നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി. പൾസർ സുനിയും ദിലീപും തമ്മിൽ നേരിൽ കണ്ടതിന് തെളിവില്ല. 6 സ്ഥലങ്ങളിൽ കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ ആരോപണം.
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി വിധി ന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പൾസർ സുനിയും ദിലീപും ഗൂഢാലോചന നടത്തിയെന്ന പ്രോസിക്യൂഷൻ വാദം തള്ളി കൊണ്ടാണ് നടിയെ ആക്രമിച്ച കേസിലെ വിധിന്യായം. ദിലീപും പൾസർ സുനിയും തമ്മിൽ നേരിൽ കണ്ടതിനും ഗൂഢാലോചന നടത്തിയതിനും തെളിവില്ലെന്ന് വിധിന്യായം കോടതി ചൂണ്ടിക്കാണിക്കുന്നു. സൗണ്ട് തോമ സെറ്റിൽ സുനിയും ദിലീപും കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷനായില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു. ദിലീപ് ഉണ്ടായിരുന്ന സ്ഥലങ്ങളിൽ പൾസർ സുനിയുടെ സാന്നിദ്ധ്യം തെളിയിക്കാൻ പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകളുടെ പേരിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതി രൂക്ഷമായ വിമർശനവും ഉന്നയിച്ചു.
കേസിലെ ഒന്നും പ്രതി പൾസർ സുനിയും എട്ടാം പ്രതി ദിലീപും തമ്മില്‍ പരിചയപ്പെടുന്നത് സൗണ്ട് തോമ ലൊക്കേഷനിലാണെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. അക്കാലത്ത് മുകേഷിന്‍റെ ഡ്രൈവറായിരുന്നു സുനി. സെറ്റിലെ ഗുണ്ടാ ശല്യം പരിഹരിക്കാൻ സുനി സഹായിക്കുകയും അങ്ങനെ ദിലീപുമായി ബന്ധം തുടങ്ങുകയും ചെയ്തെന്ന വാദത്തിന് തെളിവായി പ്രോസിക്യൂഷൻ ഹാജരാക്കിയത് ഒരു വൗച്ചറായിരുന്നു. സുനിൽ കുമാർ ഗുണ്ട എന്നെഴുതിയ വൗച്ചറിൽ 650 രൂപ നൽകിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ജൂനിയർ ആർട്ടിസ്റ്റുകൾക്ക് പ്രതിഫലം നൽകുന്ന വൗച്ചറാണ് ഇതെന്നും അതിന് മുമ്പും ശേഷവുമുള്ള വൗച്ചറുകൾ വച്ച് പ്രതിഭാഗം വാദിച്ചു. അതേക്കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍റെ മറുപടി. പൾസർ സുനി തന്നെയാണ് വൗച്ചറിലെ സുനിൽകുമാർ എന്ന് സ്ഥാപിക്കാനുള്ള നാണം കെട്ട നടപടി എന്നാണ് വിധിയിൽ ഇതേക്കുറിച്ച് കോടതിയുടെ പരാമർശം.
ദിലീപിനെ ഹോട്ടൽ ആർക്കേഡിയയിലും സെറ്റിലും വച്ച് കണ്ടെന്ന വാദം തെളിയിക്കാനുള്ള രേഖകളും ഹാജരാക്കാൻ അന്വേഷണസംഘത്തിനായില്ല. ഡ്രൈവർമാർ ഹോട്ടലിൽ താമസിച്ചിട്ടില്ല എന്ന് ജീവനക്കാർ മൊഴി നൽകുകയും ചെയ്തു. ജോർജേട്ടൻസ് പൂരം ഷൂട്ടിങ് നടക്കുന്പോൾ തൃശ്ശൂർ ജോയ് പാലസിലെ പാർക്കിങിൽ വച്ച് സുനിൽ ദിലീപിനെ കണ്ടെന്ന ആരോപണവും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. തോപ്പുംപടി സിഫ്റ്റ് ജംഗ്ഷനിൽ ഇരുവരും കാരവനിൽ വച്ച് കൂടിക്കാഴ്ച നടത്തിയെന്ന് ആരോപണമുണ്ടായിരുന്നെങ്കിലും ടവർ ലൊക്കേഷൻ വച്ച് ഇത് തെളിയിക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞില്ല. ഗൂഢാലോചനയുടെ തെളിവുകൾ ഹാജരാക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞില്ലെന്ന വാദത്തിന് ബലംപകരുന്നതാണ് വിധിന്യായത്തിന്‍റെ പുറത്തുവരുന്ന ഭാഗങ്ങൾ.
എന്നാൽ എല്ലാത്തിനും തെളിവുണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പ്രോസിക്യൂഷൻ. എട്ടാം പ്രതി ദിലീപടക്കമുള്ളവരെ വെറുതെവിട്ട ഉത്തരവിനെതിരെ അപ്പീൽ സാധ്യതകൾ വ്യക്തമാക്കുന്ന റിപ്പോർട് സ്പെഷ്യൽ പ്രോസിക്യൂട്ടർ തയറാക്കി. ഈ റിപ്പോർട്ട് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിന് ഉടൻ കൈമാറും. വിചാരണക്കോടതിയുത്തരവ് പരിഗണിച്ച് അപ്പീൽ തയാറാക്കുന്ന നടപടികളും തുടങ്ങിയിട്ടുണ്ട്. ഈയാഴ്ച തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് സർക്കാർ തീരുമാനം.
അപ്പീൽ നടപടികൾ തുടങ്ങി
നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ഉത്തരവിനെതിരായ പ്രോസിക്യൂഷന്‍റെ അപ്പീൽ നടപടികൾ തുടങ്ങി കഴിഞ്ഞു. അപ്പീൽ സാധ്യതാ റിപ്പോർട്ട് ഇന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് ഇന്ന് കൈമാറും. ഈ ആഴ്ച തന്നെ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കാനാണ് സംസ്ഥാന സർക്കാറിന്‍റെ നീക്കം.



