നിലനിൽക്കുമോ എന്ന സംശയവും കോടതി ആവർത്തിക്കുന്നു. ഇന്ന് ദിലീപിന്‍റെ ഫോണുകൾ വേണമെന്ന് അന്വേഷണ സംഘം പറയുന്നു. എന്നാൽ അത് ഫോറൻസിക് വിദഗ്ധർക്ക് കൊടുത്തിരിക്കുകയാണെന്ന് ദിലീപ് പറയുന്നു. നാളെ പ്രോസിക്യൂഷൻ ഈ ഫോണുകളിലെ ഡിജിറ്റൽ തെളിവുകളെല്ലാം നശിപ്പിക്കപ്പെട്ടുവെന്ന് പറയും - കോടതി നിരീക്ഷിക്കുന്നു. 

തന്‍റെ അഭിഭാഷകനായ രാമൻപിള്ളയെ കേൾക്കണമെന്നാണ് ദിലീപ് ആവശ്യപ്പെടുന്നത്. അദ്ദേഹം ഇന്ന് ഹാജരല്ല. കോടതിയിൽ മറുപടി ഫയൽ ചെയ്യാൻ തിങ്കളാഴ്ച വരെ സമയം തരണം. ബാലചന്ദ്രകുമാർ ബ്ലാക് മെയിൽ ചെയ്യാൻ ശ്രമിച്ചതിന്‍റെ തെളിവുകൾ തന്‍റെ കയ്യിലുണ്ട്. തന്‍റെ സ്വകാര്യസംഭാഷണങ്ങളും അഭിഭാഷകരുമായുള്ള സംഭാഷണങ്ങളും ഫോണിലുണ്ട് എന്നാണ് ദിലീപ് പറയുന്നത്.

എന്നാൽ അന്വേഷണവുമായി ദിലീപ് സഹകരിക്കുന്നില്ല എന്ന് സർക്കാർ വാദിക്കുന്നു. കോടതി ഉത്തരവില്ലായിരുന്നെങ്കിൽ ഈ ഫോൺ നേരത്തേ പിടിച്ചെടുക്കുമായിരുന്നുവെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു. ഈ ഫോണുകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാൻ ദിലീപിന് ഉത്തരവാദിത്തമുണ്ട് എന്ന് സുപ്രീംകോടതി വിധികൾ ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ പറയുന്നു. 

'പന്തീരായിരത്തോളം കോളുകൾ പഴയ ഫോണിൽ'

ഇപ്പോൾ ഡിജിറ്റൽ തെളിവുകൾ കിട്ടിയേ തീരൂ എന്നാണ് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നത്. ദിലീപ് അത് നശിപ്പിക്കില്ല എന്ന് എന്താണ് ഉറപ്പ്? പന്ത്രണ്ടായിരത്തോളം കോളുകൾ പഴയ ഫോണിൽ ഉണ്ട്. എന്നാൽ ഇപ്പോൾ പിടിച്ചെടുത്ത പുതിയ ഫോണിൽ വളരെ കുറവ് ഡാറ്റയേ ഉള്ളൂ. സ്വകാര്യ ഫോറൻസിക് വിദഗ്ധന് ദിലീപ് കൈമാറിയ ഫോണിലെ തെളിവ് നശിപ്പിച്ചാൽ പിന്നെ അന്വേഷണസംഘത്തിന് ബുദ്ധിമുട്ടാകുമെന്നും സർക്കാരിനും ക്രൈംബ്രാഞ്ചിനും വേണ്ടി ഹാജരായ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞത്. അന്വേഷണത്തോട് സഹകരിക്കാത്തതിനാൽ ദിലീപിനും കൂട്ടുപ്രതികൾക്കും നൽകിയ സംരക്ഷണം കോടതി പിൻവലിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. 

എന്നാൽ തനിക്ക് എതിരെ കേസെടുക്കാൻ ക്രൈംബ്രാഞ്ചിന്‍റെ പക്കലൊരു തെളിവുമില്ലെന്നും, തനിക്കെതിരെ മാധ്യമ, പൊലീസ് വേട്ടയാണ് നടക്കുന്നതെന്നും ദിലീപ് ആരോപിക്കുന്നു. ഫോണിലെ ഉള്ളടക്കത്തെക്കുറിച്ചും വ്യക്തമായി ഒന്നും ഉന്നയിക്കാൻ അന്വേഷണസംഘത്തിനായിട്ടില്ല എന്നും ദിലീപ് പറ‍യുന്നു.

എന്നാൽ നിങ്ങൾക്കനുകൂലമായ തെളിവുകളാണ് ആ ഫോണിലുള്ളതെങ്കിൽ കോടതിയിൽ ആ ഫോണുകൾ നൽകൂ എന്നാണ് കോടതി പറഞ്ഞത്. പ്രഥമദൃഷ്ട്യാ നിങ്ങൾക്കൊപ്പമാണ് ഞാനെന്നും ഹൈക്കോടതി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് പറഞ്ഞു. 

ഹൈക്കോടതി പ്രോസിക്യൂഷനൊപ്പമാണ് എന്ന് പറഞ്ഞപ്പോൾ കോടതി ആവശ്യപ്പെട്ടാൽ ഫോണുകൾ നൽകാമെന്ന നിലപാടിലേക്ക് ദിലീപിന്‍റെ അഭിഭാഷകർ മാറി. എവിടെ ആണ് ഫോണുകൾ  പരിശോധനയ്ക്ക് കൊടുത്തത് എന്നതിന്‍റെ വിവരങ്ങൾ ദിലീപ് കോടതിയിൽ ഹാജരാക്കി. എന്നാൽ ആ രേഖകൾ എല്ലാം ദിലീപിന്‍റെ അഭിഭാഷകന് തന്നെ ഹൈക്കോടതി തിരികെ നൽകി. 

കേസന്വേഷണത്തിന് ഫോൺ ആവശ്യമായി വന്നേക്കാമെന്ന് പറഞ്ഞ കോടതി ഇത് ഹൈക്കോടതി റജിസ്ട്രിയ്ക്ക് മുമ്പാകെ സമർപ്പിച്ചുകൂടേ എന്ന് വീണ്ടും ചോദിച്ചു. ഇത് തെറ്റായ കീഴ്‍വഴക്കം സൃഷ്ടിക്കുമെന്നും കോടതി ആവശ്യപ്പെട്ടാൽ സമർപ്പിക്കാമെന്നും ദിലീപിന്‍റെ അഭിഭാഷകർ വ്യക്തമാക്കി. ഇന്നത്തെ നടപടികൾ പൂ‍ർത്തിയാക്കി കേസിലെ വാദം നാളെ രാവിലെ 11 മണിയിലേക്ക് മാറ്റി. 

അതേസമയം, കേസിന്‍റെ വാദം നടക്കവേ തന്നെ, കേസിലെ പ്രധാന സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാറിനെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ചിലെ ഓഫീസിൽ മൊഴിയെടുക്കാൻ അന്വേഷണസംഘം വിളിച്ച് വരുത്തുകയും ചെയ്തു. കേസിലെ അന്വേഷണപുരോഗതി റിപ്പോർട്ട് കോടതിക്ക് മുമ്പാകെ ക്രൈംബ്രാഞ്ച് സമർപ്പിച്ചിട്ടുണ്ട്. എന്താകും നാളെ ഫോൺ കൈമാറുന്നതിൽ ഹൈക്കോടതിയുടെ തീരുമാനമെന്നത്, കേസിൽ നിർണായകമാവും. 

Follow Us:
Download App:
  • android
  • ios