കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിസ്താരം വെള്ളിയാഴ്ച വരെ തടഞ്ഞ് ഹൈക്കോടതി.  വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയും സര്‍ക്കാരും നൽകിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി തീരുമാനം. ഹര്‍ജിയിൽ ഹൈക്കോടതി വിശദമായ വാദം കേൾക്കും. ആക്രമിക്കപ്പെട്ട നടിയും സര്‍ക്കാരും വിചാരണകോടതിക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളാണ് ഹൈക്കോടതിയിൽ ഉന്നയിച്ചത്. 

വിചാരണ കോടതിയിൽ വിശ്വാസം ഇല്ലെന്ന് പറഞ്ഞ് പ്രോസിക്യൂഷൻ കോടതിയിൽ നിന്ന് ഇറങ്ങി പോകുന്ന സാഹചര്യം വരെ ഉണ്ടായിരുന്നതിനാൽ  നിലവിൽ വിസ്താരം നടക്കുന്നില്ല. സാക്ഷികൾ ആക്ഷേപിക്കപ്പെട്ടതിനാൽ പലരും കോടതിയിലേക്ക് വരാൻ പോലും തയ്യാറാകുന്നില്ലെന്നായിരുന്നു നടിയുടെ വാദം. പല സാക്ഷികളേയും ആക്ഷേപിച്ചിട്ടും കോടതി ഇടപെട്ടില്ല. സാക്ഷികൾ കോടതിയിൽ വരാൻ തയ്യാറായി ഇരിക്കുന്നു എന്നും നടി അറിയിച്ചു. നടി നൽകിയ സത്യവാങ്മൂലം കിട്ടിയെന്ന് കോടതി പറഞ്ഞു. മുദ്രവച്ച കവറിൽ സര്‍ക്കാരും രേഖകൾ സമര്‍പ്പിച്ചിട്ടുണ്ട്. 

അനാവശ്യ പരാമര്‍ശങ്ങൾ പോലും വിചാരണ കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായി എന്ന് സര്‍ക്കാര്‍ അറിയിച്ചു. രേഖകൾ കിട്ടിയില്ല. ഫൊറൻസിക് പരിശോധന ഫലം സംബന്ധിച്ച കാര്യങ്ങൾ പോലും ഇരുട്ടിൽ വയ്ക്കുകയാണ്. ഫോറൻസിക് ലാബിലേക്ക് ഒരു ഘട്ടത്തിൽ വിചാരണ കോടതി ജഡ്ജി നേരിട്ട് വിളിക്കുന്ന സാഹചര്യം വരെ ഉണ്ടായെന്നും ഹൈക്കോടതിയെ അറിയിച്ചു.വിചാരണക്കോടതി ജഡ്ജിക്ക് പക്ഷപാതിത്തം ഉണ്ടെന്ന് പറയാനാകുമോ എന്ന് കേസ് പരിഗണിച്ച ഹൈക്കോടതി ചോദിച്ചു. വിചാരണയുമായി മുന്നോട്ട് പോകാൻ ജഡ്ജിക്ക് താൽപര്യം ഉണ്ടോ എന്ന് അന്വേഷിക്കണമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.  പുതിയ ജഡ്ജി ആരാകണമെന്ന് പറയുന്നില്ല. പക്ഷെ ഒരടിപോലും മുന്നോട്ട് പോകാനാകാത്ത സാഹര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്നാണ് വിശദമായ വാദം വെള്ളിയാഴ്ച കേൾക്കാമെന്ന് ഹൈക്കോടതി അറിയിച്ചത്. 

തുടര്‍ന്ന് വായിക്കാം: ആക്രമിക്കപ്പെട്ട നടിയുടേയും മഞ്ജുവിന്റെയും മൊഴി രേഖപ്പെടുത്തുന്നതിൽ വീഴ്ച, വിചാരണക്കോടതിക്കെതിരെ സർക...
 

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സർക്കാർ ഉന്നയിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയുടേയും മഞ്ജു വാര്യരുടേയും മൊഴി രേഖപ്പെടുത്തുന്നതിൽ വിചാരണക്കോടതിയ്ക്ക് വീഴ്ച പറ്റിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ആക്രമിക്കപ്പെട്ട നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിലും കോടതിക്ക് പിഴവുപറ്റി. തന്നെ വകവരുത്തുമെന്ന് ദീലിപ് നടി ഭാമയോട് പറഞ്ഞതായി ആക്രമിക്കപ്പെട്ട നടി മൊഴി നൽകിയിരുന്നു. എന്നാൽ ഇക്കാര്യവും രേഖപ്പെടുത്താൻ വിചാരണക്കോടതി തയാറായില്ലെന്നാണ് പരാതി