Asianet News MalayalamAsianet News Malayalam

Actress Attack Case : നടിയെ ആക്രമിച്ച കേസ്; ദിലീപടക്കമുള്ളവരുടെ ശബ്ദം തിരിച്ചറിഞ്ഞ് മഞ്ജു, നിര്‍ണായകം

ഒരു പെണ്ണിനെ രക്ഷിക്കാൻ ശ്രമിച്ചതിനാണ് താൻ ഈ ശിക്ഷ അനുഭവിക്കുന്നതെന്ന ദിലീപിന്‍റെ ഓഡിയോ അടക്കം ബാലചന്ദ്ര കുമാർ അന്വേഷണ സംഘത്തിന് കൈമാറിയ ഓഡിയോകൾ സ്ഥിരീകരിക്കുന്നതിനാണ് മഞ്ജു വാര്യരുടെ മൊഴിയെടുത്തത്.

Actress Attack Case investigation team recorded manju warriers statement
Author
Kochi, First Published Apr 10, 2022, 11:21 AM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ  (Actress Attack Case) മഞ്ജു വാര്യരുടെ മൊഴിയെടുത്ത് അന്വേഷണ സംഘം. ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ റെക്കോ‍ർഡിലുള്ളത് ദിലീപിന്‍റെ ശബ്ദമാണെന്ന് മഞ്ജു വാര്യർ തിരിച്ചറിഞ്ഞു. കേസിൽ കാവ്യ മാധവന്‍റെ (Kavya Madhavan) ചോദ്യം ചെയ്യൽ നാളെ എവിടെ നടക്കുമെന്നതിൽ ഇന്ന് വൈകിട്ട് തീരുമാനമാകും.

ഒരു പെണ്ണിനെ രക്ഷിക്കാൻ ശ്രമിച്ചതിനാണ് താൻ ഈ ശിക്ഷ അനുഭവിക്കുന്നതെന്ന ദിലീപിന്‍റെ ഓഡിയോ അടക്കം ബാലചന്ദ്ര കുമാർ അന്വേഷണ സംഘത്തിന് കൈമാറിയ ഓഡിയോകൾ സ്ഥിരീകരിക്കുന്നതിനാണ് മഞ്ജു വാര്യരുടെ മൊഴിയെടുത്തത്. കഴിഞ്ഞ ദിവസം പ്രത്യേക സംഘം ഡിവൈഎസ്പി ബൈജു പൗലോസിന്‍റെ നേതൃത്വത്തിലാണ് നടപടി. ദിലീപിന് പുറമെ അനൂപ്, സുരാജ് അടക്കമുള്ളവരുടെയും ശബ്ദം മഞ്ജു തിരിച്ചറിഞ്ഞിട്ടുണ്ട്.  ബാലചന്ദ്രകുമാർ ഹാജരാക്കിയതിൽ രണ്ട് ശബ്ദമൊഴി മറ്റൊന്നും തന്‍റെതല്ലെന്നായിരുന്നു ദിലീപ് മൊഴി നൽകിയത്. ഇക്കാര്യം മഞ്ജു വാര്യർ തള്ളിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ ഇപ്പോൾ പുറത്ത് വന്ന ഡിജിറ്റൽ തെളിവുകളിലും മഞ്ജുവിൽ നിന്ന് വ്യക്തത തേടിയിട്ടുണ്ട്. 

2012 മുതൽ ആക്രമിക്കപ്പെട്ട നടിയുമായി ദിലീപിനുള്ള പ്രശ്നത്തിൽ ചില നിർണ്ണായക വിവരങ്ങളും മഞ്ജു വാര്യർ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. കേസിൽ കാവ്യ മാധവന്‍റെ ചോദ്യം ചെയ്യൽ നാളെ നടക്കാനിരിക്കെയാണ് മഞ്ജു വാര്യരുടെ മൊഴി വീണ്ടുമെടുത്തത്. കാവ്യയുടെ ചോദ്യം ചെയ്യൽ എവിടെ എന്നതിൽ ഇന്ന് തീരുമാനമാകും. സാക്ഷിയായി വിളിക്കുന്ന സ്ത്രീകളെ പോലീസ് സ്റ്റേഷനുകളിൽ വിളിച്ച് മൊഴി എടുക്കരുതെന്ന് ചട്ടം ഉള്ളതിനാൽ കാവ്യ മാധവൻ നിർദ്ദേശിക്കുന്ന സ്ഥലത്താകും ചോദ്യം ചെയ്യൽ. ദിലീപ് ഉൾപ്പെട്ട വധ ഗൂഢാലോചന കേസിൽ അഭിഭാഷകരെ ചോദ്യം ചെയ്യാൻ നാളെ നോട്ടീസ് നൽകും.  ഫിലിപ് ടി വർഗീസ്, സുജേഷ് മേനോൻ എന്നിവരെയാണ് ചോദ്യം ചെയ്യുക.

കേസിലെ ഗൂഡാലോചനയെക്കുറിച്ച് കാവ്യയ്ക്ക് എല്ലാം അറിയാമെന്നാണ് ബാലചന്ദ്ര കുമാർ അടക്കമുള്ളവരുടെ മൊഴി. ഇത് സംബന്ധിച്ച ചില ഓഡിയോ സംഭാഷണവും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് കുരുക്കായി കൂടുതല്‍ ശബ്ദരേഖകളാണ് ഇന്നലെ പുറത്ത് വന്നത്. നടൻ ദിലീപും സുഹൃത്ത് ബൈജു ചെങ്ങാമനാടും തമ്മിൽ നടന്നതെന്ന് കരുതപ്പെടുന്ന ഒരു ഫോൺ സംഭാഷണം കൂടി പുറത്തുവന്നു. ഇത് താൻ അനുഭവിക്കേണ്ട ശിക്ഷല്ലെന്നും ഒരു സ്ത്രീ അനുഭവിക്കേണ്ടത് ആയിരുന്നുവെന്നും സംഭാഷണത്തിൽ പറയുന്നു. 2017ൽ നടന്നതാണ് ഈ സംഭാഷണം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

ദിലീപിന് വേണ്ടി സാക്ഷിയെ സ്വാധീനിക്കുന്ന മൊബൈൽ ഫോണ്‍ സംഭാഷണവും പുറത്ത് വന്നിരുന്നു. ഡോക്ടർ ഹൈദരലിയും ദിലീപിന്‍റെ സഹോദരി ഭർത്താവ് സൂരജും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. ദിലീപിന് അനുകൂലമായി മൊഴി നൽകാൻ സൂരജ് ഡോക്ടറിനോട് ആവശ്യപ്പെടുന്നതാണ് സംഭാഷണം. നടി ആക്രമിക്കപ്പെടുമ്പോൾ ആലുവയിലെ ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു എന്നാണ് ദിലീപിന്‍റെ വാദം. ഇങ്ങനെയായിരുന്നു ആദ്യം ദിലീപ് മൊഴി നൽകിയിരുന്നത്.

എന്നാലിത് തെറ്റാണെന്ന് പിന്നീട് അന്വേഷണ സംഘം കണ്ടെത്തി. ദിലീപ് അഡ്മിറ്റ് ആയിരുന്നില്ലെന്ന് ഡോക്ടർ ഹൈദരലി ആദ്യം മൊഴി നൽകിയിരുന്നു. ഈ മൊഴി തിരുത്താനാണ് ആവശ്യപ്പെടുന്നത്. രേഖകൾ പൊലീസിന്റെ കൈവശം ഉണ്ടെന്ന് ഡോക്ടർ പറയുമ്പോൾ ആ തെളിവിന്  പ്രസക്തിയില്ല, കോടതിക്ക്  നൽകുന്ന മൊഴിയാണ് ഇനി പ്രധാനമെന്നു സൂരജ് മറുപടി നൽകുന്നു. പ്രശ്നങ്ങളൊന്നുമില്ലാതെ വക്കീൽ നോക്കുമെന്നും ഡോക്ടർ വക്കീൽ പഠിപ്പിക്കുന്നതപോലെ പറഞ്ഞാൽ മതിയെന്നും സംഭാഷണത്തിലുണ്ട്.

പ്രോസിക്യൂഷൻ സാക്ഷിയായ ഡോക്ടർ പിന്നീട് കൂറ് മാറി ദിലീപിന് അനുകൂലമായി മൊഴി നൽകിയിരുന്നു. അതിനിടെ, കേസിലെ തെളിവ് നശിപ്പിച്ചെന്ന ആരോപണത്തിൽ ദിലീപിന്‍റെ മൂന്ന് അഭിഭാഷകർക്ക് കേരള ബാർ കൗസിൽ നോട്ടീസ് നൽകി. അതിജീവിത നൽകി പരാതിയിലാണ് നടപടി. സീനിയർ അഭിഭാഷകനായ ബി രാമൻ പിള്ള, ഫിലിപ് ടി വർഗീസ്, സുജേഷ് മോനോൻ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. നടിയുടെ ആരോപണത്തിൽ രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ വ്യക്തമാക്കിയിട്ടുള്ളത്. വിചാരണ നടക്കുന്ന കേസിൽ 20 സാക്ഷികളെ അഭിഭാഷകൻ ഇടപെട്ട് കൂറ് മാറ്റിയെന്നും കോടതിയെ സഹായിക്കണ്ട അഭിഭാഷകനിൽ നിന്ന് നീതി തടയുന്ന പ്രവർത്തിയാണുണ്ടായതെന്നും നടിയുടെ പരാതിയിലുണ്ട്.  

Follow Us:
Download App:
  • android
  • ios