കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ  വിചാരണ കൊച്ചിയിലെ പ്രത്യേക കോടതിയിൽ നാളെ തുടങ്ങും. ആക്രമിക്കപ്പെട്ട നടിയുടെ സാക്ഷിവിസ്താരമാണ് നാളെ നടക്കുക. ഇതിനിടെ മുഖ്യ പ്രതി സുനിൽ കുമാർ ജയിലിൽ നിന്ന് ഫോൺവിളിച്ച് ഭീഷണിപ്പെടുത്തിയന്ന സംഭവത്തിൽ പ്രത്യേക വിചാരണ വേണമെന്ന നടന്‍ ദിലീപിന്‍റെ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി.

നടിയെ ആക്രമിച്ച സംഭവത്തിലെ  മുഖ്യ പ്രതി സുനിൽകുമാർ  മറ്റ് രണ്ട് പ്രതികളുമായി ചേർന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവം, നടിയെ ആക്രമിച്ചെന്ന കേസിനൊപ്പം വിചാരണ നടത്തരുതെന്നായിരുന്നു ദിലീപിന്‍റെ ആവശ്യം. രണ്ടും രണ്ട് കേസായി പരിഗണിച്ച് പ്രത്യേക വിചാരണ നടത്തണമെന്നും എട്ടാം പ്രതിയായ  ദിലീപ് ആവശ്യപ്പെട്ടു. എന്നാൽ  ദിലീപ് അനാവശ്യ ഹർജി നൽകി കോടതിയെ ആശയക്കുഴപ്പത്തിലാക്കുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. 

നടിയെ ആക്രമിച്ചതിന് പ്രത്യുപകാരമായി ദിലീപ് നൽകാമെന്നേറ്റ പണത്തിന് വേണ്ടിയാണ് പ്രതികൾ ഫോണിൽ വിളിച്ചത്. അന്വേഷണ സംഘം സമർപ്പിച്ച അന്തിമ റിപ്പോർട്ടിലും ദിലീപിനെ മുഖ്യപ്രതി ഭീഷണിപ്പെടുത്തിയെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി.  കുറ്റം ചുമത്തിയപ്പോൾ വിചാരണ കോടതിയ്ക്ക് സംഭവിച്ച വീഴ്ചയാണിത്. ഈ സാഹചര്യത്തിൽ ദിലീപിനെ പ്രതികൾ ഭീഷണിപ്പെടുത്തിയെന്ന കുറ്റം നീക്കം ചെയ്യാൻ തയ്യാറാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. 

 ദിലീപിൽ നിന്ന് പണം കൈപ്പറ്റാൻ പ്രതികൾ ജയിലിൽ ഗൂഢാലോചന നടത്തിയെന്ന കുറ്റം നിലനിൽക്കുമെന്നും പ്രോസിക്യൂഷൻ അറയിച്ചു. എന്നാൽ ഭീഷണിപ്പെടുത്തിയെന്ന ഭാഗം നീക്കുന്നത് തന്‍റെ വാദങ്ങളെ ദുർബലമാക്കുമെന്നും പ്രത്യേക വിചാരണ തന്നെ വേണമെന്നും ദിലീപ് ആവർത്തിച്ചു. കേസിൽ ഹൈക്കോടതി നാളെ വിധിപറയും. നാളെ  കൊച്ചിയിലെ പ്രത്യേക കോടതിയിൽ വിചാരണ തുടങ്ങാനിരിക്കെയാണ് ദിലീപിന്‍റെ ഹർജി എന്നതും ശ്രദ്ധേയമാണ്. 136 സാക്ഷികളായാണ് ആദ്യഘട്ടത്തിൽ കോടതി വിസ്തരിക്കുന്നത്. 

Read Also: പൾസര്‍ സുനി ഭീഷണിപ്പെടുത്തിയതിന് തെളിവില്ല, ദിലീപ് വിചാരണ തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണെന്നും സർക്കാര്‍