ദില്ലി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണമെന്ന ഹര്‍ജിയിൽ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. വിചാരണ കോടതി മാറ്റാനാകില്ലെന്ന് നിലപാടെടുത്ത സുപ്രീംകോടതി ജഡ്ജിക്കെതിരെ ആരോപണം ഉന്നയിക്കരുതെന്ന വിമര്‍ശനവും ഉന്നയിച്ചു. വിചാരണ കോടതി തീരുമാനത്തിൽ വിയോജിപ്പുണ്ടെങ്കിൽ ഹൈക്കോടതിയെ സമീപിച്ചുകൂടേ എന്നാണ് സുപ്രീംകോടതിയുടെ ചോദ്യം. 

കേസിന്റെ നടപടികൾ വൈകിപ്പിക്കാൻ ശ്രമിച്ചത് ദിലീപാണെന്ന് സർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞു. ജഡ്ജി മോശം പരാമർശം നടത്തിയെന്നും സർക്കാരിന്റെ അഭിഭാഷകൻ വാദിച്ചു. അതേസമയം, കോടതി മാറ്റം പ്രായോഗികമല്ലെന്നും വേണമെങ്കിൽ പ്രോസിക്യൂട്ടറെ മാറ്റാൻ സർക്കാരിന് തീരുമാനിക്കാമെന്നും സുപ്രീംകോടതി നിലപാടെടുത്തു. കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നത് ആവശ്യപ്പെടാനാകില്ല. 

കോടതി വിവേചനപരമായാണ് പെരുമാറുന്നതെന്ന് സർക്കാർ വാദവും സുപ്രീംകോടതി തള്ളി. ജഡ്ജിക്കെതിരെ ഇത്തരത്തിൽ ആരോപണം ഉന്നയിക്കരുത് എന്ന് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച കോടതി വിചാരണ കോടതി തീരുമാനത്തിൽ വിയോജിപ്പുണ്ടെങ്കിൽ ഹൈക്കോടതിയെ സമീപിച്ചുകൂടേ എന്നും ചോദിച്ചു.